UPDATES

ശബരിമലയിൽ വ്യോമനിരീക്ഷണം ശക്തമാക്കും; പാർക്കിങ് പാസ്, ഐഡി കാർഡ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ

ശബരിമലയിലും പമ്പയിലുമുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി

ശബരിമലയിൽ വ്യോമനിരീക്ഷണം ശക്തമാക്കാൻ പൊലീസ്. വ്യോമസേനയുടെയും നാവികസേനയുടെയും സഹായത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഉയർത്താനാണ് പൊലീസിന്റെ പദ്ധതി. അത്യാവശ്യം ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപ്പാഡ് തയ്യാറാക്കി നിർത്തും.

കൊച്ചി നേവൽ ബേസിൽ നിന്നായിരിക്കും സർവ്വീസ്, എറണാകുളം ഐജിക്കായിരിക്കും ഇതിന്റം മേൽനോട്ടം. നവംബർ 16, ഡിസംബർ 5, 6, 27, ജനുവരി 13, 14 എന്നീ തിയ്യതികളിലാണ് വ്യോമനിരീക്ഷണം നടത്തുക.

ഇതോടൊപ്പം, ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് നൽകുന്ന പാസ്സ് നിർബന്ധമാക്കിയിട്ടുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഇത് ബാധകമാക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. പാർക്കിങ് സംവിധാനം പൂർണമായും നിലയ്ക്കലിലേക്ക് മാറ്റിയിട്ടുണ്ട്. പ്രളയത്തെ തുടർന്നാണിത്.

ബേസ് ക്യാമ്പായ നിലയ്ക്കലിലെത്തിയ ശേഷം ഭക്തർ ബസ്സുകളിൽ പമ്പയിലേക്ക് പോകേണ്ടി വരും. 48 മണിക്കൂർ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റാണ് നൽകുക. 48 മണിക്കൂറിലധികം നേരം തീർത്ഥാടകർക്ക് സന്നിധാനത്തോ പമ്പയിലോ കഴിയാനാകില്ല. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. www.sabarimalaq.com എന്ന സൈറ്റില്‍ ദർസനത്തിനായി ബുക്ക് ചെയ്യാവുന്നതാണ്. ഇതിൽ നിന്നും ലഭിക്കുന്ന ഡിജിറ്റൽ ക്യൂ കൂപ്പൺ കാണിച്ചാൽ ഡിജിറ്റൽ എൻട്രി കാർഡ് കിട്ടും. ഈ കാർഡുള്ളവർക്കു മാത്രമേ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകാനാകൂ.

തീർത്ഥാടകർക്ക് ലഭിക്കേണ്ട സൗകര്യങ്ങൾ കിട്ടണമെങ്കിൽ ഈ കാർഡ് നിർബന്ധമായും കാണിച്ചിരിക്കണം. കാർഡ് പരിശോധിക്കാൻ‍ പത്ത് കേന്ദ്രങ്ങൾ‍ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടായിരിക്കും. 9 എസ്ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യു ഡ്യൂട്ടിയിലുണ്ടായിരിക്കും.

ശബരിമലയിലും പമ്പയിലുമുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍