UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഡൽഹി കേരളാ ഹൗസ് റസിഡണ്ട് കമ്മീഷണർ മലയാളി വിരുദ്ധൻ’; മുഖ്യമന്ത്രിക്ക് പരാതി നൽകി മലയാളി സംഘടനകൾ

“കോണ്‍ഫറന്‍സ് ഹാളില്‍ ചായ കുടിക്കുന്നതിനു പോലും, വിവേചനങ്ങളാണുള്ളത്. ചിലര്‍ക്ക് അകത്തുവച്ചു തന്നെ ചായ കുടിക്കാം, പക്ഷെ മറ്റു ചിലര്‍ക്ക് (പ്രത്യേകിച്ചും സാധാരണക്കാര്‍ക്ക്) ഹാളിനു പുറത്തും.”

ഡല്‍ഹി കേരളാ ഹൗസിന്റെ റസിഡണ്ട് കമ്മീഷണർ പുനീത് കുമാർ ഐഎഎസ് മലയാളികളോട് കടുത്ത അവഗണന കാണിക്കുന്നുവെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മലയാളി സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മുതിർന്ന മാധ്യമപ്രവർത്തകനും ഡൽഹിയിലെ സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഗോപന്റെ മൃതദേഹം കേരളാ ഹൗസിൽ പൊതുദർശനത്തിനു വെക്കാൻ റസിഡണ്ട് കമ്മീഷണറാ അനുവാദം നൽകാതിരുന്നത്. വെറും സാങ്കേതിക കാരണങ്ങൾ നിരത്തിയാണ് അനുമതി നൽകാതിരുന്നത് എന്ന് മലയാളി സംഘടനകൾ ആരോപിക്കുന്നു.

മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ മലയാളി സംഘടനാ നേതാക്കൾക്കു പുറമെ നിരവധി സാമൂഹിക, സാംസ്കാരിക പ്രമുഖരും ഒപ്പുവെച്ചിട്ടുണ്ട്. കവി സച്ചിദാനന്ദൻ, മാധ്യമപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങിയവര്‍ ഇക്കൂട്ടത്തിൽ പെടുന്നു.

നിലവിലെ റസിഡന്റ് കമ്മീഷണര്‍ ഏകാധിപത്യപരമായ രീതിയില്‍ മലയാളി സമൂഹത്തെ മുഴുവന്‍ അകറ്റുകയാണെന്ന് നിവേദനം പറയുന്നു. ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് ബാധ്യതയാണെന്നും ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് അനാവശ്യമായ സർക്കാർ വിരുദ്ധ നിലപാടുകൾ രൂപപ്പെടാൻ കാരണമാകുമെന്നും ഡൽഹി മലയാളികൾ ചൂണ്ടിക്കാട്ടുന്നു.

നിവേദനത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക് ഡല്‍ഹിയിലെ മലയാളീ സമൂഹം സമര്‍പ്പിക്കുന്ന നിവേദനം
ഡല്‍ഹി കേരളാ ഹൌസ് അധികൃതരുടെ മലയാളികളോടുള്ള അവഗണന അവസാനിപ്പിക്കുക

സര്‍,

തന്‍റെ വേറിട്ട ശബ്ദത്തിലൂടെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കെല്ലാം സുപരിചിതനായ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ദില്ലിയിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ശ്രീ ഗോപന്‍ അന്തരിച്ചത് ഇന്നലെയാണ്. അദ്ദേഹത്തിന്റെ ഭൌതിക ശരീരം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി, കേരളാ ഹൌസിലെ കൊണ്ഫറന്‍സ് ഹാളില്‍ വയ്ക്കുവാനുള്ള മലയാളീ സമൂഹത്തിന്‍റെ അഭ്യര്‍ത്ഥന നിലവിലെ റസിഡന്റ് കമ്മീഷണര്‍ നിരാകരിക്കുകയാണ് ചെയ്തത്. ദില്ലിയിലെ പല സാംസ്കാരിക പ്രമുഖരും അന്തരിച്ചപ്പോള്‍, പൊതുജനത്തിന് അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കുവാനുതാകും വിധം, വിട്ടുനല്കിയിട്ടുണ്ട്. പക്ഷെ, ഇന്നലെ, വെറും സാങ്കേതിക കാരണങ്ങള്‍ നിരത്തി, അങ്ങിനെ ഒരു അവസരം നിഷേധിക്കുക വഴി, ശ്രീ ഗോപനോട് തികഞ്ഞ അനാദരവാണ് റസിഡന്റ് കമ്മീഷണര്‍ കാണിച്ചത്. രാജ്യ തലസ്ഥാനത്തെ മൊത്തം മലയാളി സമൂഹത്തിനു ഈ കാര്യത്തില്‍ വേദനയും പ്രതിഷേധവും ഉണ്ട്.

പൊതുവേ, പ്രവാസി സമൂഹത്തോട് കൂടുതല്‍ ഉദാരകരമായ സമീപനങ്ങളാണ് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്നത്. പക്ഷെ ആ സമീപനത്തോട് തികച്ചും വിപരീതമായ നിലപാടാണ് ദില്ലിയിലെ കേരള ഹൌസ് റസിഡന്റ് കമ്മീഷണര്‍ സ്വീകരിക്കുന്നത് എന്ന നില, ദോഷമായി ബാധിക്കുന്നത് കേരള സര്‍ക്കാരിനെ തന്നെയാവും.

ദില്ലിയിലെ കേരള ഹൌസ്, തലസ്ഥാന നഗരിയിലെ മലയാളികള്‍ക്ക് ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമാണ്‌. ഡല്‍ഹിയിലെ മൊത്തം മലയാളി സമൂഹത്തിനു ഒരു ആശ്രയം എന്ന നിലയില്‍, മലയാളികളുടെ പൊതു പ്രശ്നങ്ങളില്‍ അനുഭാവ പൂര്‍വമായ സമീപനം സ്വീകരിക്കേണ്ടുന്ന കേരളാ ഹൌസ്‌, നിലവിലെ അധികാരിയുടെ കീഴില്‍, പലപ്പോഴും, മലയാളികളെ അകറ്റി നിര്‍ത്തുക എന്ന രീതിയാണ് അവലംബിക്കുന്നത്.
മലയാളികളോടും, മലയാളീ സംഘടനകളോടും തികഞ്ഞ അവഗണനാ സ്വഭാവമാണ് റസിഡന്റ് കമ്മീഷണര്‍ പുലര്‍ത്തി വരുന്നത് എന്നത് പല സംഭവങ്ങള്‍ വഴിയും തെളിയിക്കപ്പെട്ടതാണ്. കേരളാ ഹൌസിലെ കോണ്‍ഫറന്‍സ് ഹാളിന്റെ വാടക കുത്തനെ കൂട്ടിയത് അതില്‍ ഒന്ന് മാത്രം. കോണ്‍ഫറന്‍സ് ഹാളില്‍ ചായ കുടിക്കുന്നതിനു പോലും, വിവേചനങ്ങളാണുള്ളത്. ചിലര്‍ക്ക് അകത്തുവച്ചു തന്നെ ചായ കുടിക്കാം, പക്ഷെ മറ്റു ചിലര്‍ക്ക് (പ്രത്യേകിച്ചും സാധാരണക്കാര്‍ക്ക്) ഹാളിനു പുറത്തും. കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയകാലത്ത്, ദുരിതാശ്വാസ നിധി സമാഹരണവുമായി മൊത്തം മലയാളി സമൂഹം മുന്നോട്ട് വന്നപ്പോള്‍, ഇതേ റസിഡന്റ് കമ്മീഷണര്‍ അവരോട് സ്വീകരിച്ച അവഗണനാ മനോഭാവം, ഇതിനോടകം കേരള സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടല്ലോ.
ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് പലരും ഇതിനു മുമ്പും, കേരളാ സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും, നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഇതുവരെ അനുഭാവ പൂര്‍ണ്ണമായ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, നിലവിലെ റസിഡന്റ് കമ്മീഷണര്‍ തന്‍റെ ഏകാധിപത്യപരമായ രീതിയില്‍, മലയാളി സമൂഹത്തെ മുഴുവന്‍ അകറ്റി നിര്‍ത്തി മുന്നോട്ട് പോകുക എന്ന നയം തുടരുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ശ്രീ ഗോപന്‍റെ ഭൌതിക ശരീരത്തോട് കാണിച്ച അനാദരവ്. ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് ബാധ്യതയാണ്, മലയാളി സമൂഹത്തിനു അപമാനവും, അസ്വീകാര്യനുമാണ്.

ഈ നില മാറിയെ മതിയാകൂ. ഇനിയെങ്കിലും കേരള സര്‍ക്കാര്‍ റസിഡന്റ് കമ്മീഷണറുടെ ഇത്തരം നിഷേധ സമീപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചില്ല എങ്കില്‍, അത് അനാവശ്യമായ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ ഉണ്ടാകാന്‍ കാരണമായേക്കാം. അതിനാല്‍ മുകളില്‍ ഉന്നയിച്ച വസ്തുതകളെ, അതിന്‍റെ ഗൌരവത്തില്‍ കണ്ടുകൊണ്ട്, റസിഡന്റ് കമ്മീഷണറെ ശക്തമായി താക്കീത് ചെയ്യണം എന്നും, അത്തരം വ്യക്തികളെ നീക്കുന്നത് ഉള്‍പ്പെടെ, ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ട്, കേരളാ ഹൌസിനെ മലയാളീ സൌഹൃദ സ്ഥാപനമായി നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം എന്നും വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ,
സി. ചന്ദ്രന്‍, (ജനറല്‍സെക്രട്ടറി, ഡല്‍ഹി മലയാളി അസോസിയേഷന്‍),

വിനോദ് കുമാര്‍ കെ (ജനറല്‍സെക്രട്ടറി, ജനസംസ്കൃതി),

ബാബു പണിക്കര്‍ (ചെയര്‍മാന്‍, ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍),

രാധാകൃഷ്ണന്‍ (സെക്രട്ടറി, കേരളാ ക്ലബ്ബ്),

കെ. പി. വിനോദ് കുമാർ ( കേരള
കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ)

പ്രൊഫ. ഓംചേരി,
കെ.സച്ചിദാനന്ദന്‍,
വെങ്കിടേഷ് രാമകൃഷ്ണന്‍,
എ. എന്‍. ദാമോദരന്‍,
ശ്രീനിവാസ്. എന്‍. വി.

01/05/2019

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍