Top

വോട്ട് തേടി വയനാട്ടിലേക്ക് വരുമല്ലോ അല്ലേ? അമിത് ഷാ & കമ്പനി അറിയാന്‍ ഒരു വയനാട്ടുകാരന്‍ എഴുതുന്നു

വോട്ട് തേടി വയനാട്ടിലേക്ക് വരുമല്ലോ അല്ലേ? അമിത് ഷാ & കമ്പനി അറിയാന്‍ ഒരു വയനാട്ടുകാരന്‍ എഴുതുന്നു
“രാഹുല്‍ ബാബ, തന്റെ മുന്നണിക്ക് വേണ്ടി കേരളത്തിലെ അത്തരമൊരു സീറ്റില്‍ മത്സരിക്കാന്‍ പോയി. അവിടെ നടന്ന പ്രകടനം കണ്ടാല്‍ ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് കാഴ്ചക്കാര്‍ക്ക് സംശയം തോന്നും. അത്തരമൊരു സീറ്റില്‍ അയാള്‍ മത്സരിക്കാന്‍ പോയി എന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല” എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ചത്.

ഇതിനകം ഹിന്ദുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ രാഹുല്‍ ന്യൂനപക്ഷങ്ങളുടെ നാട്ടിലേക്ക് ഒളിച്ചോടിയിരിക്കുകയാണ് എന്നു എല്ലാവരെയും തുല്യരായി പരിഗണിക്കും എന്നു ഭരണഘടന തൊട്ട് സത്യം ചെയ്ത പ്രധാനമന്ത്രിയും ഒരു മുഖ്യമന്ത്രിയും ആക്രോശിച്ചു കഴിഞ്ഞു. യോഗി എന്ന പേരില്‍ അറിയപ്പെടുന്ന ആ മുഖ്യമന്ത്രി ഒരു പടി കൂടി കടന്നു മുസ്ലീം ലീഗ് ഒരു വൈറസാണ് എന്നു ആക്ഷേപിക്കുകയും ചെയ്തു.

മോദിയും അമിത് ഷായും അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല. കാരണം അവരുടെ നാട്ടില്‍ നിന്നും ഒരു മുസ്ലീം നേതാവ് എം പിയായി പാര്‍ലമെന്റില്‍ എത്തിയിട്ട് 30 കൊല്ലം കഴിഞ്ഞു. നേരത്തെ എം പിയായി പാര്‍ലമെന്റില്‍ എത്തിയ കോണ്‍ഗ്രസ്സ് നേതാവ് ഇഹ്‌സാന്‍ ജാഫ്രി ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെടുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന ചരിത്രവും ഇത്തരുണത്തില്‍ ഓര്‍മ്മിക്കാം. ഗുജറാത്തിലെ ജനസംഖയുടെ 9.5 ശതമാനം മുസ്ലീം ജനസമൂഹം ആയിട്ടുകൂടി ജനാധിപത്യ പ്രക്രിയയില്‍ അവര്‍ അകറ്റി നിര്‍ത്തപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം.

1984ല്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷാ-മോദി ടീമിന്റെ പാക്കിസ്ഥാന്‍ ചാരന്‍ ആരോപണം നേരിട്ടയാളാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രിയാകാന്‍ അഹമ്മദ് പട്ടേല്‍ പാക് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി എന്നായിരുന്നു ആരോപണം.

രാഹുലിനെ പാക് ചാരനാക്കാനുള്ള ശ്രമമാണ് മോദിയും ഷായും കൂടി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നു വ്യക്തം. തിരഞ്ഞെടുപ്പ് ചട്ടങ്ങളെ നഗ്നമായി ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രചണ്ഡ പ്രചരണം അതിനു തെളിവാണ്. ഇന്ത്യ എന്ന ആശയത്തെയാണ് സങ്കുചിത വാദികളായ ഈ മൂന്ന് നേതാക്കളും അവരുടെ അനുയായി വൃന്ദവും തകര്‍ക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് വിജയിക്കാന്‍ എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് ധ്രുവീകരണ അജണ്ട കൊണ്ട് മാത്രമേ നേടാന്‍ കഴിയുകയുള്ളൂ എന്നു അവര്‍ കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഈ നേതാക്കളോട് ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ പറയാനുള്ളത് ഇത്രമാത്രം.

വയനാട് ജില്ലയില്‍ തിരുനെല്ലി പഞ്ചായത്തില്‍ എടയൂര്‍ക്കുന്ന് എന്ന സ്ഥലത്താണ് എന്റെ വീട്. എന്റെ വീടിന് ഇടതു ഭാഗത്ത് സിപിഎം പഞ്ചായത്ത് മെമ്പറായ സാലി വര്‍ഗ്ഗീസും പിറകില്‍ കുറിച്യ സമുദായത്തില്‍ പെട്ട അച്ചപ്പേട്ടനും കുടുംബവുമാണ് താമസിക്കുന്നത്. തൊട്ട് മുകളില്‍ എന്റെ അമ്മയോടൊപ്പം കുടുംബശ്രീയില്‍ ഉള്ള ഓമനേച്ചി. അവരുടെ മകന്‍ ഗള്‍ഫിലാണ്. അതിനുമപ്പുറം ഖദീജയുടെ വീടാണ്. മുന്‍പില്‍ ഈ അടുത്ത് മരണപ്പെട്ട സമ്പൂതിരി മാഷുടെ റബ്ബര്‍ തോട്ടമാണ്. അതിനും കുറച്ചു അപ്പുറത്ത് പണിയ വിഭാഗത്തില്‍ പെട്ട മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണ്. കുറച്ചു കൂടി അങ്ങോട്ട് പോയാല്‍ ഇനിയും നിരവധി പേരെ എനിക്കു പരിചയപ്പെടുത്താന്‍ പറ്റും. ഇവരില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരും ഉണ്ട്. കര്‍ഷക തൊഴിലാളികളും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. കൃഷിക്കാരുണ്ട്. ബാര്‍ബര്‍മാരുണ്ട്. തോട്ടം തൊഴിലാളികള്‍ ഉണ്ട്. കച്ചവടക്കാര്‍ ഉണ്ട്. ഇന്ത്യ എന്നു നമ്മള്‍ ഇതുവരെ ആഘോഷിച്ച് കൊണ്ടുനടന്ന ആശയത്തിന്റെ പെര്‍ഫക്റ്റ് ഉദാഹരണമാണ് എന്റെ നാട്.

ആ നാടിനെ പാക്കിസ്ഥാന്‍ എന്നു വിളിച്ച് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അപ്പോള്‍ യഥാര്‍ത്ഥ ദേശദ്രോഹികള്‍ ആരാണ്?

Next Story

Related Stories