ട്രെന്‍ഡിങ്ങ്

മോഹനൻ വൈദ്യർക്കെതിരെ എഴുതിയാൽ വെച്ചേക്കില്ലെന്നു ഭീഷണി; യുവഡോക്ടർ പോലീസിൽ പരാതി നൽകി

കഴിഞ്ഞ ദിവസങ്ങളിൽ മോഹനൻ വൈദ്യരുടെ തെറ്റായ ചില പ്രചാരണങ്ങൾക്കെതിരെ ഷിംന രംഗത്ത് വന്നിരുന്നു.

മോഹനൻ വൈദ്യർക്കും സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഉണ്ടെന്ന സത്യം അടുത്ത കാലത്താണ് തിരിച്ചറിഞ്ഞത്. തനിക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള മോഹനൻ വൈദ്യരുടെ ഏറ്റവും പുതിയ വീഡിയോയും ആയിരങ്ങൾ ഷെയർ ചെയ്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മോഹനനെതിരെ എഴുതുന്നവരെ തിരഞ്ഞു പിടിച്ചു ഭീഷണിപെടുത്തുന്ന അളവിലേക്ക് ആരാധകവൃന്ദം വളർന്നിരിക്കുകയാണ്!

യുവഡോക്ടറും നവമാധ്യമ പ്രവർത്തകയുമായ ഷിംന അസീസിന്‌ നേരെയാണ് ജസാർ ഷാ കൊല്ലം എന്ന പേരുള്ള ഫേസ്ബുക്ക് ഹാൻഡിലിൽ നിന്നും ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഡോക്ടർ ഷിംന വാക്സിനേഷൻ മുതൽ നിപ്പ വൈറസ് ബോധവൽക്കരണം വരെയുള്ള ആരോഗ്യ വിഷയങ്ങളിൽ സജീവ ഇടപെടൽ നടത്തി വരുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മോഹനൻ വൈദ്യരുടെ തെറ്റായ ചില പ്രചാരണങ്ങൾക്കെതിരെ ഷിംന രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി ആരാധകൻ ഇറങ്ങിയത്.

ഡോക്ടർ ഷിംന അസീസ് പറയുന്നത് ഇപ്രകാരം

“ഇന്ന്‌ രാവിലെ എനിക്ക് കിട്ടിയ മെസേജാണിത്‌. മോഹനൻ വൈദ്യർക്കെതിരെ പോസ്‌റ്റിട്ടാൽ എന്നെയങ്ങ് തീർത്ത് കളയുമെന്നൊക്കെ ധ്വനിപ്പിച്ച് കൊണ്ട്‌ ഇൻബോക്‌സിൽ തെറി വിളിച്ചുള്ള ഭീഷണി ഒരു സ്‌ത്രീ എന്ന നിലയിലും, വ്യക്‌തി എന്ന നിലയിലും, ജനങ്ങളെ ആരോഗ്യപരമായി ബോധവൽക്കരിക്കുന്നതിൽ വ്യാപൃതയായ ഒരു ഡോക്‌ടർ എന്ന നിലയിലും എനിക്ക്‌ അപമാനകരമാണ്‌. ഈ സ്‌ക്രീൻ ഷോട്ടുകളുമായി ലോക്കൽ പോലീസ്‌ സ്‌റ്റേഷനിലും സൈബർ സെല്ലിലും ഇന്ന്‌ തന്നെ പരാതിപ്പെടാനാണ്‌ തീരുമാനം. പരാതി നൽകിയതിനു ശേഷം വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യാം. തെറിവിളികളും ഭീഷണികളുമായി വരുന്ന എല്ലാവരോടും ഇത് തന്നെയായിരിക്കും സമീപനം.”

ഷിംന മഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍