ന്യൂസ് അപ്ഡേറ്റ്സ്

യുവതീ പ്രവേശനമല്ല ബിജെപി പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ; സർക്കാർ ഒത്തുതീർപ്പിന് തയ്യാറെങ്കിൽ പരിഗണിക്കും

ശബരിമലയിലെ യുവതീപ്രവേശനമല്ല ബിജെപി നടത്തുന്ന പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ എംഎൽഎ. ശബരിമലയിലെ പൊലീസ് നടപടിയും അചിസ്ഥാന സൗകര്യ പ്രശ്നങ്ങളുമാണ് വിഷയം. റിവ്യൂ ഹർജി കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിൽ യുവതീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് നടത്തിവന്ന പ്രക്ഷോഭത്തിൽ നിന്നും ബിജെപി പിന്തിരിയുകയാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയതെന്നും ആക്ഷേപമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ സൂചന നൽകി പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഒ രാജഗോപാലിന്റെ പ്രതികരണം.

ശബരിമലയിൽ സമരം പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലേയുള്ള നിലപാടാണെന്നും ഒ രാജഗോപാൽ അവകാശപ്പെട്ടു. തീർ‍ത്ഥാടകർക്ക് അസൗകര്യമുണ്ടാകുമെന്നതിനാലാണിത്. സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ സമരമാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിൽ സർക്കാർ ഒത്തുതീർപ്പിന് തയ്യാറാണെങ്കിൽ അത് പരിഗണിക്കുമെന്നും രാജഗോപാൽ പറഞ്ഞു. ശബരിമലയുടെ പേരിൽ സഭ തടസ്സപ്പെടുത്തരുത്. നിയമസഭയിൽ ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ ധാരാളം സമയമുണ്ട്. സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് രീതി തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും രാജഗോപാൽ വ്യക്തമാക്കി.

ബിജെപിയുടെ പ്രക്ഷോഭം ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും പ്രസ്താവിച്ചിരുന്നു. ഈ മലക്കംമറിച്ചിൽ ബിജെപിക്കുള്ളിൽ അതൃപ്തി വളർത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍