TopTop
Begin typing your search above and press return to search.

അഡ്വ. ഗോപാലകൃഷ്ണന്റെ തെറി പ്രസംഗവും അഗളി സ്കൂളിന് മുന്നിലെ 'തെറിജപ' പ്രതിഷേധവും; ഇതെന്ത് രാഷ്ട്രീയം? ഭക്തി?

അഡ്വ. ഗോപാലകൃഷ്ണന്റെ തെറി പ്രസംഗവും അഗളി സ്കൂളിന് മുന്നിലെ
ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ ബിജെപിയിലെ ഒരു ഒന്നൊന്നര പി സി ജോര്‍ജ്ജാണ്. ആരേയും എവിടെ വെച്ചും സ്ഥല കാല ബോധമില്ലാതെ അധിക്ഷേപിപ്പിക്കുന്നതിനും തെറി അഭിഷേകം നടത്തുന്നതിനും പി സി ജോര്‍ജ്ജിനും ഒരടി മുകളില്‍ നില്‍ക്കും ഗോപാലകൃഷ്ണന്‍ വക്കീല്‍. തെറിയുടെ കൂടെ വര്‍ഗ്ഗീയ കാളകൂട വിഷവും ചേരുന്നു എന്നതാണ് ബി ഗോപാലകൃഷ്ണന്റെ വാക്കുകളെ മാരകമാക്കുന്നത്. ചാനല്‍ റേറ്റിംഗിന് ചൂടും ചൂരും ആവശ്യമുള്ളതുകൊണ്ട് പിസിയെ പോലെ ഇയാളും അന്തിചര്‍ച്ച അസംബന്ധങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.

മീശ നോവല്‍ വിവാദമായ കാലത്ത് നോവലിസ്റ്റ് ഹരീഷിനെ കയ്യില്‍ കിട്ടിയാല്‍ താനും രണ്ടു തല്ല് കൊടുക്കും എന്നു ചാനല്‍ ചര്‍ച്ചയില്‍ ആക്രോശിച്ചയാളാണ് ഗോപാലകൃഷ്ണന്‍. സി പി എം നേതാവ് സതീ ദേവിയുടെ ജഡം കൃഷ്ണപ്പരുന്ത് കൊത്തിപ്പറക്കുമെന്നായിരുന്നു ശബരിമല ചര്‍ച്ചയുടെ വേളയില്‍ ഗോപാലകൃഷ്ണന്റെ ആക്രമോത്സുകമായ വെല്ലുവിളി.

ഇന്നലെ ഗോപാലകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടത് ഐ ജി മനോജ് എബ്രഹാമിനെതിരെ ആയിരുന്നു. എറണാകുളം എസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയില്‍ ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ പോലീസ് നായയെന്നാണ് വിളിച്ചത്.
‘ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണ്. എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു’ എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

എറണാകുളം എസ് പി ഓഫീസിന് മുന്‍പില്‍ ഗോപാലകൃഷ്ണന്‍ ആണെങ്കില്‍ പാലക്കാട് അഗളിയില്‍ അയ്യപ്പ വിശ്വാസികളെന്ന പേരില്‍ ആര്‍ എസ് എസ് ബിജെപി പ്രവര്‍ത്തകരായിരുന്നു തെറി ജപവുമായി രംഗത്ത് വന്നത്.

സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച് പിൻവാങ്ങിയ അധ്യാപിക ബിന്ദു തങ്കം കല്യാണിക്കെതിരായിരുന്നു ഇവരുടെ പ്രതിഷേധം. നേരത്തെ കോഴിക്കോട് ജോലി ചെയ്തു വന്നിരുന്ന ഇവർ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു അഗളി ഗവൺമെന്റ് സ്കൂളില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. ഇതറിഞ്ഞാണ് അയപ്പസേവാ സമിതിക്കാർ നാമജപ സമരവുമായി എത്തിയത്.

സംഭവത്തെ കുറിച്ച് ബിന്ദു തങ്കം കല്യാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

"അഗളി സ്കൂളിൽ ഇന്നലെ Join ചെയ്യുന്നതറിഞ്ഞ് തെറിപ്പാട്ടും നാമജപവുമായി എത്തിയവർ ഇന്നലെ മുതൽ കുട്ടികളെ ഉപയോഗിച്ചാണ് കൂകിവിളിക്കലും ശരണം വിളിയും (തെറിപ്പാട്ട് പോലെ). ക്ലാസിനു പുറത്തും അകത്തും ശരണം വിളികൾ.. സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയാൽ, വരാന്തയിലൂടെ നടന്നാൽ ഒക്കെ അസഹനീയമായ തെറി വിളിപോലെ ശരണം വിളി. പ്രിൻസിപ്പാളിനും PTA ക്കും പരാതി നൽകി. ഭൂമിയെ സ്കൂളിൽ ചേർക്കാൻ വന്ന കമൽ മോളേയും കൂട്ടി ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഗേറ്റിലെ നാമജപക്കാർ ശരണം വിളിക്കിടയിലൂടെ പറഞ്ഞത് കണ്ട വേശ്യകളെയൊന്നും ഇവിടെ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്നാണ്. പിന്നെ ചിലരുടെ സംശയം അവളേത് ജാതിയാണെന്നായിരുന്നു. പട്ടികജാതിക്കാരിയാണെന്ന് മറ്റൊരു ഭക്തൻ ക്ലിയർ ചെയ്തു. അപ്പോ അവള്മാരൊക്കെ അഴിഞ്ഞാടി നടക്കുന്നവരല്ലേ പിന്നെ നാണോം മാനോം ഇല്ലല്ലോയെന്ന് മറ്റേ ഭക്തൻ. കുറേ ലവൻമാർ കേറിയിറങ്ങിയിട്ടും അവൾക്ക് കഴപ്പ് തീർന്നിട്ടില്ലാ അതാ ശബരിമലക്ക് പോയതെന്ന് മൂത്ത ഭക്തൻ. (അതിനാണ് പെണ്ണുങ്ങൾ ശബരിമലക്ക് പോയതെന്ന് ഞാനിപ്പഴാ അറിഞ്ഞേ. ക്ഷമിക്കണം ഇതറിഞ്ഞാ പോവില്ലാരുന്നു. കാരണം അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന് എനിക്കറിയാല്ലോ) ഇനി ഭക്തൻമാരെ നിങ്ങൾ കണ്ടില്ലാന്ന് വേണ്ട. ദാ പിടിച്ചോ ഫോട്ടം"
നേരത്തെ ബിന്ദുവിന്റെ അമ്മയെയും അച്ഛനെയും പിടിച്ചുകൊണ്ടുപോയി അയ്യപ്പനോട് 'ക്ഷമ പറയിച്ചു' സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം കൊടുത്ത ആര്‍ എസ് എസിനെ തുറന്നു കാട്ടി ബിന്ദുവും അമ്മയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു അഴിമുഖത്തോട് പറഞ്ഞിരുന്നു. ഇത് തന്നെയായിരിക്കാം ഹിന്ദുത്വ തീവ്രവാദികള്‍ പിന്നാലെ നടന്നു ബിന്ദുവിനെ ഭീഷണിപ്പെടുത്തുന്നതിനും കാരണം.

വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള പേക്കൂത്തുകള്‍ അവസാനിക്കില്ല എന്നു തന്നെന്നെയാണ് അഗളി സംഭവവും ബി ഗോപാലകൃഷ്ണന്റെ പ്രകോപന പ്രസംഗങ്ങളും സൂചിപ്പിക്കുന്നത്. ഒരു കലാപം സംഘപരിവാര്‍ ആഗ്രഹിക്കുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍...

https://www.azhimukham.com/newswrap-sanghparivar-hate-speakers-behind-mobocracy-writes-sajukomban/

https://www.azhimukham.com/trending-we-are-proud-people-our-girls-are-not-wandering-for-sex-by-bindu-thankam-kalyani/

https://www.azhimukham.com/kerala-binduthankamkalyani-dalitwoman-faces-threat-for-trying-to-reach-sabarimala/

https://www.azhimukham.com/updates-bindhu-thankam-kalyani-to-file-case-against-sangh-parivar-and-janam-tv-in-supreme-court/

https://www.azhimukham.com/trending-provoking-words-channel-discussion-bjp-leader-gopalakrishnan/

Next Story

Related Stories