Top

ശബരിമല കേസും 'യഹോവയുടെ സാക്ഷികളും' തമ്മിലെന്ത് ബന്ധം?

ശബരിമല കേസും
വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25 ആണ് ഇന്നത്തെ ശബരിമല സ്ത്രീപ്രവേശന ഹരജികളിലെ വാദങ്ങളിൽ മുന്നിട്ടു നിന്ന കാര്യങ്ങളിലൊന്ന്. വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഈ വകുപ്പിനെ മുൻനിർത്തിയായിരുന്നു എൻഎസ്എസ്സിന്റെ അഭിഭാഷകൻ പരാശരന്റെ വാദങ്ങളിൽ വലിയൊരു ഭാഗവും. ഈ വാദം സ്ഥാപിക്കാനായി അദ്ദേഹം ഉദാഹരിച്ചത് ബിജോയ് ഇമ്മാനുവൽ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസാണ്. ഈ കേസിൽ ഹൈക്കോടതി വിധിയെ സുപ്രീംകോടതി തള്ളുകയാണുണ്ടായത്. രാജ്യത്തെ വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച കേസുകളിൽ ഒരു അടിസ്ഥാന മാനദണ്ഡമായി ഈ കേസിലെ വിധി പരിണമിക്കുകയുണ്ടായി. അഭിപ്രായം പ്രകടിപ്പിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം പോലെത്തന്നെ നിശ്ശയബ്ദത പാലിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കേസ് പരിഗണിച്ച ബഞ്ചിലെ ജസ്റ്റിസ് ഒ ചിന്നപ്പ ചൂണ്ടിക്കാട്ടി.

1985 ജൂലൈ 8നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട ബിനുമോൾ (13), ബിന്ദു (10), ബിജോയ് (15) എന്നീ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ദേശീയഗാനം ആലപിക്കാത്ത കുട്ടികളെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഈ കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ കടുത്ത വിമർശനമാണ് ഹൈക്കോടതിക്ക് നേരിടേണ്ടി വന്നത്. പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികൾക്ക് ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിയുണ്ടായി. രാജ്യത്തിന്റെ പാരമ്പര്യവും തത്ത്വങ്ങളും ഭരണഘടനയും മതസഹിഷ്ണത പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായത്. 1986 ഓഗസ്റ്റ് 11നായിരുന്നു ഈ വിധി.

സമാനമായ കേസാണ് ശബരിമലയിലേതെന്ന് സ്ഥാപിക്കാനാണ് എൻഎസ്എസ്സിന്റെ ശ്രമം. സ്ത്രീകൾ ശബരിമലയിൽ കയറാനാകില്ലെന്നത് മതപരമായ ആചാരമാണ്. ആചാരത്തെ ബഹുമാനിച്ചു കൊണ്ടായിരുന്നു ബിജോയ് ഇമ്മാനുവൽ കേസിൽ യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് നൽകിയതെന്നായിരുന്നു എൻഎസ്എസ്സിന്റെ അഭിഭാഷകൻ പരാശരന്റെ വാദത്തിന്റെ ഉന്നം.

സ്കൂൾ എന്ന സ്ഥാപനത്തിന് ഇന്ത്യാരാജ്യത്തോടുണ്ടായിരിക്കേണ്ട കൂറും അത് ദേശീയഗാനം മുതലായ സ്ഥാപനങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്നുവെന്നതുമായിരുന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ അടിസ്ഥാനം. ദേശഭക്തിയെ ഇത്തരത്തിലുള്ള പ്രകടനങ്ങളിലൂടെ അളക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ലോകത്തിലെവിടെയും യഹോവയുടെ സാക്ഷികൾ രാജ്യങ്ങളുടെ ദേശീയഗാനങ്ങൾ ആലപിക്കാറില്ല. തങ്ങളുടെ ദൈവമായ യഹോവയുടേതല്ലാത്ത ഒരു പ്രാർത്ഥനയിൽ പങ്കു ചേരേണ്ടതില്ലെന്നും തങ്ങളുടെ മതകം അതിനനുവദിക്കുന്നില്ലെന്നുമുള്ള ഉറച്ച വിശ്വാസപരമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണതെന്നും ജസ്റ്റിസ് റെഡ്ഢി നിരീക്ഷിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a), 25(1) എന്നിവ ഉറപ്പുനൽകുന്ന വിശ്വാസപരമായ അവകാശങ്ങളുടെ ലംഘനമായിരിക്കും യഹോവയുടെ സാക്ഷികളെക്കൊണ്ട് ദേശീയഗാനം നിർബന്ധിതമായി പാടിപ്പിക്കലെന്ന് കോടതി വിധിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന നിഷേധം ആചാരപരമാണെന്നും അത് യഹോവയുടെ സാക്ഷികൾ വാദിച്ചതിനു സമാനമായ വിശ്വാസപരമായ പ്രശ്നമാണെന്നുമാണ് പരാശരന്റെ വാദം. ദേശീയഗാനം ആലപിക്കേണ്ടതില്ലെന്ന യഹോവയുടെ സാക്ഷികളുടെ വിശ്വാസപരമായ നിലപാട് ലോകത്തെല്ലായിടത്തും ഒരുപോലെ പിന്തുടരുന്ന ഒന്നാണെന്ന് പ്രസ്തുത കേസിൽ വിധി പറഞ്ഞ ബഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഇതോടൊപ്പം, മൗലികാവകാശങ്ങൾ കേവലാവകാശങ്ങളല്ലെന്നും അവ പൊതുജീവിതത്തിനോട് ആപേക്ഷികമായിത്തന്നെ കണക്കാക്കേണ്ടതാണെന്നും കോടതി വിശദീകരിച്ചിരുന്നു. അതായത് യഹോവയുടെ സാക്ഷികളുടെ വിശ്വാസം പൊതുജീവിതത്തോടെ ഏതെങ്കിലും വിധത്തിൽ കലഹിക്കുന്ന ഒന്നായിരുന്നെങ്കിൽ അത് മൗലികാവകാശമായി പരിഗണിക്കുന്നതിൽ നിന്നും കോടതി പിന്മാറുമായിരുന്നുവെന്ന് ചുരുക്കം. അത് സംഭവിക്കുകയുണ്ടായില്ല. മറിച്ച് യഹോവയുടെ സാക്ഷികളെ ദേശീയഗാനം ആലപിക്കുന്നതിൽ നിന്നും മാറിനില്‍ക്കാൻ അനുവദിക്കുകയാണുണ്ടായത്.

ഒരാളുടെ വിശ്വാസം പുലർത്താനുള്ള മൗലികാവകാശം മറ്റാരുടെയെങ്കിലും മൗലികാവകാശങ്ങളെ ഹനിക്കുന്നതാകുന്നുണ്ടോയെന്നത് എൻഎസ്എസ് ഉദാഹരിച്ച കേസ് പ്രകാരം നോക്കുമ്പോൾ തന്നെ കോടതിക്ക് വിലയിരുത്തേണ്ടതായി വരും. ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നത്തിൽ വിശ്വാസം സ്ത്രീകളുടെ പ്രവേശനത്തെ നിരോധിക്കുന്നുവെന്നാണ് വാദം. ബിജോയ് ഇമ്മാനുവൽ കേസിന്റെ അടിസ്ഥാനത്തിൽ ശബരിമല കേസിനെ പരിശോധിക്കുകയാണെങ്കിൽ, കേവല മൗലികാവകാശം എന്നൊന്നില്ല എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം സുപ്രധാനമായി പരിഗണിക്കപ്പെടേണ്ട ഒന്നായിത്തീരും.

Next Story

Related Stories