Top

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍
കഴിഞ്ഞ ദിവസം രസകരമായ ഒരു ട്രോള്‍ പ്രചരിച്ചു. മാതൃഭൂമി പ്രൈം ടൈം ഡിബേറ്റിന്റെ സ്ക്രീന്‍ ഷോട്ടാണ്. അതില്‍ കോണ്‍ഗ്രസ്സ് നേതാവ് അജയ് തറയിലിന്റെ പേരിനു താഴെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേര് എഴുതിയിരിക്കുന്നത് ഇങ്ങനെ-കോജെപി.

ഇന്നലെ 8.30-ന് വേണുവിന്റെ ‘ചോര തന്നെ രാഹുലിന് കൌതുകം?’ എന്ന അസംബന്ധ ചര്‍ച്ചയുടെ ഒരറ്റത്ത് ടിയാന്‍ ഇരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് എന്നാണ് ഈ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം ചര്‍ച്ചയില്‍ സംസാരിക്കുന്നത് എന്നാണ് വെപ്പ്.

ശബരിമലയില്‍ ആക്രമണം നടത്തി എന്നാരോപിച്ച് ഇന്നലെ സംസ്ഥാനമൊട്ടാകെ നടന്ന അറസ്റ്റുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിയിലായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തറയില്‍ ഇങ്ങനെ പറഞ്ഞു: “അതൊക്കെ ശുദ്ധ തോന്ന്യാസമല്ലേ...” അതിനു മറുപടി പറയുമ്പോള്‍ സിപിഎം നേതാവ് ഗോപിനാഥന്‍ പറഞ്ഞു: “ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...”

കോണ്‍ഗ്രസ് ലേബലില്‍ അജയ് തറയിലിനെ ഇത്തരം ചര്‍ച്ചയ്ക്കൊക്കെ വിടുന്നതില്‍ കെപിസിസി ഇടപെട്ടില്ലെങ്കില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം ജി രാമന്‍ നായരെ പോലെ തറയിലും ബിജെപി സമരം ഉദ്ഘാടനം ചെയ്യുന്നതും കാണേണ്ടി വരും. കാരണം അത്രയ്ക്ക് ശക്തമായാണ് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്ന കപ്പാസിറ്റി ഉപയോഗിച്ച് തറയില്‍ സംഘപരിവാര്‍ യുക്തി വിശ്വാസത്തിന്റെ പാക്കിംഗില്‍ അവതരിപ്പിക്കുന്നത്.

ഇന്നലെ ചാനലില്‍ വന്നിരിക്കുമ്പോള്‍ സ്വന്തം നേതാക്കളായ എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയുമൊക്കെ പ്രസ്താവനകള്‍ ഒന്നു വായിച്ചിട്ടു വന്നിരിക്കാമായിരുന്നു തറയിലിന്. (അഹിന്ദുക്കളായതുകൊണ്ട് അവര്‍ ശബരിമലയെ കുറിച്ച് അഭിപ്രായം പറയേണ്ട എന്നാണോ?) ശബരിമല സംഘര്‍ഷത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമ്മന്‍ ചാണ്ടിയുടെ കണ്ണില്‍ സംഘപരിവാറുകാരായ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തതാണ് അജയ് തറയിലിന് ശുദ്ധ തോന്ന്യാസമായി തോന്നിയത്.

പക്ഷേ ഞെട്ടിച്ചത് അജയ് തറയിലിന്റെ മറ്റൊരു വാദമാണ്. അതേ വാദം നടത്തിക്കിട്ടാനാണ് ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നതും. അഹിന്ദുക്കളെ ശബരിമലയില്‍ കയറ്റരുത്.

മോഹന്‍ദാസ് ചൂണ്ടിക്കാണിക്കുന്ന ആക്ടും വകുപ്പുമൊക്കെ തറയില്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ വായിക്കുന്നത് കേട്ടു. 1965ലെ കേരള ഹിന്ദു പ്ലേയ്സസ് ഓഫ് പബ്ലിക് വര്‍ഷിപ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) ആക്ട്. ഈ നിയമത്തിലെ റൂള്‍ 3 (എ) പ്രകാരം അഹിന്ദുക്കളുടെ പ്രവേശനം തടയാം. ശബരിമലയുടെ ആചാരത്തെയും ഐതിഹ്യത്തെയും ചരിത്രത്തെയും ഒക്കെ പിടിച്ച് ആണയിട്ട് യുവതി പ്രവേശത്തെ തടയാന്‍ ശ്രമിക്കുന്ന ആളാണ് വാവരെ മറന്നുകൊണ്ടുള്ള ഈ നിലപാട് പ്രഖ്യാപനം നടത്തുന്നത്.

മറ്റൊരു ഘട്ടത്തില്‍ അജയ് തറയില്‍ പറയുന്നതു കേട്ടു, ഏതെങ്കിലും ജോണ്‍സണും മറ്റും പൊതുതാല്‍പ്പര്യ ഹര്‍ജി കൊടുക്കാനുള്ളതല്ല ശബരിമലയെന്ന്. ശബരിമലയുമായില്‍ ബന്ധപ്പെട്ട് ഇന്നലത്തെ ഹൈക്കോടതി വിധി അവതാരകന്‍ വേണു സൂചിപ്പിച്ചപ്പോഴാണ് ഈ പറച്ചില്‍.

സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും അത് അനുസരിക്കാനും പാലിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് കേരള ഹൈക്കോടതി ഇന്നലെ പറഞ്ഞത്. പി.ഡി ജോസഫ് എന്നയാള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ മറുപടി.

രാജ്യത്തെ എല്ലാ സിവിൽ, ജുഡീഷ്യൽ അധികാരികളും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങൾ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള കാര്യമാണിതെന്നും കോടതി പറഞ്ഞു. ശബരിമലയിൽ മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഹര്‍ജി തള്ളിയ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിയിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.

ശബരിമലയില്‍ തന്റെ കൃത്യനിര്‍വ്വഹണം നടത്താന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ 'ക്രിസ്ത്യാനിയായ പോലീസ് ഉദ്യോഗസ്ഥന്‍' എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിളിച്ചതില്‍ നിന്നും ഒട്ടും താഴെയല്ല കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ അസ്വസ്ഥമായ ഈ പിറുപിറുക്കലും.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും തന്ത്രി കുടുംബത്തെയും പന്തളം രാജാവിനെയും ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നുമൊക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ചെന്നിത്തലയും, വിധി പ്രസ്താവിച്ച ജഡ്ജിമാരെ അധിക്ഷേപിക്കുന്ന കെ സുധാകരനും നയിക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ഒരു നേതാവില്‍ നീന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍? എന്തെങ്കിലും പറയുമെന്ന് കരുതുന്ന യുവതുര്‍ക്കി വി.ടി ബല്‍റാമൊക്കെയാണെങ്കില്‍ മൌന വ്രതത്തിലാണല്ലോ!

അജയ് തറയിലിന്റെ ഇന്നലത്തെ കൊലമാസ് ഡയലോഗ് കൂടി പറഞ്ഞിട്ടു നിര്‍ത്താം. അത് ശബരിമലയില്‍ രക്തം ചീന്തി ആത്മീയ ഭീകരവാദം നടപ്പിലാക്കാന്‍ തീരുമാനിച്ച രാഹുല്‍ ഈശ്വറിനെകുറിച്ചാണ്.

"കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു രാഹുല്‍ ഈശ്വറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന്. അദ്ദേഹം ഒരു മന്ത്രിയല്ലേ. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള വകുപ്പെന്താണെന്ന് അദ്ദേഹത്തിനറിയില്ലേ. രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല. അതിന് ഇവിടുത്തെ ഭക്തസമൂഹം സമ്മതിക്കില്ല."

ജയ് കോജെപി..!

https://www.azhimukham.com/newswrap-tgmohandas-rahuleswar-rebuilds-polarised-kerala-after-sabarimala-womenentry-verdict-writes-saju/?fbclid=IwAR0sImSLcITjOEVO2_39Nc2oS71F5Kvnz_4ZUCEuICKpV-RYyIy9SFnfUAI

https://www.azhimukham.com/trending-bloodshed-sabarimala-rahul-eswar-statement-supporting-congress-leader-ajay-tharayil-news-discussion/

https://www.azhimukham.com/trending-bjp-rss-leader-tg-mohandas-talks-on-sabarimala-women-entry-in-reporter-channel/

https://www.azhimukham.com/kerala-karma-samithi-explain-their-plan-to-protest-on-women-entry-in-sabarimala-report-rakesh/

https://www.azhimukham.com/trending-facebook-diary-rahul-eswar-plan-b-to-block-sabarimala-women-entry-criticism-sreechithran-writes/

https://www.azhimukham.com/trending-pinarayis-abudhabi-journey-in-sabarimala-women-entry-protest-time-criticized-by-ajay-tharayil/

Next Story

Related Stories