ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ശശികുമാര വർമ; അയ്യപ്പന്റെ ശബ്ദം ലോകസഭയിൽ മുഴങ്ങണമെന്ന് ആഗ്രഹം

പന്തളം കുടുബത്തിന്റെ പ്രതിനിധിയും ‘പന്തളം കൊട്ടാരം നിർവ്വാഹക സംഘം’ പ്രസിഡണ്ടുമായ പിജി ശശികുമാര വർമയെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിനായി ശശികുമാര വർമയുമായി ബിജെപി നേത‍ൃത്വം ആശയവിനിമയം നടത്തിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ആർഎസ്എസ് കഴിഞ്ഞദിവസം കൊച്ചിയിൽ നടത്തിയ ‘അടിയന്തിരാവസ്ഥാ പീഡിത’രുടെ സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇടതുപക്ഷക്കാരനും പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സ്റ്റാഫിലെ അംഗവുമായിരുന്ന ശശികുമാര വർമ ബിജെപിയുമായി അടുക്കുകയാണെന്നതിന്റെ സൂചനയായാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വ്യാഖ്യാനിക്കപ്പെടുന്നത്.

പാർലമെന്റിലേക്ക് മത്സരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് ശശികുമാരവർമ പറഞ്ഞത്. എന്നാൽ പാർലമെന്റിൽ അയ്യപ്പന്റെ ശബ്ദം ഉയരണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

പൊതുതെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമായി ഉയർത്തിക്കൊണ്ടു വരാനാണ് ബിജെപിയുടെ പദ്ധതി. ഇതിന് ശശികുമാരവർമയുടെ സാന്നിധ്യം സഹായകമാകും. വിജയപരാജയങ്ങളെക്കാൾ ശബരിമല വിഷയം ഏറ്റവും മുമ്പിൽ കൊണ്ടുനിർത്തുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതുവഴി സംസ്ഥാനത്ത് ഏതെങ്കിലുമൊരു മണ്ഡലത്തിൽ നേട്ടമുണ്ടാക്കാനാകണം. ശശികുമാരവർമയുടെ സാന്നിധ്യം കൊണ്ടുണ്ടാകാവുന്ന നേട്ടം ഇതാണ്. ശബരിമല കേസിൽ ദേവസ്വം ബോർഡും എതിർനിലപാട് സ്വീകരിച്ചതിന്റെ ഇച്ഛാഭംഗം വർമയ്ക്കുണ്ട്. പന്തളം കുടുംബാംഗങ്ങളുടെ പൊതു മനോഗതി‌ അനുകൂലമാണെങ്കിൽ ശശികുമാര വർമ മത്സരിക്കാൻ മടി കാണിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ ഇടതുപക്ഷ ഭൂതകാലത്തെ വർമ ഗൗനിക്കുന്നില്ലെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുള്ളതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍