UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീപ്രവേശനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനപ്പരിശോധനാ ഹരജി നൽകില്ല

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയിന്മേൽ പുനപ്പരിശോധനാ ഹരജി നൽകില്ലെന്ന് തിരുവിതാംകൂർ ദേവസ്നം ബോർഡ് വ്യക്തമാക്കി. പുനപ്പരിശോധനാ ഹരജി നൽകുമെന്ന ദേവസ്വം ബോർഡ് പ്രസിഡണ്ട് എം പത്മകുമാറിന്റെ പ്രസ്താവന സർക്കാരിന് അതൃപ്തിയുണ്ടാക്കിയെന്നാണ് അറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് ദേവസ്വം പ്രസിഡണ്ടിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. റിവ്യൂ ഹരജി നൽകുന്ന വിവരം കഴിഞ്ഞദിവസം പത്മകുമാർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ പറഞ്ഞിരുന്നില്ല. എന്നാൽ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം റിവ്യൂ ഹരജി നൽകുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായത്.

അതെസമയം ഇന്നത്തെ യോഗത്തിൽ ദേവസ്വം പ്രസിഡണ്ട് എം പത്മകുമാർ പങ്കെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് പത്മകുമാർ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം.

അതെസമയം ശബരിമല വിഷയം ഏറ്റെടുത്ത് പ്രശ്നവൽക്കരിക്കാനുള്ള ശ്രമങ്ങളും ശക്തമാകുന്നുണ്ട്. ബിജെപി റിവ്യൂ ഹരജി പോകുമെന്ന് ഇന്ന് പ്രഖ്യാപനമുണ്ടായി. വിശ്വാസികൾക്കൊപ്പം സമരത്തിനിറങ്ങുമെന്ന് സംസ്ഥാന പ്രസിഡണ്ട് പി ശ്രീധരൻപിള്ള പറഞ്ഞു. സിപിഎമ്മിനെതിരായാണ് സമരമെന്നും പ്രഖ്യാപനമുണ്ടായി.

തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നീക്കം ഇതിനിടെ മുന്നേറുന്നുണ്ട്. 20 ലക്ഷം ലിറ്റര്‍ വെള്ളം അധികമായി സന്നിധാനത്തെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നാണ് അറിയുന്നത്. സ്ത്രീകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ അഞ്ച് ലക്ഷം ലിറ്റര്‍ അധിക വെള്ളം സംഭരിക്കുന്നതിന് നടപടിയെടുക്കും.

കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. 15 കംഫര്‍ട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി അനുവദിക്കും. വനിതാ കണ്ടക്ടര്‍മാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. കെഎസ്ആര്‍ടിസി ബസുകളില്‍ 25 ശതമാനം സീറ്റുകള്‍ ശബരിമലയിലേക്കുള്ള സ്ത്രീ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ പുരുഷന്‍മാരെ ഈ സീറ്റുകളിലിരിക്കാന്‍ അനുവദിക്കൂ.

സന്നിധാനത്ത് തീര്‍ത്ഥാടകരെ താമസിപ്പിക്കുന്നത് നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാല്‍ പമ്പയിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടാവണം. രാത്രിയില്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ തങ്ങുന്നത് തിരക്ക് വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടാണിത്. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വര്‍ദ്ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഓരോദിവസവും എത്രപേര്‍ എത്തിച്ചേരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. അത് സുരക്ഷാസൗകര്യമൊരുക്കുന്നതിന് സഹായിക്കും. ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലും വ്യാപക പ്രചാരം നല്‍കും. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും പ്രചാരണം നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍