നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. എസ്ഐ കെഎ സാബുവും സിവിൽ പോലീസ് ഓഫീസർ സജീവ് ആന്റണിയുമാണ് അറസ്റ്റിലായിരിക്കുന്നത്. എസ്ഐ സാബു കുഴഞ്ഞു വീണതായും ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
കസ്റ്റോഡിയൽ ടോർച്ചർ എന്നു തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കസ്റ്റഡി മരണത്തിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടെങ്കിലും നിലവിൽ നേരിട്ട് പങ്കെടുത്തവരെയാണ് പൊലീസ് ലക്ഷ്യം വെക്കുന്നത്. ഡിവൈഎസ്പി, എസ്പി എന്നിവരുടെ പങ്കിനെക്കുറിച്ചും ആരോപണങ്ങൾ നിലവിലുണ്ട്.
കേസ് ഇതുവരെ ചാർജ് ചെയ്തിട്ടില്ല. എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അഞ്ച് പേരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. ഇവർക്കെതിരെയും ക്രിമിനൽ കേസ്സെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭയിൽ ചോദ്യം ചെയ്യലുകളെ പ്രതിരോധിക്കാനാണ് കേസ്സെടുക്കാതിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതോടൊപ്പം വൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളിലേക്ക് അന്വേഷണം ഇപ്പോഴും വന്നിട്ടില്ല. ആരെല്ലാമാണ് രാജ്കുമാറിനെ കസ്റ്റഡിയെടുക്കേണ്ടി വന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടില്ല. കോൺഗ്രസ്സുകാരാണ് രാജ്കുമാറിനെ സ്ഥലത്തെത്തിച്ചതെന്നും അവരെ പൊലീസ് അറസ്റ്റ് ചെയ്യണമായിരുന്നെന്നും മന്ത്രി എംഎം മണി പറഞ്ഞിരുന്നു. അതെസമയം സിപിഎം നേതാക്കള്‍ നിയന്ത്രിക്കുന്ന സഹകരണ ബാങ്കുമായി ചേർന്നായിരുന്നു സാമ്പത്തിക തട്ടിപ്പ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.