Top

ബെഹ്റ ചില്ലറക്കാരനല്ല... കുമ്പിടിയാ..കുമ്പിടീ..!

ബെഹ്റ ചില്ലറക്കാരനല്ല... കുമ്പിടിയാ..കുമ്പിടീ..!
സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചത് ചട്ടവിരുദ്ധമാണ് എന്ന വാര്‍ത്ത ഇന്നലത്തെ ചാനലുകള്‍ അന്തിചര്‍ച്ചയായും ഇന്നത്തെ പത്രങ്ങള്‍ ഒന്നാം പേജ് വാര്‍ത്തയായും വളരെ പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. ആറുമാസത്തിന് മുകളില്‍ നീളുന്ന താല്‍ക്കാലിക നിയമനങ്ങള്‍ക്ക് കേന്ദ്രാനുമതി വേണം എന്നതാണ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചതിനെ ചട്ട വിരുദ്ധമാക്കുന്നത്. ബെഹ്റ പോലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനവും വഹിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 11 മാസമായി.

“കഴിഞ്ഞ മാര്‍ച്ചിലാണ് ജേക്കബ് തോമസിനെ മാറ്റി ലോകനാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കിയത്. പിന്നീട് ഇത് സ്ഥിര നിയമനമാക്കി. ഒരേ കേഡര്‍ തസ്തികയിലുള്ള ഇരട്ടപ്പദവി ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കുന്നതു നിയമം അനുവദിക്കുന്നില്ല.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ചട്ടങ്ങളുടെ പ്രശ്നം മാത്രമല്ല. പോലീസിലെ അടക്കം അഴിമതികള്‍ അന്വേഷിക്കേണ്ട സംവിധാനമാണ് വിജിലന്‍സ്. അതിന്റെയും പോലീസിന്റെയും മേധാവി ഒരാള്‍ തന്നെ ആയാല്‍ എങ്ങിനെ അന്വേഷണം കാര്യക്ഷമമായും സത്യസന്ധമായും നടക്കും എന്നതാണ് പ്രധാന പ്രശ്നം. എന്തായാലും വിജിലന്‍സില്‍ കാര്യങ്ങളുടെ പോക്ക് ശരിയായ വഴിക്കല്ല.

ഉന്നതര്‍ പ്രതിയായ പല കേസുകളും തെളിവില്ല എന്നു പറഞ്ഞു അന്വേഷണം അവസാനിപ്പിക്കാനുള്ള ഫയലില്‍ ഒപ്പുവെക്കുകയാണ് ബെഹ്റയുടെ മുഖ്യ കലാപരിപാടി എന്നാണ് മാധ്യമ വാര്‍ത്തകള്‍. ഇതില്‍ രാഷ്ട്രീയ അഴിമതിയുടെ ഫയലുകള്‍ മാത്രമല്ല എന്നതാണ് ചട്ട ലംഘനത്തിന്റെ ഭീഷണ മുഖം വെളിവാക്കുന്നത്.

ചുമതലയേറ്റ “11 മാസത്തിനിടെ ഉന്നതര്‍ പ്രതികളായ 13 കേസുകളില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി” എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. “അഴിമതി കേസുകളില്‍ അടക്കം പ്രതികളായ 30 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. ഉന്നതര്‍ക്കെതിരെ അന്വേഷണം മുറുകുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും വിജിലന്‍സില്‍ പതിവായി. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട 688 ത്വരിത പരിശോധനകളാണ് ബെഹ്റ വിജിലന്‍സ് ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്നത്. ഇതി പകുതിയും തെളിവില്ല എന്ന പേരില്‍ അവസാനിപ്പിച്ചു.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/keralam-illegal-activities-of-tomin-thachankary/

എന്നാല്‍ ചട്ട ലംഘനത്തിന്റെ ഗൌരവതരമായ ഫലം എന്നു പറയുന്നതു പോലീസിലെ ഉന്നതര്‍ക്കെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു എന്നുള്ളതാണ്. എസ് പി രാഹുല്‍ നായര്‍ക്കെതിരെയുള്ള ക്വാറി കൈക്കൂലി കേസ് ഉള്‍പ്പെടെ 13 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകള്‍ തെളിവില്ലെന്ന് പറഞ്ഞു അന്വേഷണം അവസാനിപ്പിച്ചു എന്നാണ് മലയാള മനോരമ പറയുന്നത്. കേരള പോലീസിലെ തന്നെ 'കുപ്രസിദ്ധ'നായ പോലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിക്കെതിരെയുള്ള ഏഴു ത്വരിതാന്വേഷണങ്ങളില്‍ ആറും തെളിവില്ലെന്ന് കണ്ടു അവസാനിപ്പിച്ചു എന്നും മനോരമ റിപ്പോര്‍ട്ടിലുണ്ട്.

അപ്പോള്‍ ഇതൊക്കെ ശരിയെന്ന് വന്നാല്‍ അഴിമതിക്കെതിരെ നടത്തുന്ന കവല പ്രസംഗങ്ങളും പിന്നെ പിണറായിയുടെ സുപ്രസിദ്ധമായ 'ഫയലിലെ ജീവിത' പ്രസംഗവും മാത്രമാണ് ഇടതു സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഇതുവരെയുള്ള നീക്കിബാക്കി എന്നു പറയേണ്ടി വരും. അഴിമതിക്കെതിരെ സീറോ കറപ്ഷന്‍ സിദ്ധാന്തവുമായി വന്ന ജേക്കബ് തോമസ് വിദേശത്തു ജോലി ശരിയാക്കി തരണമെന്ന് പറഞ്ഞു മോദിക്ക് കത്തെഴുതിയിരിക്കുകയാണ് ഇപ്പോള്‍. അല്ലെങ്കില്‍ സര്‍ക്കാരും, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ മേധാവികളും, കോടതിയും ഒക്കെ കൂടി അദ്ദേഹത്തെ കെട്ടുകെട്ടിക്കും എന്നു തീര്‍ച്ച.

http://www.azhimukham.com/keralam-why-jacobthomas-writes-saju/

കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസും ബജറ്റ് വിറ്റ കേസുമൊക്കെ പരണത്ത് വെച്ചു കഴിഞ്ഞു. മന്ത്രിമാരായ കടകംപള്ളി, മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെയും, മുന്‍ മന്ത്രി ഇ പി ജയരാജന് എതിരെയുള്ള ബന്ധു നിയമന കേസിന്റെയും അവസ്ഥ തഥൈവ. കെ ബാബു, അനൂപ് ജേക്കബ് തുടങ്ങി അര ഡസനോളം മുന്‍ യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളുടെ കാര്യത്തില്‍ എന്തായാലും മനോരമ തന്ത്രപൂര്‍വ്വമായ മൌനം പാലിക്കുന്നതും വാര്‍ത്തയ്ക്കിടയില്‍ വായിക്കുക.

http://www.azhimukham.com/newswrap-kerala-mani-keralacongress/

“പൂര്‍ണ്ണസമയ ഡയറക്ടര്‍ ഇല്ലാതായതോടെ വിജിലന്‍സ് പ്രവര്‍ത്തനം അവതാളത്തിലാണ്. കേസെടുക്കണോ എന്നു തീരുമാനിക്കേണ്ടതും കുറ്റപത്രത്തിന് അന്തിമാനുമതി നല്‍കേണ്ടതും ഡയറക്ടറാണ്. 2016ല്‍ 336 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്തത് 149 കേസ്” മലയാള മനോരമ പറയുന്നു.

കേസിന്റെ എണ്ണം കുറയുന്നത് അഴിമതി കുറയുന്നതിന്റെ തെളിവായി രണ്ടാം വര്‍ഷ പ്രോഗ്രസ്സ് കാര്‍ഡ് ഇറങ്ങുമായിരിക്കും. ഏറ്റുവാങ്ങാന്‍ ചില രാവണപ്രഭുക്കന്‍മാരും എത്തും.

ബെഹ്റ ചില്ലറക്കാരനല്ല... കുമ്പിടിയാ..കുമ്പിടി..!

http://www.azhimukham.com/newswrap-government-appoints-experts-in-disaster-management-authority/

http://www.azhimukham.com/news-wrap-what-film-director-ranjith-said-about-progress-report-of-pinarayi-vijayan-govt-by-saju/

Next Story

Related Stories