TopTop
Begin typing your search above and press return to search.

സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതിക്കെതിരെ പ്രതിഷേധം: ആത്മഹത്യ ചെയ്യാനെത്തിയയാളെ ബസ്സിറങ്ങിയ ഉടനെ പൊലീസ് പിടികൂടി

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി നടപടിയിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാനെത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊച്ചിയിൽ ഹൈക്കോടതിക്കു മുമ്പിലാണ് ശ്രീരാജ് കൈമൾ എന്നയാൾ ആത്മഹത്യ ചെയ്യാൻ എത്തിയത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ നേതാവാണ് ശ്രീരാജ് കൈമൾ. അയ്യപ്പന് വേണ്ടി തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷന് മുന്നില്‍ വെച്ച് ജീവിതം അവസാനിപ്പിക്കും എന്നായിരുന്നു ശ്രീരാജിന്റെ പ്രഖ്യാപനം. സാമൂഹ്യമാധ്യമങ്ങളിൽ ഈ പ്രഖ്യാപനം വലിയ ചര്‍ച്ചയായി മാറി. പിന്നാലെ ഇതര മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു.

ശ്രീരാജിന്റെ ആത്മഹത്യ തടയുന്നതിനായി പൊലീസ് സന്നാഹം ഹൈക്കോടതി ജങ്ഷനിൽ നിലയുറപ്പിച്ചിരുന്നു. ഇയാൾ ബസ്സിറങ്ങിയ ഉടനെ പൊലീസ് പിടികൂടുകയായിരുന്നു. ആത്മഹത്യാശ്രമം നടത്താനുള്ള സമയം ലഭിക്കുകയുണ്ടായില്ല.

പൊലീസ് പിടികൂടിയ ഉടനെ സുപ്രീംകോടതിക്കെതിരെ ശ്രീരാജ് കൈമൾ മുദ്രാവാക്യം വിളിച്ചു. നീതിപീഠം തന്റെ പ്രതിഷേധം കാണണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സമ്പന്ന കുടുംബത്തിൽ ജനിക്കേണ്ടിയിരുന്ന താൻ പൂർവ്വികർ വാരിക്കോരി കൊടുത്തതിനാൽ വിരുന്നുകാർ വീട്ടുകാരായി മാറിയെന്നും മറ്റും പറഞ്ഞു കൊണ്ടുള്ളതായിരുന്നു ശ്രീരാജ് കൈമളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'അവർ' ക്ഷേത്രങ്ങളിലെ സ്വത്തുക്കൾ കവർന്നെടുത്തതായും ശ്രീരാജ് കൈമൾ‌ ആരോപിക്കുന്നു.


Next Story

Related Stories