TopTop

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ
"വീട് വിട്ടിറങ്ങി ആയിഷ എന്ന പേരും ഇസ്ലാം മതവും സ്വീകരിച്ച ആതിര തിരിച്ചെത്തി. സ്വന്തം വീട്ടിലേക്കും ഹിന്ദു മതത്തിലേക്കും” (കേരള കൌമുദി).

"ഇസ്ലാം മതം സ്വീകരിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും താന്‍ ഹിന്ദു മതവിശ്വാസത്തിലേക്ക് തിരിച്ചുവന്നതായും കാസര്‍ഗോഡ് ഉദുമ സ്വദേശി ആതിര" (മാതൃഭൂമി)

"മതം മാറിയ പെണ്‍കുട്ടി മുന്‍പത്തെ മതത്തിലേക്ക് തിരിച്ചെത്തി" (മലയാള മനോരമ)

"താൻ മതം മാറിയത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്ന് ഇസ്ലാം സ്വീകരിച്ച കാസർകോട് ഉദുമ സ്വദേശി ആതിര" (മാധ്യമം)

"ഇപ്പോള്‍ ഞാന്‍ ആയിഷയല്ല. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആതിര തന്നെയാണ്. എന്നെ തെറ്റിദ്ധരിപ്പിച്ച് മതം മാറ്റുകയായിരുന്നു. സനാതന ധര്‍മ്മത്തിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്" (ജന്‍മഭൂമി)

"വീട് വിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച കാസര്‍ഗോഡ് സ്വദേശിനി ആയിഷ വീണ്ടും ആതിരയായി. വിവിധ മതങ്ങളുടെ ആശയങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് സ്വന്തം മതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്" (ദേശാഭിമാനി)

കൊച്ചിയില്‍ ഇന്നലെ നടന്ന ഒരു മാധ്യമ സമ്മേളനത്തെ കുറിച്ചുള്ള വിവിധ മലയാള പത്രങ്ങളുടെ റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. മലയാളിയുടെ മതേതര മനസിനെ ആശങ്കപ്പെടുത്തുന്ന അപകടകരമായ വിസ്ഫോടന ശേഷിയുള്ള വാക്കുകളും സൂചനകളും അടങ്ങിയതാണ് ഈ ഇന്‍ട്രോകള്‍. അതില്‍ നാം കടന്നു പോകുന്ന, നമ്മെ കാത്തിരിക്കുന്ന കെട്ടകാലത്തിന്റെ സൂചനകള്‍ ഉണ്ട്.

കഴിഞ്ഞ ജൂലൈ പത്താം തീയതി ആയിരുന്നു ആതിര മാതാപിതാക്കള്‍ക്ക് കത്തെഴുതി വെച്ച് ഇസ്ലാം മതം പഠിക്കാന്‍ വീട് വിട്ടിറങ്ങിയത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം മതം മാറി ആയിഷ എന്ന പേര് സ്വീകരിച്ച് പോലീസിന് മുന്‍പില്‍ ഹാജരാവുകയായിരുന്നു. താന്‍ മാതാപിതാക്കളുടെ ഒപ്പം പോകാന്‍ തയ്യാറാണ് എന്നു പറഞ്ഞ ആയിഷ പക്ഷേ തിരിച്ചു തന്നെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തരുത് എന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നാലെ മകളുടെ മതം മാറ്റത്തിന് പിന്നില്‍ ഐ എസ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് എത്തുകയായിരുന്നു. ലവ് ജിഹാദ് ആണെന്ന് സംഘപരിവാര്‍ സംഘടനകളും ആരോപിച്ചു.അതേ സമയം തന്റെ മതം മാറ്റത്തിന് പിന്നില്‍ ആരുടേയും നിര്‍ബന്ധം ഇല്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞത്.

http://www.azhimukham.com/india-hadiya-case-and-nia-investigation-on-love-jihad/

അതേ പെണ്‍കുട്ടി രണ്ട് മാസങ്ങള്‍ക്കിപ്പുറം പറയുന്നത് ഇങ്ങനെയാണെന്ന് മാതൃഭൂമി, "ഹിന്ദു മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയാണ് മതം മാറ്റത്തിന് ഇടയാക്കിയത്. മതം മാറാനും ഇസ്ലാം മതത്തെ കുറിച്ചു പഠിപ്പിക്കുന്നതിനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നു. മതപഠനത്തിന്റെ ഭാഗമായി സാക്കിര്‍ നായ്ക്കിന്റെ പ്രഭാഷണങ്ങളടക്കം കേള്‍പ്പിച്ചിരുന്നു".

അതേസമയം, "വിവാഹം കഴിക്കുകയാണെകില്‍ കോടതി നടപടികള്‍ എളുപ്പമാകുമെന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല" എന്നു പെണ്‍കുട്ടി പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു.

"ഐ‌ എസിലേക്ക് ചേരാന്‍ ആരും നിര്‍ബന്ധിച്ചില്ല" എന്നു പെണ്‍കുട്ടി പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ടിലുണ്ട്.

http://www.azhimukham.com/news-wrap-hadiya-case-and-bluewhale-game-hansraj-ahirs-controversial-statement-sajukomban/

എന്തായാലും കുട്ടിയുടെ തിരിച്ചുവരവ് സംഘപരിവാരത്തിന് സന്തോഷിക്കാനുള്ള വക നല്‍കുന്നുണ്ടെങ്കിലും ലവ് ജിഹാദ്, ഐ എസ് റിക്രൂട്ട്മെന്‍റ് എന്നീ വാദങ്ങള്‍ പെണ്‍കുട്ടി തന്നെ നിരാകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലും സാക്കിര്‍ നായ്ക്കിന്റെ പ്രഭാഷണത്തെ കുറിച്ചുള്ള പരാമര്‍ശവും തീവ്ര മത സംഘടനകളുടെ താത്പര്യം ഇത്തരം കാര്യങ്ങളില്‍ ഉണ്ട് എന്ന സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്.

കൊച്ചി കണ്ടനാടുള്ള ആര്‍ഷ വിദ്യാ സമാജത്തില്‍ നിന്നും എല്ലാ മതങ്ങളെ കുറിച്ചും പഠിച്ചതിന് ശേഷമാണ് താന്‍ തീരുമാനം മാറ്റിയത് എന്നാണ് ആതിര പറയുന്നത്.

http://www.azhimukham.com/newswrap-is-rahul-eswar-went-hadiyas-house-to-expose-love-jihad-for-arnobgosami-republictv-sajukomban/

ആതിര മാധ്യമ സമ്മേളനം വിളിച്ച കൊച്ചിയിലെ പ്രസ്സ് ക്ലബിന് ഏറെ ദൂരെയല്ലാതെ, കോടതി വിധിച്ച നിര്‍ബന്ധിത വീട്ടു തടങ്കലില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയുണ്ട്. അവളെ ആര്‍ഷ ഭാരത സംസ്കാരം പഠിപ്പിക്കാന്‍ രാഹുല്‍ ഈശ്വരും ശശികലയും കയറി ഇറങ്ങി നടക്കുന്നുണ്ട്. ലവ് ജിഹാദാണോ അതോ ഐ എസ് റിക്രൂട്ട്മെന്‍റാണോ എന്നാന്വേഷിക്കാന്‍ എന്‍ഐഎയും രംഗത്തുണ്ട്. രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബിജെപിയും സാമുദായിക ലാഭം കൊയ്യാന്‍ മുസ്ലീം മത സംഘടനകളും രംഗത്തുണ്ട്.

അവരോട് പറയാനുള്ളത് ഇതാണ്. ഈ പെണ്‍കുട്ടികളുടെ ജീവിതം കൊണ്ട് പന്താടരുത്. അതേ സമയം തങ്ങളുടെ മൌനം തുടരുന്ന ഇടതു-കോണ്‍ഗ്രസ്സ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടും ഭയപ്പെടുത്തുന്നു.

ദയവു ചെയ്തു നിങ്ങള്‍ എഴുത്തുകാരിയും അധ്യാപികയുമായ ജെ. ദേവിക കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് എഴുതിയ ഈ തുറന്ന കത്ത് വായിക്കുക.

http://www.azhimukham.com/trending-an-open-letter-to-mc-josaphine-to-intervene-on-hadiya-issue-by-j-devika/

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പ്രശസ്തമായ ഗാനം എഴുതിയ വയലാറിന്റെ ഒരു ഖണ്ഡകാവ്യത്തിന്റെ പേര് ആയിഷ എന്നാണ്. അതിലെ ഈ വരികള്‍ അര്‍ത്ഥപൂര്‍ണ്ണമാണ്.(മറ്റൊരു സാഹചര്യം ആണെങ്കിലും)

"ക്രൂരമാം സമുദായ -
ക്കെട്ടുകളുടെ കാരാ-
ഗാരത്തിന്‍ കൈയാളുകള്‍
നിയമം കുറിക്കുമ്പോള്‍

ആയിളം കിളിയെത്ര
ചിറകിട്ടടിച്ചാലും
ആയിരുമ്പഴികളെ-
ത്തകര്‍ക്കാന്‍ കഴിയില്ല!"

http://www.azhimukham.com/kerala-hadiya-facing-torture-and-allegation-against-parents/

Next Story

Related Stories