UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് എംടി രമേശ്

“കണ്ണൂർ ജില്ലയിലെ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചാണ് കാര്യം നടത്തിയത്. നിലവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ എല്ലാവരെയും മാറ്റി.”

ആചാരലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ക്രൂരമായി വഞ്ചിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത്. പകൽവെളിച്ചത്തിൽ യുവതികളെ ശബരിമലയിലേക്ക് കയറ്റാൻ നടത്തിയ പരിശ്രമം അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു മുമ്പിൽ പരാജയപ്പെട്ടപ്പോഴാണ് ഇരുട്ടിന്റെ മറവിൽ പ്രച്ഛന്നവേഷധാരികളായ യുവതികളെ വിശ്വസ്തരായ പൊലീസുകാരുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കയറ്റാൻ മുഖ്യമന്ത്രി തയ്യാറായത്. ശബരിമലയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നും രമേശ് പറഞ്ഞു.

ആചാരലംഘനമുണ്ടായെന്ന് സ്ഥിരീകരിച്ചതോടെ ശബരിമല ക്ഷേത്രം അടച്ചിരിക്കുകയാണ്. നട അടച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് രമേശ് സെക്രട്ടറിയറ്റ് നടയിലെ ബിജെപി നിരാഹാരപ്പന്തലിൽ വെച്ച് പറഞ്ഞു. ശബരിമലയിൽ ദർശന നിഷേധത്തിനെതിരായ അയ്യപ്പഭക്തരുടെ പ്രക്ഷോഭം രാജ്യവ്യാപകമായി ഉയരാൻ പോകുകയാണ്. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. ഈ രണ്ട് യുവതികൾ പൊലീസ് സംരക്ഷണത്തോടെ എത്തിയതാണ്. ഇപ്പോൾ മല കയറിയവരിൽ ഒരു യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. അവരെ കുടുംബത്തിന് വിട്ടു കൊടുക്കാതെ സംരക്ഷിച്ചു നിറുത്തുകയായിരുന്നു പൊലീസ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ശബരിമലയിലെ പൊലീസുദ്യോഗസ്ഥർക്കു പോലും സ്ത്രീകൾ മല കയറുന്നതു സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്ന് രമേശ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചാണ് കാര്യം നടത്തിയത്. നിലവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ എല്ലാവരെയും മാറ്റി. സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വസ്തരായ ഉദ്യോഗസ്ഥരെ സന്നിധാനത്ത് ഇന്നലെ വിന്യസിച്ചിരുന്നു. പമ്പയിൽ നിന്ന് ആംബുലൻസ് മാർഗം ഈ സ്ത്രീകളെ കയറ്റിയെന്നാണ് അറിയാൻ കഴിയുന്നത്. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ ആചാരലംഘനം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അജണ്ടയാണെന്ന് ബിജെപി തുടക്കം മുതൽ പറയുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇപ്പോൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ക‌ോടിക്കണക്കിന് അയ്യപ്പഭക്തരെ വെല്ലുവിളിച്ചിരിക്കുന്നു. അവരുടെ വിശ്വാസത്തെ വെല്ലുവിളിച്ചിരിക്കുന്നു. ഇതിനെതിരായി രാജ്യവ്യാപകമായ പ്രതിഷേധം ബിജെപിയും അയ്യപ്പഭക്തരും ഉയര്‍ത്തിക്കൊണ്ടു വരും. ഇന്നും നാളെയുമായി കേരളം മുഴുവനും വലിയ പ്രതിഷേധസമരത്തിന് ബിജെപി നേതൃത്വം കൊടുക്കും. ശബരിമല കർമസമിതി നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും ബിജെപിയുടെ പിന്തുണയുണ്ടാകും. ആചാരലംഘനത്തിന് വഴിയൊരുക്കിയ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിക്കുന്ന പ്രതിഷേധമായിരിക്കും ഇത്. സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞിരിക്കുകയാണ്. അയ്യപ്പഭക്തരെ വെല്ലുവിളിച്ച് അധികാരത്തിലിരിക്കാമെന്ന പ്രതീക്ഷ മുഖ്യമന്ത്രിക്ക് വേണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

കേരളത്തിൽ എല്ലായിടത്തും നാമജപ പ്രതിഷേധമാണ് ഉയരാൻ പോകുന്നതെന്ന് എന്തുതരം പ്രതിഷേധമായിരിക്കും ബിജെപി നടത്തുകയെന്ന ചോദ്യത്തിന് മറുപടിയായി രമേശ് വ്യക്തമാക്കി. യുവതീപ്രകോടതി വ്യവഹാരത്തിന്റെ ഭാഷയിൽ തന്ത്രിയോട് സംസാരിക്കാനാകില്ലെന്ന് എംടി രമേശ് പറഞ്ഞു. അതിന് അദ്ദേഹത്തിന് അവകാശമുണ്ട്. ഇതനുസരിച്ചാണ് തന്ത്രി നടയടച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിക്കാൻ കേസിൽ കക്ഷി കൂടിയായ തന്ത്രി ബാധ്യസ്ഥനല്ലേ എന്ന ചോദ്യത്തിന് കേസിൽ ‘അന്തിമവിധി’ വന്നിട്ടില്ലെന്ന അവകാശവാദമാണ് എംടി രമേശ് ഉയർത്തിയത്. ‘അന്തിമവിധി’ക്കു മുമ്പ് ആചാരലംഘനം നടത്തിയ സർക്കാരിനാണ് അതിന്റെ ഉത്തരവാദിത്വം.

ശബരിമലയില്‍ അചാരം ലംഘിച്ചതിനെ തുടര്‍ന്ന് സ്വാഭാവികമായുള്ള പ്രതിഷേധം ഉയര്‍ന്നു വരുകയാണ് കേരളത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ആരംഭിച്ചു. സംസ്ഥാനമാകെ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം നടത്തും. ലക്ഷകണക്കിന് അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണ്. വികാരം വ്രണപ്പെട്ട അയ്യപ്പ ഭക്തന്മാര്‍ തെരുവിലിറങ്ങും ആ പ്രതിഷേധങ്ങള്‍ക്കെല്ലാം ബിജെപിയുടെ പിന്തുണയുണ്ടാവും. എംടി രമേശ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍