UPDATES

തൊവരിമല: ഒഴിപ്പിക്കപ്പെട്ടവർ കളക്ടറേറ്റിനു മുന്നിലേക്ക് മാർച്ച് തുടങ്ങി; അനിശ്ചിതകാല സമരം നടത്തും

പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണം, മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണെ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കളക്ട്രേറ്റ് മാര്‍ച്ച് ആരംഭിച്ചു.

തൊവരിമലയില്‍ നിന്ന് ഒഴിപ്പിച്ചവര്‍ കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരത്തിന്. പോലീസിന്റെയും വനംവകുപ്പിന്റെയും ഒഴിപ്പിക്കല്‍ നടപടിക്കിടെ ചിതറിയോടിയവര്‍ സംഘടിച്ചുകൊണ്ടാണ് ഈ തീരുമാനം. രാവിലെ എട്ടുമണിയോടെയാണ് തൊവരിമലയിലെ വനഭൂമിയില്‍ കയറി ഭൂസമരം നയിച്ചിരുന്നവരെ പോലീസും വനംവകുപ്പും ഒഴിപ്പിക്കാനെത്തിയത്. ആദിവാസി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായി. പോലീസ് നടപടിയില്‍ ഭയന്ന് ഭൂമിയില്‍ സംഘടിച്ചിരുന്നവര്‍ പലയിടങ്ങളിലേക്കായി ചിതറിയോടി. രാവിലെ മുതല്‍ ഭക്ഷണവും വെള്ളവുമില്ലാതെ പലയിടങ്ങളില്‍ അലഞ്ഞവര്‍ തൊവരിമലയുടെ താഴ്‌വാരത്ത് അമ്പുകുത്തിയില്‍ വൈകിട്ടോടെ ഒത്തുചേര്‍ന്നു. ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കാന്‍ ഇവരുടെ യോഗത്തില്‍ തീരുമാനമായി.

സര്‍വ്വ സന്നാഹങ്ങളുമായി ഇരച്ചുകയറിയ പോലീസിനെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാതെ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ ചിതറിയോടുകയായിരുന്നു. ഇതിനിടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് തങ്ങള്‍ ഇരയായതായി സമരക്കാര്‍ പറയുന്നു. പലരുടേയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ച് വാങ്ങുകയും ചില ഫോണുകള്‍ വലിച്ചെറിയുകയും ചെയ്തു. സമരസമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിക്കണാരന്‍, രാജേഷ് അമ്പാട്ട് ഉള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് മേപ്പാടി പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം ഇവരെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കാണ് കൊണ്ടുപോയതെന്നാമ് ലഭിക്കുന്ന വിവരം. സമരക്കാരുടെ കണ്‍മുന്നില്‍ വച്ചാണ് പോലീസ് നേതാക്കളെ കൊണ്ടുപോയത്. എന്നാല്‍ പോലീസിന് ഇത് സംബന്ധിച്ച അറിവില്ലെന്ന് പറയുന്നതില്‍ സമരക്കാര്‍ ദുരൂഹത ആരോപിക്കുന്നു.

ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത 104 ഹെക്ടര്‍ ഭൂമിയിലാണ് വയനാട് ജില്ലയിലെ 13 പഞ്ചായത്തുകളില്‍ നിന്നായുള്ള ഭൂരഹിതര്‍ സമരമാരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടയില്‍ ഇവര്‍ സംഘടിച്ചെത്തിയത് അധികൃതര്‍ അറിഞ്ഞില്ല. വനം വകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്ത വനഭൂമിയാണ് തൊവരിമല. വനംവകുപ്പ് അധികൃതര്‍ സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ രണ്ട് ദിവസം മുമ്പ് തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ തങ്ങള്‍ ഭൂമിയില്‍ നിന്ന്് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ആദിവാസികളുള്‍പ്പെടുന്ന ആയിരക്കണക്കിന് ഭൂരഹിതര്‍. തിരഞ്ഞെടുപ്പിനിടയില്‍ ഇവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ ഇന്ന് അതിരാവിലെ അപ്രതീക്ഷിതമായി എത്തിയ പോലീസ് തങ്ങളുടെ സര്‍വസന്നാഹങ്ങളുമുപയോഗിച്ച് സമരക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സമരക്കാരുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം പോലീസ് കണ്ടെത്തി നശിപ്പിച്ചു. നിരവധി പേരെ പോലീസ് വാഹനങ്ങളില്‍ കയറ്റി തിരികെ ഊരുകളിലും വീടുകളിലും എത്തിച്ചു. എന്നാല്‍ പോലീസിന് പിടികൊടുക്കാതെ രക്ഷപെട്ടവരാണ് ഇപ്പോള്‍ സമരം തുടരാനൊരുങ്ങുന്നത്.

പോലീസ് അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണം, മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കളക്ട്രേറ്റ് മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ കളക്ട്രേറ്റ് പടിക്കല്‍ സമരമിരിക്കും.

വനംവകുപ്പിന് കീഴിലുള്ള ഭൂമി വീണ്ടും ഹാരിസണ്‍ നലയാളത്തിന് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന സൂചനകള്‍ ലഭിച്ചതോടെയാണ് ഭൂരഹിതര്‍ സംഘടിച്ച് ഭൂമിയിലേക്കെത്തിയത്. ബാരിസണ്‍ പ്ലാന്റേഷനോട് ചേര്‍ന്ന ഭൂമിയിലാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍, ഓള്‍ ഇന്ത്യ ക്രാന്തികാരി കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഭൂസമരസമിതി രൂപീകരിച്ച് സമരം ആരംഭിച്ചത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍