Top

ജനവിരുദ്ധ ഹർത്താലിനെ തള്ളണം; തന്ത്രിയുടെ ശുദ്ധികർമം അയിത്താചരണവും കോടതിയലക്ഷ്യവും: എംജിഎസ് മുതല്‍ എസ് കലേഷ് വരെയുള്ള സാംസ്കാരിക നായകർ പ്രസ്താവനയുമായി രംഗത്ത്

ജനവിരുദ്ധ ഹർത്താലിനെ തള്ളണം; തന്ത്രിയുടെ ശുദ്ധികർമം അയിത്താചരണവും കോടതിയലക്ഷ്യവും: എംജിഎസ് മുതല്‍ എസ് കലേഷ് വരെയുള്ള സാംസ്കാരിക നായകർ പ്രസ്താവനയുമായി രംഗത്ത്
ശബരിമല സ്ത്രീപ്രവേശന വിധിക്കു ശേഷം 'ഹിന്ദു വർഗീയ വാദികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെമ്പാടും നടക്കുന്ന ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ നിഷേധിയുമായ ഹീനമായ പ്രവർത്തനങ്ങ'ളെ അപലപിച്ച് സാംസ്കാരികനായകരും എഴുത്തുകാരും രംഗത്ത്. ഒരു പ്രസ്താവനയിലൂടെയാണ് ഇവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇവരുടെ ആക്രമണങ്ങളെ തടഞ്ഞതിന് സംസ്ഥാനത്തെ നിശ്ചലമാക്കുന്ന ഹർത്താലുകള്‍ വിവേചനരഹിതമായി പ്രഖ്യാപിക്കുകയും ജനജീവിതം തടസ്സപ്പെടുത്തുകയുമാണെന്ന് പ്രസ്താവന പറയുന്നു.

സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ചിട്ട് ശുദ്ധിക്രിയകൾ ചെയ്തതിനെയും പ്രസ്താവന അപലപിച്ചു. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഈ പ്രവൃത്തി സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും പ്രസ്താവന പറയുന്നു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഒരു ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്ന മനുഷ്യത്വവിരുദ്ധമായ ആവശ്യമുന്നയിച്ചാണ് ഹർത്താലുകൾ നടത്തുന്നത്. രണ്ടു മാസത്തിനിടയിൽ നിരവധി ഹർത്താലുകളാണ് നടന്നത്. ജനജീവിതത്തെ സ്തംഭിപ്പിക്കും വിധം വീണ്ടും ഇവർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ എല്ലാ ജനവിഭാഗങ്ങളുടെയും പക്ഷത്തു നിന്ന് എതിർപ്പുയരേണ്ടതുണ്ട്.

തന്ത്രി നടത്തിയ ശുദ്ധികർമങ്ങൾ അയിത്താചരണമാണ്. സർക്കാർ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും സാംസ്കാരിക നായികരുടെ പ്രസ്താവന ആവശ്യപ്പെട്ടു.

പ്രസ്താവന

ശബരിമലയിലെ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ വിധിക്കു ശേഷം ആ കോടതിവിധിയെ എതിര്‍ക്കുകയും ഈ സന്ദര്‍ഭത്തെ വര്‍ഗ്ഗീയപ്രചരണത്തിനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുവര്‍ഗീയവാദികളുടെ നേതൃത്വത്തില്‍ ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശനിഷേധിയുമായ ഹീനമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെമ്പാടും നടന്നു കൊണ്ടിരിക്കുന്നത്.


സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് വണ്ടികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന സ്ഥിതി കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായിരുന്നു. ശബരിമലക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ തടയുന്ന സ്ഥിതിയുണ്ടായിരുന്നു. നിരവധി സ്ത്രീകള്‍ ആക്രമണങ്ങള്‍ക്കു വിധേയരായി. ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരെ സ്വീകരിക്കപ്പെട്ട സമാധാനപരമായ പോലീസ് നടപടികളുടെ പേരില്‍ സംസ്ഥാനത്തെയൊട്ടാകെ നിശ്ചലമാക്കുന്ന ഹര്‍ത്താലുകളാണ് ഇവര്‍ ആസൂത്രണം ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിരവധി ഹര്‍ത്താലുകളാണ് ഇതിന്റെ പേരില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. ജനസംഖ്യയില്‍ പാതി വരുന്ന സ്ത്രീകളെ ഒരു ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത് എന്ന അത്യന്തം മനുഷ്യത്വവിരുദ്ധമായ ആവശ്യമുയര്‍ത്തിയാണ് ഈ ഹര്‍ത്താലുകള്‍ സംഘടിപ്പിക്കപ്പെട്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


ഇപ്പോള്‍, ശബരിമലക്ഷേത്രത്തില്‍ രണ്ടു സ്ത്രീകള്‍ പ്രവേശിച്ചു ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്, തന്ത്രി ശബരിമലക്ഷേത്രം അടച്ചിടുകയും ശുദ്ധപരിഹാരക്രിയകള്‍ നടത്തുകയും ചെയ്തിരിക്കുന്നു. അത്യന്തം വിവേചനപരവും സ്ത്രീവിരുദ്ധവും സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവുമാണിത്. ദേവസ്വംബോര്‍ഡിന്റെയോ മന്ത്രിസഭയുടെയോ അനുവാദമില്ലാതെയാണ് ക്ഷേത്രം അടച്ചിട്ടതെന്ന കാര്യം പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. സ്ത്രീപ്രവേശനത്തിനു ശേഷം കേരളത്തിലെ തെരുവുകളില്‍ വര്‍ഗീയശക്തികള്‍ അക്രമം അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്. ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍ വീണ്ടും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.


ഇത്തരുണത്തില്‍, കേരളത്തിലെ മതനിരപേക്ഷരും ജനാധിപത്യവാദികളുമായ മുഴുവന്‍ ജനവിഭാഗങ്ങളുടേയും പക്ഷത്തു നിന്നും വര്‍ഗീയശക്തികള്‍ക്കെതിരെ നിശിതവും വ്യാപകവുമായ പ്രതിഷേധമുണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ക്ഷേത്രപ്രവേശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നടത്തിയ ശുദ്ധികര്‍മ്മങ്ങളും പ്രതിക്രിയകളും സ്ത്രീവിവേചനപരവും അയിത്താചരണത്തിന്റെ പുതിയ രൂപവും കോടതിവിധിയുടെ ലംഘനവും ജനാധിപത്യവിരുദ്ധവുമായ നടപടിയുമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് സര്‍ക്കാര്‍ തന്ത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനതയെ ബന്ധനത്തിലാക്കുന്ന വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധിക്കുകയും വര്ഗീയവല്‍ക്കരണത്തെ അപലപിക്കുകയും ചെയ്യുന്നു. കേരളത്തിലെ ജനജീവിതം സമാധാനപരമായിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കേരളത്തിലെ മുഴുവന്‍ ജനതയും ഒറ്റക്കെട്ടായി വര്‍ഗീയശക്തികളുടെ ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.


പ്രസ്താവനയിൽ ഒപ്പിട്ടവർ.

1.എം. ജി. എസ്. നാരായണന്‍ (ഒപ്പ്)
2. കെ.ജി. എസ് (ഒപ്പ്)
3. സച്ചിദാനന്ദന്‍ (ഒപ്പ്)
4. സുനില്‍ പി ഇളയിടം (ഒപ്പ്)
5. ആര്‍. ബി. ശ്രീകുമാര്‍ (ഒപ്പ്)
6. എന്‍. പ്രഭാകരന്‍ (ഒപ്പ്)
7. കെ. ഇ. എന്‍. കുഞ്ഞഹമ്മദ് (ഒപ്പ്)
8. കെ. അജിത (ഒപ്പ്)
9. കെ.എം. സലിംകുമാര്‍ (ഒപ്പ്)
10. എന്‍. ശശിധരന്‍ (ഒപ്പ്)
12. പി. എന്‍. ഗോപീകൃഷ്ണന്‍ (ഒപ്പ്)
13. റഫീഖ് അഹമ്മദ് (ഒപ്പ്)
14. വെങ്കിടേഷ് രാമകൃഷ്ണന്‍ (ഒപ്പ്)
15. ഗീത (ഒപ്പ്)

16. അശോകന്‍ ചെരുവില്‍ (ഒപ്പ്)
17. കുരീപ്പുഴ ശ്രീകുമാര്‍ (ഒപ്പ്)
18. എം എം സോമശേഖരന്‍ (ഒപ്പ്)
19. ശാരദക്കുട്ടി (ഒപ്പ്)
20. വി.വിജയകുമാര്‍ (ഒപ്പ്)
21. ഖദീജമുംതംസ് (ഒപ്പ്)
22. ജി.പി. രാമചന്ദ്രന്‍ (ഒപ്പ്)
23. വി.കെ. ശ്രീരാമന്‍ (ഒപ്പ്)
24. എസ്. കലേഷ് (ഒപ്പ്)
25. വി. മോഹനകൃഷ്ണന്‍ (ഒപ്പ്)
26. സി. അശോകന്‍ (ഒപ്പ്)
27. ഫാ. അഗസ്റ്റിന്‍ വട്ടോളി (ഒപ്പ്)
28. എ.സി. ശ്രീഹരി (ഒപ്പ്)
29. ഇ.പി. അനില്‍ (ഒപ്പ്)
30. വിജി പെണ്‍കൂട്ട് ((ഒപ്പ്)
31. ഗീനാകുമാരി(ഒപ്പ്)
32. എം. എ. ലക്ഷ്മണന്‍ (ഒപ്പ്)
33. ടി. ആര്‍. രമേഷ് (ഒപ്പ്)
34. എന്‍.വി. ബാലകൃഷ്ണന്‍ (ഒപ്പ്)
35. ഫൈസല്‍ബാവ ആമയം (ഒപ്പ്)
36. കെ.എന്‍. അജോയ്കുമാര്‍ (ഒപ്പ്)
37. പ്രതാപ് ജോസഫ് (ഒപ്പ്)
39, ബൈജു മേരികുന്നു ( ഒപ്പ് )

Next Story

Related Stories