TopTop
Begin typing your search above and press return to search.

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

നടന്‍ മഹേഷാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്ക് വേണ്ടി സംസാരിക്കാന്‍ ചാനലുകളിലെ അന്തിച്ചര്‍ച്ചകളില്‍ എത്തുന്നത്. എട്ടുമണിയുടെ ഏഷ്യാനെറ്റിലെ വിനുവിചാരണ മടുത്ത് മനോരമയിലെ ഷാനിയിലേക്ക് പോകുമ്പോ അവിടെ ഇരിക്കുന്നു മഹേഷ്. എന്നാല്‍ ഏട്ടുമണിക്ക് വേണു ആയിക്കോട്ടെ എന്നു കരുതി അങ്ങോട്ട് പോയപ്പോള്‍ ദേ അവിടെയുമുണ്ട്. വേണുവിന്റെ അലര്‍ച്ചകളില്‍ നിന്നും മീഡിയ വണ്ണില്‍ എത്തിയപ്പോള്‍ അവിടെയുമുണ്ട് ടിയാന്‍. ആള് കുമ്പിടിയാണല്ലോ എന്നു മനസില്‍ കരുതി ചാനലിലേക്ക് കണ്ണും തുറന്നിരിപ്പോള്‍ അവതാരകന്‍ നിഷാദ് റാവുത്തറുമായി കൊമ്പുകോര്‍ത്ത് ‘ജനാധിപത്യ’ പ്രസ്ഥാനമായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗം ചര്‍ച്ച ബൊയ്ക്കോട്ട് ചെയ്ത് ഇറങ്ങിപ്പോവുന്നു.

അപ്പുറത്തെ തലയ്ക്കല്‍ നിന്നും അഡ്വ. ആശ പറഞ്ഞു, ഒരു ചര്‍ച്ചയില്‍ പോലും സഹിഷ്ണുതയോടെ ഇരുന്നു കേള്‍ക്കാന്‍ മനസില്ലാത്തവരാണോ തങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംഘടനയ്ക്കകത്ത് നാലു പെണ്‍കുട്ടികളുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത്.

തന്റെ അഭിനയ പ്രതിഭകൊണ്ട് മലയാളികളെ അമ്പരപ്പിച്ച തിലകന്‍ എന്ന മഹാനടന്‍ മുന്‍പൊരിക്കല്‍ പോലീസ് സംരക്ഷണയിലാണ് അമ്മ യോഗത്തിന് എത്തിയത് എന്നതോര്‍ക്കുക.

ഇനി മഹേഷ് എന്ന ജനാധിപത്യവാദിയിലേക്ക് വരാം. മൂപ്പര്‍ കഴിഞ്ഞ രണ്ടു ദിവസമായി അവതാരകരോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് എന്താണ് ജനാധിപത്യം എന്നത്? ഒരു പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്റെ മുന്നില്‍ എന്ന വണ്ണം അവതാരകര്‍ ആദ്യം ഈ ബികോം ഫസ്റ്റ് ക്ലാസ്സുകാരന്റെ മുന്‍പില്‍ ഒന്നു പരുങ്ങി. മഹേഷ് ഇങ്ങനെ പറഞ്ഞു: ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കുന്ന സെറ്റപ്പാണ് ജനാധിപത്യം. ഉദാഹരണമായി അദ്ദേഹം ചോദിച്ചത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് കിട്ടിയയാളല്ലേ വിജയിക്കുന്നത് എന്നും.

അമ്പട! അമ്മയുടെ തലതൊട്ടപ്പന്‍മാരും ഹാസ്യ സാമ്രാട്ടുകളും എംഎല്‍എ ശിങ്കങ്ങളും എല്ലാം മൌനം ദീക്ഷിച്ച് ഈ ബുദ്ധിമാനെ എന്തിനാണ് ചാനല്‍ ചര്‍ച്ചയ്ക്ക് വിട്ടതെന്ന് ഇപ്പോ മനസിലായില്ലേ? രാഷ്ട്രീയ നേതാക്കളെ നാവിന്‍തുമ്പത്തു നിര്‍ത്തി വിറപ്പിക്കുന്ന അവതാരക ന്യായാധിപന്‍മാരെ മുട്ടുകുത്തിച്ചു കളഞ്ഞില്ലേ?

ഇനി മഹേഷ് പറഞ്ഞതിനെ ഇങ്ങനെ വ്യാഖ്യാനിക്കാം. ബലാത്സംഗ കേസില്‍ പ്രതിയായ ദിലീപിനെ അനുകൂലിച്ച് 500 അംഗങ്ങള്‍ വോട്ട് ചെയ്താല്‍ ആ നടന്‍ പുണ്യാളനായി. സ്ത്രീകള്‍ അനുകൂലിച്ചു സംസാരിച്ചാല്‍ ദിലീപ് സ്ത്രീപക്ഷവാദിയായി. എന്തൊരു ഉദാത്തമായ ജനാധിപത്യം. സ്ത്രീ സ്വാതന്ത്ര്യം.

പക്ഷേ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ അവസാന നിമിഷം വരെയും കാത്തു സൂക്ഷിക്കുന്നതാണ് അവന്റെ/അവളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നതാണ് ഉദാത്ത ജനാധിപത്യം എന്നു ആരാണ് ഈ ദന്തഗോപുരന് പറഞ്ഞു കൊടുക്കുക.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി സംഘപരിവാറിനെതിരെ തെരുവില്‍ നാടകം കളിച്ച അലന്‍സിയാര്‍ കോമ്രേഡ്, താങ്കള്‍ക്ക് പറ്റുമോ? എന്തിനും ഏതിനും പിണറായി വിജയന്റെ മേല്‍ മേക്കിട്ട് കയറുന്ന സഖാവ് ജോയ് മാത്യുവിനോ? ഇനിയുമുണ്ടല്ലോ 'ബുദ്ധിയുള്ള' താരങ്ങള്‍ ആ സംഘടനയില്‍. അവര്‍ക്കാര്‍ക്കെങ്കിലും...

എന്തായാലും ജനാധിപത്യത്തിന്റെ നടത്തിപ്പുകാരായ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ താരങ്ങളോട് കലിച്ചു നില്‍ക്കുകയാണ്. മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ധനമന്ത്രി ഡോ. ടി എം തോമസ് ഐസകും മന്ത്രി കെ കെ ശൈലജയും കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും ബിജെപിയുടെ വി മുരളീധരന്‍ എംപിയും യുവതുര്‍ക്കി വി ടി ബല്‍റാമുമെല്ലാം ശക്തമായ പ്രസ്താവനകളുമായി രംഗത്തുണ്ട്. നടിമാരുടെ നടപടി ധീരം എന്നാണ് വി എസ് പറഞ്ഞത്. അംഗങ്ങളുടെ വാക്കുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സംഘടനയാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിവേചനത്തിനെതിരെയും തുല്യനീതിയ്ക്കു വേണ്ടിയും വലിയ പോരാട്ടങ്ങൾ നടക്കുന്ന കാലമാണിത്. ആ ഘട്ടത്തിലാണ്, സമൂഹത്തെ ഏറ്റവും സ്വാധീനിക്കുന്ന കലാരൂപമായ സിനിമയുടെ തലപ്പത്തിരിക്കുന്നവർ ക്രൂരമായ സ്ത്രീവിരുദ്ധതയ്ക്ക് കുട പിടിക്കുന്നവരാണെന്ന ആരോപണമുയരുന്നത്, ഐസക് പറഞ്ഞു.

https://www.azhimukham.com/trending-thomasisac-response-on-resignation-of-actress-from-amma/

ലോകമാകെ പടര്‍ന്ന് പിടിച്ച, ഹോളിവുഡിനെ പോലും പിടിച്ചുകുലുക്കിയ, നോബല്‍ സാഹിത്യ പുരസ്കാരം വേണ്ടെന്ന് വെപ്പിച്ച, മലയാളി സിനിമാ പ്രേക്ഷകരുടെ ആരാധനാ മൂര്‍ത്തിയായ കിം കി ഡുക്കിനെ പോലും പ്രതിസ്ഥാനത്ത് നിര്‍ത്തിയ #MeToo പ്രസ്ഥാനത്തെയാണ് തോമസ് ഐസക് ഓര്‍മ്മിപ്പിക്കുന്നത്.

എന്തായാലും അമ്മ വക്താവ് മഹേഷ് ഇതിനെ കുറിച്ച് കേട്ടിരിക്കാതിരിക്കാന്‍ വഴിയില്ല. ആലപ്പുഴ ഉദയ സ്റ്റുഡിയോയ്ക്കരികില്‍ താമസിച്ചതാണ് സിനിമയോട് അഭിനിവേശം ഉണ്ടാക്കിയത് എന്നു മഹേഷിന്റെ വിക്കി പീഡിയ ചരിത്രം പറയുന്നു. 1989ല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച കള്‍ട്ട് ഫിലിമായ മൃഗയയിലൂടെ സിനിമയിലേക്ക് വന്ന മഹേഷ് സഹനടനായും നായകനായും പ്രതിനായകനായും സിനിമയില്‍ തിളങ്ങി. എന്നാല്‍ അവസരം കുറഞ്ഞിട്ടോ അതോ ആരെങ്കിലും പാര വെച്ചിട്ടോ എന്താണെന്നറിയില്ല അദ്ദേഹം 2001ല്‍ ഒരു ബ്രേക്ക് എടുത്തു, ദിലീപ് സിനിമയായ സൂത്രധാരനില്‍ അഭിനയിച്ചുകൊണ്ട്. നേരെ പോയത് അമേരിക്കയിലേക്ക്. സാക്ഷാല്‍ ഹോളിവുഡ് സ്ഥിതി ചെയ്യുന്ന അമേരിക്കയിലേക്ക്. അഭിനയിക്കാനല്ല. ജീവിതം കരുപ്പിടിപ്പിക്കാന്‍.

എന്തായാലും ഒരുവട്ടമെങ്കിലും ടൂറിസ്റ്റായി മഹേഷ് ഹോളിവുഡ് കാണാന്‍ പോയിട്ടുണ്ടാവും എന്നു കരുതാം. അപ്പോള്‍ മിറമാക്സ് എന്നും ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്നുമൊക്കെ കേട്ടിട്ടുണ്ടാവും എന്നതുറപ്പ്. ഇല്ലെങ്കില്‍ ഈ ലിങ്ക് വായിക്കുക..

https://www.azhimukham.com/film-hollywood-doyen-harvey-weinstein-and-dileep/

ഇനി ജനാധിപത്യവാദി മഹേഷ് ചാനലിലൂടെ വിളിച്ചുപറഞ്ഞ സത്യങ്ങള്‍ കൂടാതെ ഫേസ്ബുക്കിലൂടെ പറഞ്ഞ 'സത്യങ്ങള്‍' വായിക്കുക;

"എനിക്ക് ഒരു കാര്യം എഴുതുകയും അതുവഴി ചില സത്യങ്ങൾ മലയാള സിനിമാ പ്രേക്ഷകരെ അറിയിക്കണമെന്നുണ്ട്. എന്നാൽ എഴുതുംമുൻപേ ഒരു കാര്യം ഭൂമിയോളം താഴ്ന്ന് പറഞ്ഞുകൊള്ളട്ടെ. ഇത് വായിച്ച് സഭ്യതയില്ലാത്ത വാക്കുകൾ കൊണ്ട് എന്നെ അടക്കി നിർത്താൻ ദയവായി ഈ പേജ് വായിക്കുന്നവർ മുതിർന്നേക്കരുത്. സൈബർ സെൽ; പോലീസ് കേസ് മുതലായ കലാപരുപാടികളിൽ താത്പര്യമില്ലാത്തതിനാലാണ്. ഇനി കാര്യത്തിലേയ്ക്ക് കടക്കാം...

അമ്മയുടെ നാലു നടികൾ രാജിവെച്ചു. W.C.C അംഗങ്ങൾ കൂടിയായ നാലു പേരാണ് രാജിവെച്ചത്. തികച്ചും നിർഭാഗ്യകരമായ കാര്യമായിപ്പോയി അത്. രാജിവെച്ച ഒരാൾ ഇരയാക്കപ്പെട്ട നടിയാണ്. അവർ പക്ഷേ രാജിക്ക് കാരണമായി പ്രധാനമായി പറയുന്നത് തന്റെ നിരവധി അവസരങ്ങൾക്ക് തടസ്സമായി ദിലീപ് എന്ന നടൻ നിന്നുവെന്നതാണ്. ഇത് ഇരയായ നടി രേഖാമൂലം അമ്മ അസ്സോസ്സിയേഷന് നൽകിയിട്ടും അമ്മ ഒന്നും ചെയ്തില്ല എന്നാണ്. തികച്ചും സത്യവിരുദ്ധമായ കാര്യമാണത്. നാളിതുവരെ ഇങ്ങനെ ഒരു ആക്ഷേപം നടനെതിരെ ഈ നടി അമ്മയിൽ നൽകിയിട്ടില്ല. രേഖാമൂലമോ വാക്കാലോ നൽകിയിട്ടില്ല. വന്നിരുന്നെങ്കിൽ തീർച്ചയായും നടപടിയുടെ തുടക്കമായി ദിലീപിനോട് വിശദീകരണം ചോദിച്ചേനെ.

മറ്റുള്ളവർ പ്രധാനമായും രാജിയുടെ കാരണമായി പറയുന്നത് അവർക്ക് അമ്മയിൽ അവരുടെ പ്രതികരണങ്ങൾ പറയുവാൻ സാധിക്കുന്നില്ല എന്നാണ്. അതുകൊണ്ടാണോ W. C. C ഉണ്ടായ വേളയിൽ ഇരുപത്തിമൂന്നാം ജനറൽ ബോഡിയിൽ ഗീതു മോഹൻദാസ് വേദിയിൽ മൈക്കിലൂടെ W. C. C യ്ക്കു വേണ്ടി മമ്മൂട്ടിയോടും മോഹൻലാലിനോടും ഇന്നസെന്റിനോടും അമ്മയോടും നന്ദി പറഞ്ഞ് പ്രസംഗിച്ചത്? അവർക്ക് പറയുവാനുള്ളത് അമ്മ അംഗങ്ങൾ ശ്രവിച്ചത്. എന്നിട്ട് പുറത്തേയ്ക്ക് ഇറങ്ങിയ റിമ കല്ലിങ്കൽ മീഡിയക്കാരോട് പറഞ്ഞതെന്താ? ഞങ്ങൾക്കു പറയുവാനുള്ളത് ആരും കേട്ടില്ലാന്ന്. രമ്യ നമ്പീശൻ കഴിഞ്ഞ എക്സ്സിക്യൂട്ടിവ് മെംബറായിരുന്നല്ലോ. എന്തേ ആക്രമണത്തിനിരയായ നടിയുടെ പരാതി അഥവാ നൽകിയിട്ടുണ്ടായിരുന്നെങ്കിൽ മുൻകൈ എടുത്ത് അതിനായി യത്നിച്ചില്ല? എന്തുകൊണ്ട് അമ്മയുടെ കുറ്റം പറയുവാനായി നാഴികയ്ക്ക് നാൽപതു വട്ടം മീഡിയയുടെ മുന്നിൽ വരുന്ന ഇവരാരും ഒരു വാക്ക് മിണ്ടിയില്ലാ? എന്തേ W.C.C യുടെ സ്ഥാപക നേതാവ് മഞ്ജു വാരിയർ അമ്മയിൽ നിന്നും രാജിവെച്ചില്ല? പതിനെട്ട് പേരുടെ സംഘടനയിൽ എന്തേ ആൾക്കാർ കൊഴിഞ്ഞു പോകുന്നു? അതു പിന്നെ പോകട്ടെ, അവരുടെ കാര്യം. ഇരുപത്തിനാല് വർഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന അമ്മയെന്ന ആൽവൃക്ഷത്തിന് നാല് ഇല കൊഴിഞ്ഞു പോയാൽ വിഷമം തോന്നുമെങ്കിലും വൃക്ഷത്തിന് ഒന്നും സംഭവിക്കുവാൻ പോകുന്നില്ല. അത് തണൽ വിരിച്ച് നിൽക്കുക തന്നെ ചെയ്യും. നൂറ്റി നുപ്പതോളം പേർക്ക് കൈ നീട്ടം കൊടുക്കുന്നുണ്ട് എല്ലാ മാസവും. അക്ഷര ക്രമത്തിൽ പാവപ്പെട്ടവർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകി. പാവങ്ങൾക്കായി ആംബുലൻസ്സ് സർവീസ്സ് തുടങ്ങി. ഇനിയും എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു; ചെയ്യുവാനിരിക്കുന്നു.

നാലു പേർ മാത്രമാണ് ശരി, അഞ്ഞുറോളം പേർ തെറ്റ് എന്നാണ് അവർ വിശ്വസിക്കുന്നതെങ്കിൽ: പിന്നെ എനിക്ക് ഒന്നും പറയാനില്ല. മലയാള സിനിമയ്ക്ക് നൻമകൾ മാത്രം നേർന്നു കൊണ്ട് നിങ്ങളുടെ സ്വന്തം മഹേഷ്.

അമ്മയെന്ന ആല്, നാലിലകള്‍... എന്തൊരു സുന്ദര ജനാധിപത്യ ഭാവന... അല്ലേ?

https://www.azhimukham.com/offbeat-amma-controversy-mla-bijyo-babu/

https://www.azhimukham.com/film-wcc-member-vidhu-vincent-reaction-actress-resign/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories