Top

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ 'പ്രവേശനം': ഹൈക്കോടതി തള്ളിയ കേസുമായി ഹിന്ദു മഹാസഭാ നേതാവ് സുപ്രീംകോടതിയിൽ

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ
മുസ്ലിം സ്ത്രീകൾക്ക് മസ്ജിദുകളിൽ പ്രവേശനം നൽകുന്നില്ലെന്നും ഇത് ഭരണഘടനയുടെ 21, 14 ആർട്ടിക്കിളുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയിൽ ഹരജി. ഹിന്ദുമഹാസഭാ നേതാവ് സ്വാമി ദത്താത്രേയ സായ് സ്വരൂപനാഥ് എന്നയാളാണ് ഹരജിക്കാരൻ. ഇതേ ഹരജിയുമായി ദത്താത്രേയ നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് പ്രവേശനമില്ലെന്നതിന് മതിയായ തെളിവ് ഹാജരാക്കാൻ ഹരജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

'അസതോമാ സത്ഗമയ' എന്ന സിദ്ധാന്തപ്രകാരം മുസ്ലിം സ്ത്രീകൾ തന്റെ സഹോദരിമാരാണെന്നും സാഹോദര്യം നിമിത്തമാണ് താൻ ഈ ഹരജിയുമായി മുമ്പോട്ടു വന്നിരിക്കുന്നതെന്നും ദത്താത്രേയ ഹരജിയിൽ പറഞ്ഞു.

സ്ത്രീകളെ പർദ്ദ ധരിക്കാൻ നിർബന്ധിക്കുന്നുണ്ടെന്നും അത് വിലക്കണമെന്നും ദത്താത്രേയയുടെ ഹരജി ആവശ്യപ്പെടുന്നുണ്ട്.

ശബരിമല കേസുമായി ബന്ധപ്പെടുത്തിയാണ് ഹിന്ദുമഹാസഭാ നേതാവ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നത്. എന്നാൽ ഹരജിക്ക് ശബരിമല കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കോടതി കണ്ടെത്തുകയുണ്ടായി.

അഖില ഹിന്ദു മഹാസഭയുടെ ടിക്കറ്റിൽ ഇദ്ദേഹം അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ശ്രീജിത്ത് ടിആർ എന്നാണ് യഥാർത്ഥ പേര്. ആകെ പോൾ‌ ചെയ്ത 141066 വോട്ടിൽ ഇദ്ദേഹത്തിന് 171 വോട്ടുകൾ ലഭിച്ചിരുന്നു.

Next Story

Related Stories