TopTop
Begin typing your search above and press return to search.

പ്രതിഷേധം ശക്തം; നട അഞ്ചു മണിക്ക് തുറക്കും; അറിയേണ്ട 10 കാര്യങ്ങള്‍

പ്രതിഷേധം ശക്തം; നട അഞ്ചു മണിക്ക് തുറക്കും; അറിയേണ്ട 10 കാര്യങ്ങള്‍

61 ദിവസത്തെ മണ്ഡല മകര-വിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ ഇന്ന് നടതുറക്കുമ്പോള്‍ വലിയ പിരിമുറുക്കത്തിലാണ് സര്‍ക്കാരും വിശ്വാസ സമൂഹവും. പ്രശ്നത്തില്‍ സമവായം ഉണ്ടാക്കാന്‍ ഇന്നലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും പന്തള രാജകുടുംബ-തന്ത്രി കുടുംബ പ്രതിനിധികളുമായി നടത്തിയ യോഗവും പരാജയപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പിലാക്കല്‍ പിടിവാശിയല്ല, മറിച്ച് ഗവണ്‍മെന്‍റിന്റെ ബാധ്യതയാണ് എന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. ഇതോടെ ബിജെപി അടക്കമുള്ള സംഘടനകള്‍ പ്രക്ഷോഭവുമായി ശബരിമലയില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഇതേ സമയം സുഗമമായ തീര്‍ത്ഥാടനം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.

ഇലക്ട്രിക് കെഎസ്ആർടിസി ബസ്സുകൾ

ശബരിമലയിൽ തീർത്ഥാടകർക്കുള്ള കെഎസ്ആർടിസി ഇലക്ട്രിക് ബസ്സുകളുടെ സർവ്വീസ് ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പറയുന്നു. നിലക്കല്‍-പമ്പ റൂട്ടിൽ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സർവീസ് നടത്തുക. ഡീസൽ എ.സി ബസുകൾക്ക് 31 രൂപ കിലോമീറ്ററിന് ഡീസൽ ചെലവ് വരുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് കേവലം നാലുരൂപ മാത്രമാണ് ചെലവ് വരുന്നത്. ഒറ്റ ചാര്‍ജില്‍ 250കിലോമീറ്റര്‍ ഓടിക്കുവാനും സാധിക്കും. 33 സീറ്റുകളാണ് ബസിലുള്ളത്. എസി ലോ ഫ്ളോര്‍ ബസുകളുടെ അതേ നിരക്കാകും ഈടാക്കുക. നിലയ്ക്കലിൽ ബസുകൾ ചാർജ് ചെയ്യാൻ ചാർജിംഗ് സ്റ്റേഷനുകളും തയാറായി. മണ്ഡലകാലം കഴിഞ്ഞാൽ ബസുകൾ തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തും.

നിരോധനാജ്ഞ

ശബരിമലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ. പത്തനംതിട്ട ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്താണ് നിരോധനാജ്ഞ. പ്രധാന റോഡുകളും ഉപറോഡുകളിലുമുള്‍പ്പെടെ കൂട്ടം ചേര്‍ന്ന് പ്രതിഷേധിക്കുകയോ നാമജപ്രതിഷേധങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നടതുറക്കുന്നത്. തീര്‍ഥാടകര്‍ എത്തിത്തുടങ്ങിയെങ്കിലും ഇന്ന് ഉച്ചയോടെ മാത്രമേ സന്നിധാനത്തേക്ക് കയറ്റിവിടൂ. ഡിജിപി ലോക്‌നാഥ് ബഹ്‌റ ശബരിമലയിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. 15,259 പോലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്. 113 ഡിവൈഎസ്പിമാര്‍, 350 സിഐമാര്‍, 1450 എസ്‌ഐമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും. 920 വനിതാ പോലീസുകാരേയും നിയോഗിച്ചു. ഇതിന് പുറമെ കര്‍ണാടകയില്‍ നിന്ന് 33 പോലീസുകാരെയും നിയമിക്കും. റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ട് കമ്പനിയും സന്നിധാനത്തുണ്ടാവും.

കോടതിവിധി നടപ്പാക്കാൻ സാവകാശം

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിധി നടപ്പാക്കാൻ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിൽ സാവകാശം തേടിയേക്കുമെന്ന് സൂചന. മുഖ്യമന്ത്രി ഇതിനുള്ള അനുമതി നൽകിയെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു നിർദ്ദേശം മുഖ്യമന്ത്രി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മയുടെ വാക്കുകളും ഈ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ഇങ്ങനെയൊരു സൂചന നൽകിയിരുന്നു ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അയയുന്നു എന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ശബരിമലയിൽ ആരെയും തങ്ങാനനുവദിക്കില്ല

ശബരിമലയിൽ രാത്രിയിൽ ആരെയും തങ്ങാനനുവദിക്കില്ലെന്ന് ഡിജിപി ലോകനാഥ് ബഹറ. നിലക്കലിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് ശബരിമലയിൽ തങ്ങാനാവുക.

എഴുന്നൂറോളം യുവതികൾ

ദർശനത്തിനായി എഴുന്നൂറോളം യുവതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലോകനാഥ് ബഹറ വ്യക്തമാക്കി. അധികമാളുകളും ആന്ധ്രയിൽ നിന്നുള്ളവരാണ്.

സ്ഥാനാരോഹണം

പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്നാണ് നടക്കുക. തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. തുടർന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് ശ്രീകോവിലിനുള്ളില്‍ വച്ച് തന്ത്രി മൂലമന്ത്രവും ചൊല്ലിക്കൊടുക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.

അക്രമികൾ സംഘങ്ങളായെത്തും

ശബരിമലയിൽ അക്രമികൾ സംഘങ്ങളായി എത്തുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇവർ കാനനപാത വഴി എത്താനാണ് സാധ്യത. തുലാമാസപൂജയ്ക്കും ആട്ടവിശേഷത്തിനും ശബരിമലയിൽ സംഘർഷമുണ്ടായിരുന്നു. ആട്ടവിശേഷത്തിന് അക്രമികൾ എത്തിയത് കാനനപാത വഴിയാണ്. ഇത്തവണ ഈ മാർഗത്തിലൂടെയുള്ള അക്രമികളുടെ പ്രവേശനം നിരീക്ഷിക്കപ്പെടും. അതെസമയം അക്രമികളും അയ്യപ്പവേഷം ധരിച്ചാണ് എത്തുകയെന്നതിനാൽ സ്ഥിതി എങ്ങനെയാണ് പൊലീസ് കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നതെന്നത് വ്യക്തമല്ല. ഫേസ് റെക്കഗ്നിഷ്യൻ സംവിധാനങ്ങൾ പൊലീസ് ഉപയോഗിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

സംരക്ഷണം ആവശ്യമുള്ളവർക്ക് ഹെൽപ്പ് ലൈൻ

ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരിലാർക്കെങ്കിലും പൊലീസ് സംരക്ഷണം ആവശ്യമുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പരിലേക്ക് വിളിക്കാം. 9497990033 എന്ന നമ്പരിൽ വിളിച്ചാൽ ആവശ്യമായ സഹായങ്ങൾ ലഭിക്കും. ‌‌

ഒരു സബ്ബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്‍റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്‍റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

55 എസ്പി‌-എഎസ്പി റാങ്കിലുള്ളവർ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടാകും. 113 ഡിവൈഎസ്പിമാരും സ്ഥലത്തുണ്ടാകും. 12562 സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലെത്തും. വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 920 ആണ്.

ഹോട്ടലുകളിൽ പരിശോധന

ശബരിമല സീസൺ പ്രമാണിച്ച് സംസ്ഥാനത്ത് തീർത്ഥാടകർ വരുന്ന വഴികളിലെല്ലാം ഹോട്ടലുകളിൽ പരിശോധന കർശനമാക്കി. പഴകിയതോ കേടുവന്നതോ നിർദ്ദിഷ്ട ഗുണനിലവാരം ഇല്ലാത്തതോ ആയ ഭക്ഷണം വിൽക്കുന്നതായി കണ്ടാൽ നോട്ടീസ് നൽകും.

'വാശി സർക്കാരിനില്ല'

ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു.

https://www.azhimukham.com/kerala-sabarimala-women-entry-meeting-failure/

https://www.azhimukham.com/kerala-sabarimala-women-entry-all-party-meeting-ramesh-chennithala-sreedharan-pilla-response/

https://www.azhimukham.com/trending-cm-pinarayi-vijayan-responds-trupti-desai-sabarimala-entry/

https://www.azhimukham.com/keralam-all-party-meeting-on-sabarimala-women-entry-fails/

https://www.azhimukham.com/newswrap-trupti-desai-to-enter-sabarimala-is-not-rahna-fathima-rahul-easwar-writes-saju/


Next Story

Related Stories