ന്യൂസ് അപ്ഡേറ്റ്സ്

നായർ കുട്ടികൾക്ക് നമ്പൂതിരിയായ അച്ഛനെ തൊടാൻ അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നു: മുഖ്യമന്ത്രി

“ഭരണഘടനയെക്കാൾ മുകളിലാണ് വിശ്വാസമെന്ന ആർഎസ്എസ് നിലപാട് സുപ്രീംകോടതി അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വലിച്ചു നീട്ടിയാൽ എന്തു സംഭവിക്കുമെന്ന് ന്യൂനപക്ഷങ്ങൾ ആലോചിക്കണം”

അനാചാരങ്ങൾക്കെതിരെ മുൻപും സമരങ്ങളുണ്ടായിട്ടുണ്ടെന്നും അന്നും യാഥാസ്ഥിതികർ എതിർത്തിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം നാഗമ്പടത്ത് ഇടതുമുന്നണി സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായർ കുട്ടികൾക്ക് നമ്പൂതിരിയായ സ്വന്തം പിതാവിനെ തൊടാൻ അവകാശമില്ലാതിരുന്ന കാലമുണ്ടായിരുന്നു. ഈ അനാചാരങ്ങളെയെല്ലാം കേരളം മറികടന്നത് ജനകീയ പ്രക്ഷോഭങ്ങളിലൂടെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിവിധി മറികടക്കാൻ നിയമനിർമാണം നടത്താൻ കഴിയില്ലെന്ന് അറിവുള്ള സംഘപരിവാർ ശബരിമലയെ കലാപഭൂമിയാക്കുകയാണ്. പരിശീലനം നല്‍കിയ ക്രിമിനലുകളെ ആർഎസ്എസ് സന്നിധാനത്ത് നിയോഗിച്ചു. ഭരണഘടനയെക്കാൾ മുകളിലാണ് വിശ്വാസമെന്ന ആർഎസ്എസ് നിലപാട് സുപ്രീംകോടതി അടക്കമുള്ള ആരാധനാലയങ്ങളിലേക്ക് വലിച്ചു നീട്ടിയാൽ എന്തു സംഭവിക്കുമെന്ന് ന്യൂനപക്ഷങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടു വള്ളത്തിലും കാൽ‌‍ വെച്ചിട്ടുള്ള കോൺഗ്രസ്സ് ഇപ്പോൾ ബിജെപിയിലേക്ക് ആളെക്കൂട്ടുകയാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മതനിരപേക്ഷ നിലപാട് തള്ളുന്നത് കോൺഗ്രസ്സിനെ നശിപ്പിക്കും. ആർത്തവകാലത്ത് സ്ത്രീകൾക്ക് വീടിനു പുറത്തു കഴിയേണ്ടി വന്ന കാലമുണ്ടായിരുന്നു. ഇതിനെല്ലാമെതിരെ മന്നത്ത് പത്മനാഭൻ അടക്കമുള്ളവർ നടത്തിയ നവോത്ഥാന സമരങ്ങളെ എതിർത്ത് തോൽപ്പിച്ചിരുന്നെങ്കിൽ കേരളം എവിടെ എത്തുമായിരുന്നു എന്നോർക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷ മനസ്സുള്ളവർ ആർഎസ്എസ്സിന്റെ ചതിയിൽ പെടരുതെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍