ന്യൂസ് അപ്ഡേറ്റ്സ്

പ്രവർത്തകർ തുലാസിൽ തൂങ്ങി; ആവശ്യത്തിലധികം പഞ്ചസാര തൂക്കി; ഭാരം താങ്ങാൻ വെച്ച സ്റ്റൂൾ മാറ്റി; ശശി തരൂർ വീണു: ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം

തുലാസിൽ ആവശ്യമായതിലധികം പഞ്ചസാര കോൺഗ്രസ്സ് പ്രവർത്തകർ എടുത്തു വെക്കുകയായിരുന്നെന്ന് ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു.

തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിലെ തുലാഭാരത്തിനിടെ തുലാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തിനു പിന്നിലെ കാരണം വിശദീകരിച്ച് ക്ഷേത്രം അധികൃതർ രംഗത്തെത്തി. തരൂരിനൊപ്പം വന്ന കോൺഗ്രസ്സ് പ്രവർത്തകർ നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

തുലാസിൽ ആവശ്യമായതിലധികം പഞ്ചസാര കോൺഗ്രസ്സ് പ്രവർത്തകർ എടുത്തു വെക്കുകയായിരുന്നെന്ന് ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. ഇതുകൂടാതെ പ്രവർത്തകർ തിരക്കുകൂട്ടി ചങ്ങലയിൽ പിടിച്ചു തൂങ്ങുകയും ചെയ്തെന്ന് ക്ഷേത്രം സെക്രട്ടറി ആർപി നായർ പറഞ്ഞു. ഭാരം താങ്ങാനായി വെച്ചിരുന്ന സ്റ്റൂൾ ഇതിനിടെ പ്രവർത്തകരിലാരോ എടുത്തുമാറ്റി. ഭാരം അമിതമായപ്പോൾ ചങ്ങലയുടെ കൊളുത്ത് നിലവരുകയും ത്രാസ് പൊട്ടുകയുമായിരുന്നെന്ന് ആർപി നായർ വിശദീകരിച്ചു.

തലയിൽ പരിക്കേറ്റ ശശി തരൂരിനെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സിടി സ്കാൻ റിപ്പോർട്ട് പ്രകാരം പരിക്ക് സാരമുള്ളതല്ല. നാളെ മുതൽ അദ്ദേഹത്തിന് പ്രചാരണത്തിനിറങ്ങാൻ സാധിക്കും. തലയിൽ ആറ് തുന്നലുകളാണ് ഇട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍