TopTop
Begin typing your search above and press return to search.

ആദിവാസി കുടുംബങ്ങൾക്ക് വീടു വെച്ച് നൽകാമെന്നു പറഞ്ഞ് പറ്റിച്ചെന്ന പരാതി: 10 ലക്ഷം രൂപ നൽകി മഞ്ജു വാര്യർ ഒത്തുതീർപ്പിലെത്തി

ആദിവാസി കുടുംബങ്ങൾക്ക് വീടു വെച്ച് നൽകാമെന്നു പറഞ്ഞ് പറ്റിച്ചെന്ന പരാതി: 10 ലക്ഷം രൂപ നൽകി മഞ്ജു വാര്യർ ഒത്തുതീർപ്പിലെത്തി

വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗക്കാർക്ക് വീടു വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതിസന്ധിയിലായ മഞ്ജു വാര്യർ പരാതിയിൽ ഒത്തുതീർപ്പിനെത്തി. സർക്കാരിന് 10 ലക്ഷം രൂപ നൽകിയാണ് ഒത്തുതീർപ്പിലെത്തുന്നത്. മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് 57 കുടുംബങ്ങൾക്ക് വീട് വെച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഈ വാക്ക് പാലിക്കാൻ നടിക്ക് സാധിച്ചിരുന്നില്ല.

ഇനിയും ഈ വിഷയത്തിൽ നാണക്കേട് സഹിക്കാൻ വയ്യെന്ന് മഞ്ജു വ്യക്തമാക്കിയതായാണ് വിവരം. സർക്കാരിന് നടി കത്തയച്ച് കാര്യങ്ങൾ വിശദീകരിച്ചു. 10 ലക്ഷം രൂപ തന്റെ ഭാഗത്തു നിന്നും നൽകാമെന്നും അവർ പറഞ്ഞു. 57 കുടുംബങ്ങൾക്ക് ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ വീട് നിർമിക്കാൻ തനിക്കാകില്ലെന്നും അവർ വിശദീകരിച്ചു.

വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയാണ് മഞ്ജു വാര്യരുടെ ഫൗണ്ടേഷൻ വീടുനിർമാണം ഏറ്റെടുത്തതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇതെത്തുടർന്ന് പനമരം ഭരണസമിതി യോഗം ചേർന്ന് പദ്ധതി അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷം മഞ്ജു വാര്യർ പിൻവാങ്ങിയെന്നാണ് ആരോപണമുയർന്നത്.

മഞ്ജു വാര്യരുടെ വാഗ്ദാനം നിലനിൽക്കുന്നതിനാൽ സർക്കാരിൽ നിന്നും കിട്ടേണ്ട പല ആനുകൂല്യങ്ങളും തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന ഗുരുതരമായ പരാതിയുമായി പണിയ വിഭാഗക്കാർ അധികാരികളെ സമീപിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിക്കാണ് പരാതി നൽകിയത്.

അതോരിറ്റിയുടെ കർശന നടപടി ഒഴിവാക്കുന്നതിനായി മഞ്ജു വാര്യരുടെ ഫൗണ്ടേഷൻകാർ വീടുകൾക്കു മുകളിൽ ചോർച്ച തടയാനുള്ള ഷീറ്റുകൾ വിരിച്ചു നൽകുകയുണ്ടായി. ജില്ലാ ലീഗല്‍ സർവീസ് അതോരിറ്റി മഞ്ജു വാര്യരുടെ വാദം കേൾക്കാൻ പലവട്ടം വിളിപ്പിച്ചെങ്കിലും അവർ ഹാജരായില്ല. 15ന് നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അവർ ഒത്തുതീർപ്പിലെത്തിയത്.

കേസിൽ ഇനി തന്നെ വലിച്ചിഴയ്ക്കരുതെന്ന് നടി ലീഗൽ സർവ്വീസ് അതോരിറ്റിക്ക് നൽകിയ കത്തിൽ അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.


Next Story

Related Stories