നിപ വൈറസ് ബാധയുടെ ആദ്യ വൃത്തത്തിനു ശേഷമുള്ള ബീജഗർഭകാലത്തിനു (ഇൻകുബേഷൻ പിരീഡ്) ശേഷം രണ്ടാം വൃത്തത്തിലേക്ക് കടക്കാനിടയുണ്ടെന്ന സൂചനകള്‍ രണ്ടുദിവസം മുമ്പ് വന്നിരുന്നു. ഇനിയൊരു വൃത്തത്തിലേക്കു കൂടി വൈറസ് ബാധ കടക്കാതിരിക്കാൻ അതീവജാഗ്രതയാണ് ആരോഗ്യവകുപ്പ് പുലർത്തുന്നത്. പൗരന്മാർക്ക് ഈ ആരോഗ്യപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിത്തം സാധ്യമല്ലെങ്കിലും സമൂഹത്തിന്റെ നിതാന്തമായ ശ്രദ്ധ കൂടി ആവശ്യമാണ് കൂടുതൽ പകർച്ചകൾ ഒഴിവാക്കാൻ.
1. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പകരുന്ന തരം വൈറസ്സുകളാണ് ഇവയെന്നതിനാൽ രണ്ടാംഘട്ട സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നു. ഇതിനെ നേരിടാനാവശ്യമായ വസ്തുക്കൾ ഇറക്കുമതി ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഓഫീസ് സ്റ്റാഫുകൾക്ക് വേണ്ടത്ര പരിശീലനങ്ങളും നൽകിയിട്ടുണ്ട്. അതെസമയം, ഭീതി പുലർത്തേണ്ട യാതൊരാവശ്യവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
2. വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് നേരത്തെ നീട്ടിയിരുന്നു. ഇത് ജൂൺ 12ലേക്ക് വീണ്ടും നീട്ടിയിരിക്കുകയാണ്.
3. ജൂൺ 16 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും നീട്ടി വെച്ചിരിക്കുകയാണ്. ഈ പരീക്ഷകളുടെ തിയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.
4. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗബാധിതരെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാൻ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 80 മുറികളാണ് ഇവർക്കായി ഒരുക്കിയിട്ടുള്ളത്.
5. കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിലെ സൂപ്രണ്ട് നിപ ബാധിതനായി മരിച്ച സാഹചര്യത്തിൽ കോടതികളുടെ പ്രവർത്തനം താൽക്കാലികമായി നിറുത്തി വെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
6. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തുന്നുണ്ട്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിൽ പോയി വരുന്നത് തൽക്കാലത്തേക്ക് മാറ്റിവെക്കാൻ കമ്പനികൾ അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നു.
7. ദില്ലി സർക്കാർ ഈ വിഷയത്തിൽ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. നിലവിൽ ദില്ലിയിൽ നിപ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
8. ദേശീയ രോഗനിയന്ത്രണ കേന്ദ്രം സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് കേന്ദ്ര ആരോഗ്യപ്രവർത്തകരുടെ സംഘവും തമ്പടിച്ചിട്ടുണ്ട്.
9. 203 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ച് ഫലം വന്നത്. ഇവയിൽ 18 എണ്ണം പൊസിറ്റീവാണ്. 16 പേർ മരണമടഞ്ഞു. രണ്ടുപേരുടെ സ്ഥിതി ഭേദപ്പെട്ടു വരുന്നു.
10. ഇതിനിടെ ഹോമിയോപ്പതി ചികിത്സകർ ചില വ്യാജ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തത് പ്രശ്നമായിട്ടുണ്ട്. മണാശ്ശേരി ആശുപത്രിയിൽ നിന്നാണ് ഈ മരുന്നുകൾ കൊടുത്തത്. മുപ്പതോളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിപയ്ക്ക് ഹോമിയോ മരുന്നില്ലെന്ന് നേരത്തെ ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
11. കോഴിക്കോട് നിപ ഭീതിയിൽ പല ബസ്സുകളും ഓട്ടം നിറുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വടകര പേരാമ്പ്ര റൂട്ടിൽ 45 ബസ്സുകൾ ഓടിയിരുന്നത് ഇപ്പോൾ 12 ആയി കുറഞ്ഞിട്ടുണ്ട്.
12. ചെറുകിട തൊഴിലുകൾ ചെയ്തു ജീവിക്കുന്നവരെ നിപ ആശങ്ക സാരമായി ബാധിച്ചിട്ടുണ്ട്. കച്ചവടങ്ങളെല്ലാം കുറഞ്ഞു. തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. ഇതിന് അധികൃതരുടെ നിർദ്ദേശവുമുണ്ട്. പൊതുജനങ്ങൾ കൂടുതൽ യാത്രകൾ നടത്തരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശവുമുണ്ട്.
13. യാത്രക്കാർ കുറഞ്ഞതോടെ കെഎസ്ആർടിസി തൊട്ടിൽപ്പാലം ഡിപ്പോയ്ക്ക് പ്രതിദിന വരുമാനനഷ്ടം 2 ലക്ഷം രൂപയായിരിക്കുകയാണ്.
14. നിപ വൈറസ് പ്രതിരോധത്തിന് ഒന്നേമുക്കാൽ കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാർ ഡോ. ഷംഷീർ വയലിൽ കേരളത്തിലെത്തിച്ചു. അബുദാബിയിൽ നിന്ന് സ്വന്തം വിമാനത്തിലാണ് ഉപകരണങ്ങൾ ഇദ്ദേഹം കേരളത്തിലെത്തിച്ചത്.പി പി ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് എത്തിച്ചിരിക്കുന്നത്. കാർഗോ വഴി അയച്ചാല്‍ കാലതാമസമുണ്ടാകുമെന്ന് കരുതിയാണ് സ്വന്തം വിമാനത്തിൽ ഉപകരണങ്ങളെത്തിച്ചത്.
15. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായി പിടികൂടി ഭോപാലിലെ ലബോറട്ടറിയിലേക്ക് അയച്ച ഫ്രൂട്ട് വവ്വാലുകളുടെ സാമ്പിൾ പരിശോധനാഫലം വന്നു. അയച്ച 13 സാമ്പിളുകളിലും ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു.