Top

താടിയുള്ള മുസ്ലീം തൊപ്പിക്കാരന്‍; സംഘപരിവാര്‍ യുക്തിക്ക് ഏഷ്യാനെറ്റിന്റെ പ്രച്ഛന്ന വേഷം

താടിയുള്ള മുസ്ലീം തൊപ്പിക്കാരന്‍; സംഘപരിവാര്‍ യുക്തിക്ക് ഏഷ്യാനെറ്റിന്റെ പ്രച്ഛന്ന വേഷം
മലയാള മനോരമ ഈ വര്‍ഷത്തെ ന്യൂസ് മെയ്ക്കറായി തിരഞ്ഞെടുത്ത സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കാവുന്ന ഏറ്റവും കനത്ത പ്രഹരമാണ് ഇന്നലെ ഏഷ്യാനെറ്റ് കൊടുത്തത്. ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും അഴിമതിക്കെതിരെയും ഭൂമി കയ്യേറ്റത്തിനെതിരെയും പരിസ്ഥിതിക്ക് വേണ്ടിയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും മേല്‍പറഞ്ഞതിന് ഒത്താശപാടുന്നു എന്ന് പൊതുസമൂഹം കരുതുന്ന സിപിഎമ്മിനെയും അതിന്റെ നേതാവും ഇപ്പോഴത്തെ ഇടതു ഗവണ്‍മെന്‍റിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയും സദാ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്തതിനാണ് ഈ അവാര്‍ഡ്. ഇതേ അവാര്‍ഡ് നേരത്തെ പിണറായി വിജയനും കിട്ടിയിട്ടുണ്ട്. അത് കാനം നിലകൊള്ളുന്നു എന്ന് പറയുന്ന ആദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ പോരാടുന്നതിന് നല്‍കിയ അവാര്‍ഡാണ്. മനോരമ തന്നെക്കുറിച്ച് നല്ലത് പറയുമ്പോള്‍ തനിക്ക് എന്തോ തെറ്റുപറ്റിയിരിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന ഇ എം എസിന്‍റെ വാക്കുകള്‍ ഓര്‍ക്കുക.

ഇവിടത്തെ വിഷയം അതല്ല. സര്‍ക്കാരിന്റെ മിച്ചഭൂമി വ്യാജ രേഖയുണ്ടാക്കി സ്വന്തമാക്കാന്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാട് റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയുടെ വയനാട് ജില്ലാ സെക്രട്ടറി കൈക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ തന്നെ അഴിമതി ഉണ്ട് എന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍. വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര കാനത്തിന്റെ പാതയില്‍ അല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു വീഡിയോയിലെ അയാളുടെ സംഭാഷണങ്ങളും ശരീരഭാഷയും. എന്തായാലും കേരളത്തില്‍ ഭൂമി മാഫിയയുണ്ട് എന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടികളും മാലാഖമാര്‍ അല്ലെന്നതും ഉദ്യോഗസ്ഥ പ്രമാണിമാര്‍ യാതൊരു ഉളുപ്പുമില്ലാതെ കാശ് പോക്കറ്റിലാക്കുന്നുണ്ട് എന്നതും ഏഷ്യാനെറ്റിന്റെ ഒളിക്യാമറ ഓപ്പറേഷന്‍ വേണ്ട ജനത്തിന് ബോധ്യപ്പെടാന്‍. അത് അവര്‍ നിത്യജീവിത അനുഭവത്തില്‍ നിന്നും തിരിച്ചറിയുന്ന സത്യമാണ്. പക്ഷേ അതിനര്‍ത്ഥം ഏഷ്യാനെറ്റ് ചെയ്തതിനെ വില കുറച്ചു കാണുന്നു എന്നല്ല. ഒളിക്യാമറ മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയും അധാര്‍മ്മികതയും എന്തോ ആയിക്കൊള്ളട്ടെ പൊതുമുതല്‍ കട്ടുമുടിക്കുന്ന കള്ളന്‍മാര്‍ ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു എന്നതുതന്നെയാണ് ആത്യന്തിക യാഥാര്‍ഥ്യം.

പക്ഷേ ഏഷ്യാനെറ്റിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ വേറെ ഒരുതരത്തില്‍ അലോസരപ്പെടുത്തുന്നു എന്നകാര്യം പറയാതിരിക്കാനാവില്ല. അത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ പ്രച്ഛന്ന വേഷമാണ്. അത് ഷാജി കൈലാസും രഞ്ജിത്തും രഞ്ജി പണിക്കറും ഒക്കെ ചേര്‍ന്ന് കാലങ്ങളായി മുഖ്യധാര സിനിമകളിലൂടെ നമ്മുടെ മനസിലേക്ക് വിക്ഷേപിച്ച 'തട്ടിപ്പുകാരനായ മുസ്ലീ'മിന്‍റെ പ്രതിനിധാനം അല്ലാതെ മറ്റെന്താണ്?

http://www.azhimukham.com/newswrap-pinarayi-cpi-tussle-in-thomaschandy-resignation-sajukomban/

വേഷം മാറലിന്റെ ക്ലാസിക് ഉദാഹരണം നമ്മള്‍ കണ്ടുമറന്ന പട്ടണപ്രവേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ തമിഴ്നാട് സി ഐ ഡികളായ ദാസനും വിജയനും കുട നന്നാക്കുന്ന മുസ്ലീം തൊപ്പിക്കാരായി വരുന്നതാണ്. പിടിക്കപ്പെടുമ്പോള്‍ ഇവരില്‍ ആരോപിക്കപ്പെടുന്നത് ഈ രൂപമാറ്റവും ചേര്‍ന്നുണ്ടാക്കുന്ന കള്ള ലക്ഷണമാണ്.

ഈ അടുത്തിറങ്ങിയ പൂമരം എന്ന സിനിമയില്‍ അതിഥി താരമായി എത്തുന്ന കുഞ്ചാക്കോ ബോബന്‍ തന്റെ കുട്ടിക്കാലത്തെ അഭിനയ അനുഭവം പറയുന്നുണ്ട്. തലയില്‍ ഒരു വട്ടക്കെട്ടും അരയില്‍ ബെല്‍ട്ടും മുഖത്തൊരു വലിയ മറുകും കൊമ്പന്‍ മീശയും കയ്യില്‍ ഒരു പൂവന്‍ കോഴിയുമായി വരുന്ന മുസ്ലീം രൂപമാണ് അത്.

അറബി വേഷങ്ങള്‍ ഹോളിവുഡില്‍ ക്രൂരന്‍മാരും മലയാളത്തില്‍ മണ്ടശിരോമണികളും ആയി എത്രയോ തവണ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനിയും വരാനിരിക്കുന്നു.

http://www.azhimukham.com/news-wrap-sultan-bin-mohammed-al-quasimi-broke-uncivilised-arab-representation-sajukomban/

ഈ ജനപ്രിയ വര്‍പ്പുമാതൃക ഏഷ്യാനെറ്റ് ലേഖകന്‍ ജെയ്സണ്‍ മണിയങ്ങാട്ടിനെ സ്വാധീനിച്ചു എന്നത് അത്ര നിഷ്കളങ്കമായ കാര്യമല്ല. തങ്ങള്‍ കാണാന്‍ പോകുന്ന ക്ളൈന്‍റിനും വാര്‍ത്ത കാണുന്ന ലക്ഷോപലക്ഷം ജനങ്ങള്‍ക്കും വിശ്വാസ്യയോഗ്യമാകുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ താടിയുള്ള തൊപ്പിക്കാരന്‍ തന്നെ വേണം എന്ന ജെയ്സന്റെ തെരഞ്ഞെടുപ്പിന് പിന്നില്‍ അബോധമായും ബോധത്തോടെയും പ്രവര്‍ത്തിച്ച രാഷ്ട്രീയം എന്തെന്നും വ്യക്തമാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി പി വി അന്‍വര്‍ എന്ന ‘തട്ടിപ്പു’കാരനായ എം എല്‍ എക്കെതിരെ ഏഷ്യാനെറ്റ് സംപ്രേക്ഷപണം ചെയ്തുവരുന്ന സത്യസന്ധവും തെളിവുകളുടെ അടിസ്ഥാനത്തിലും ഉള്ള വാര്‍ത്തകളുടെ വിശ്വാസ്യതയെ ഈ തരത്തില്‍ ഉപയോഗിക്കപ്പെട്ടതായും വ്യാഖ്യാനിക്കാം.

http://www.azhimukham.com/keralam-millionaires-in-kerala-politics-faces-eviction-threat/

ഇന്ത്യന്‍ മുസ്ലീങ്ങള്‍, കേരളത്തിലാണെങ്കില്‍ മലബാറിലെ/മലപ്പുറത്തെ മുസ്ലീങ്ങള്‍ ഹവാല പണമിടപാടുകാരും കള്ളക്കച്ചവടക്കാരും ഭൂമാഫിയയും ഒക്കെയാണ് എന്നു സംഘപരിപാര്‍ നിരന്തരം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന യുക്തിയുടെ ദൃശ്യ ആഖ്യാനമായി ഏഷ്യാനെറ്റ് ഒളിക്യാമറ ദൃശ്യങ്ങള്‍ മാറി എന്നു പറയാതിരിക്കാന്‍ വയ്യ.

ഇത്രയും പറഞ്ഞത് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര അഴിമതിയ്ക്ക് കൂട്ട് നിന്നിട്ടില്ല എന്നതിനും മുസ്ലീം സ്വത്വമുള്ള മുതലാളിമാര്‍ എല്ലാം മാലാഖമാര്‍ ആണ് എന്നതിനും ഏഷ്യാനെറ്റ് ലേഖകനെ റോഡിലിറങ്ങി നടക്കാന്‍ അനുവദിക്കില്ല എന്ന എ ഐ വൈ എഫ് കുട്ടിക്കുരങ്ങന്‍മാരുടെ ഭീഷണി മുദ്രാവാക്യങ്ങള്‍ക്കും ഒരു തരത്തിലുമുള്ള ന്യായീകരണമല്ല.

വാല്‍കഷ്ണം: പ്രതിനിധാനം ഒരു ചതിക്കുഴിയാണ്. മലപ്പുറത്തെ കുറിച്ചുള്ള വാര്‍പ്പുമാതൃകകള്‍ പൊളിച്ചടുക്കിയ സുഡാനി ഫ്രം നൈജീരിയ ചെന്നു പതിച്ചതെവിടെയാണ് എന്നു നോക്കുക. നൈജീരിയന്‍ താരം ആരോപിച്ച വംശീയ വിവേചനം എന്നത് ഒരു വേതന വിഷയം മാത്രമല്ല. കറുത്ത ഭൂഖണ്ഡം ഏത് എന്ന പൊതുവിജ്ഞാന ചോദ്യം മുതല്‍ ആഫ്രിക്കയെ കുറിച്ചുള്ള ആഗോള പ്രതിനിധാനങ്ങളുടെ പ്രശ്നം കൂടിയാണ് അത്. ധനമന്ത്രി ടിഎം തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചെയ്തതുപോലെ വേതനത്തില്‍ ചുരുക്കേണ്ട ഒന്നല്ല അത്.

http://www.azhimukham.com/trending-response-by-thomasisac-on-samuelabiolarobinsons-allegations/

വംശീയ ആരോപണ വിവാദം ഉയരുന്നതിന് മുന്‍പ് അഴിമുഖം കോളമിസ്റ്റ് സോമി സോളമന്‍ ഇട്ട ഈ ഫേസ്ബുക്ക് പോസ്റ്റ് ഒന്നു വായിച്ചു നോക്കൂ..http://www.azhimukham.com/trending-viral-somysolomon-sudan-actor-samuel/Next Story

Related Stories