UPDATES

ശ്രീലങ്കൻ ഭീകരാക്രമണം: കാസറഗോഡും പാലക്കാടും വീടുകളിൽ എൻഐഎ റെയ്ഡ്; ഐസിസ് നേതാവ് സഹ്രാൻ ആഷിമുമായി ബന്ധമുണ്ടെന്ന് സംശയം

ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ രഹസ്യമായാണ് എൻഐഎ സ്ഥലത്തെത്തിയത്

ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തി. കാസറഗോഡ് വിദ്യാനഗർ സ്വദേശികളായ രണ്ടുപേരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകളടക്കം നിരവധി വസ്തുക്കൾ എൻഐഎ പിടിച്ചെടുത്തതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ചോദ്യം ചെയ്യലിനായി ഈ രണ്ടുപേരോടും കൊച്ചി എൻഐഎ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ രഹസ്യമായാണ് എൻഐഎ സ്ഥലത്തെത്തിയതെന്ന് തേജസ് റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ഐസിസ് നേതാവ് സഹ്രാൻ ആഷിമിന്റെ ഭീകരവാദ ആശയങ്ങളിൽ ഇവർ ആകൃഷ്ടരായിരുന്നെന്നാണ് അന്വേഷകർ കരുതുന്നത്.

നേരത്തെ തമിഴ്നാട്ടിലെ ചില മുസ്ലിം സംഘടനകളിൽ പ്രവർത്തിക്കുന്നവര്‍ക്കെതിരെയും എൻഐഎ അന്വേഷണം നടത്തിയിരുന്നു. സഹ്രാനുമായി ഇവർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നാണ് എൻഐഎ പറയുന്നത്.

ശ്രീലങ്കയിലെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഐസിസ് ബന്ധമുള്ള സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാൻ ആഷിം. ഇയാൾ കേരളത്തിലും തമിഴ്നാട്ടിലും നിരവധി സ്ഥലങ്ങളിൽ മുമ്പ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 2017ലായിരുന്നു ഇത്. ഇയാളെക്കൂടാതെ ശ്രീലങ്കൻ ആക്രമണത്തിൽ ചാവേറായ മുഹമ്മദ് മുബാറക്ക് അസാനും ഇന്ത്യ സന്ദർശിച്ചിരുന്നു.

അതെസമയം, ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു പിന്നാലെ നടന്ന റെയ്ഡുകളിൽ പൊട്ടിത്തെറിച്ചത് മൂന്ന് പേരാണെന്ന് ഐസിസ് വെളിപ്പെടുത്തി. പൊലീസ് റെയ്ഡ് നടത്തുന്നതിനിടയിലാണ് ഈ മൂന്നുപേർ ചാവേറുകളായത്. രണ്ട് പൊലീസുകാരും ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ദീർഘനേരത്തെ വെടിവെപ്പുകൾക്കു ശേഷമാണ് ഇവർ പൊട്ടിത്തെറിച്ചത്.

ഈസ്റ്റർ ദിനത്തിലായിരുന്നു ശ്രീലങ്കയിലെ ആക്രമണം. ന്യൂസീലാന്‍ഡിൽ മുസ്ലിം പള്ളിക്കു നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായിരുന്നു ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികൾക്കു നേരെയുണ്ടായ ആക്രമണമെന്ന് പിന്നീട് സർക്കാർ തന്നെ വെളിപ്പെടുത്തുകയുണ്ടായി. 250 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍