TopTop
Begin typing your search above and press return to search.

പാലാ ജയിലില്‍ കൈമുത്തിയവരും കുമ്പസരിച്ചവരും; എന്നാണ് ഈ ‘വിശുദ്ധ’ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്?

പാലാ ജയിലില്‍ കൈമുത്തിയവരും കുമ്പസരിച്ചവരും; എന്നാണ് ഈ ‘വിശുദ്ധ’ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്?

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നലെ തിരക്കുപിടിച്ച ദിവസമായിരുന്നു. ബലാത്സംഗ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിഷപ്പിനെ കാണാന്‍ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും സ്ത്രീപീഡകരുടെ സ്വന്തം എംഎല്‍എ പി.സി ജോര്‍ജ്ജും സന്ദര്‍ശിച്ച ദിവസമായിരുന്നു ഇന്നലെ.

എന്തായാലും ആലുവ സബ്ജയിലില്‍ കഴിയവെ ദിലീപിനെ ഒരു നോക്ക് കാണാന്‍ തിക്കും തിരക്കും കൂട്ടിയ താരങ്ങളുടെയത്ര വരില്ല പാലാ ജയിലിലെ സീന്‍. ഒരു കോമണ്‍ ഫാക്ടര്‍ പി.സി ജോര്‍ജ്ജാണ്. ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ടില്ലെങ്കിലും ആക്രമിക്കപ്പെട്ട നടിയെ സ്വഭാവഹത്യ ചെയ്യാന്‍ മുന്‍നിരയില്‍ അയാള്‍ ഉണ്ടായിരുന്നു. ഫ്രാങ്കോയ്ക്ക് രക്ഷകനായി പി.സി അവതരിച്ചത് കന്യാസ്ത്രീയെ ഏറ്റവും അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിക്കൊണ്ടായിരുന്നു.

കുറ്റാരോപിതനായ ആളെ ജയിലില്‍ പോയി കാണുന്നു എന്നതില്‍ എന്തെങ്കിലും നിയമവിരുദ്ധമായ സംഗതി ഉണ്ടെന്ന് തോന്നുന്നില്ല. ആരോപിതന്റെ ബന്ധുമിത്രാദികളും അഭിഭാഷകരും അങ്ങനെ ചെയ്യുക പതിവാണ്. എന്നാല്‍ പരാതിക്കാരി കൂടി അംഗമായ സഭയുടെ ഉന്നത കേന്ദ്രങ്ങള്‍ കുറ്റാരോപിതന്നെ കാണാനെത്തുക എന്നത് നല്‍കുന്ന സൂചന എന്താണ്? സഭ ആരുടെ കൂടെ? സഭ പീഡിതയുടെ കൂടെയല്ല, പാപിയുടെ കൂടെയാണ് എന്നു പ്രഖ്യാപിക്കുന്നതിന് തുല്യമല്ലേ ഇത്. പ്രത്യേകിച്ചും പരാതിക്കാരിയും കന്യാസ്ത്രീകളും പ്രവര്‍ത്തിക്കുകയും താമസിക്കുകയും ചെയ്യുന്ന കുറവിലങ്ങാട് മഠം പാലാ രൂപതയുടെ കീഴില്‍ ആണെന്നിരിക്കെ? അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമമായി ആരെങ്കിലും ഇതിനെ വ്യാഖ്യാനിച്ചാല്‍ സഭയ്ക്കും മുരിക്കനച്ചനും എന്തെങ്കിലും മറുപടിയുണ്ടോ?

ഏകദേശം 15 മിനുട്ടോളം ബിഷപ്പുമായി പുരോഹിതര്‍ കൂടിക്കാഴ്ച നടത്തി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നിമിഷങ്ങളില്‍ രണ്ടു പുരോഹിതരും സംസാരിച്ചത് അപ്പത്തിന്റെയും വീഞ്ഞിന്റെയും കാര്യമോ? അതോ ആത്മാവിന്റെ കാര്യമോ?

പാലാ രൂപത ചാന്‍സലര്‍ ആയ ഫാദര്‍ ജോസ് കക്കള്ളില്‍ മാധ്യമങ്ങളോട് വിശദീകരിച്ചത് സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ്.

ഇനി മുരിക്കനച്ചനെ അനുഗമിച്ച മാത്യു ചന്ദ്രന്‍കുന്നേല്‍ കഴിഞ്ഞ ദിവസം സഭയെ പ്രതിനിധീകരിച്ചു ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട പുരോഹിതനാണ്. കൌതുകകരമായ കാര്യം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുന്‍ഗാമിയായ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള ഭരണങ്ങാനത്തെ തീര്‍ഥാടന കേന്ദ്രത്തിന്റെ ചുമതലക്കാരനാണ് ചന്ദ്രന്‍കുന്നേല്‍ അച്ചന്‍. കൂടാതെ അദ്ദേഹം രൂപത വക്താവും കൂടിയാണ്. അപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായില്ലേ?

Also Read: ഇങ്ങനെയുള്ള വള്ളിക്കെട്ടുകളുണ്ടെങ്കില്‍ കെസിബിസിയിലേക്ക് ചാട്ടവാറുമായി വിശ്വാസികളെത്താന്‍ അധികകാലം വേണ്ടിവരില്ല

വികാരിമാരുടെ ഒപ്പമല്ലെങ്കിലും പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ സന്ദര്‍ശനവും ദുരൂഹമാണ്. ജയിലില്‍ ബിഷപ്പിനെ ചെന്നുകണ്ട പി.സി ബിഷപ്പിന്റെ കൈ മുത്തി എന്നാണ് അവകാശപ്പെട്ടത്. അതെങ്ങനെ സാധിച്ചു എന്നറിയില്ല. ബിഷപ്പിന്റെ സെല്‍ പ്രാര്‍ഥനാ മുറിയായി രൂപാന്തരപ്പെടുത്തിയോ അതോ പ്രത്യേക പ്രാര്‍ഥനാ മുറി തന്നെ ഒരുക്കിയിട്ടുണ്ടോ? അതെന്തെങ്കിലും ആകട്ടെ. ബിഷപ്പിന്റെ കൈ മുത്തിയതിന്റെ പുണ്യം പി.സിക്ക് കിട്ടട്ടെ. പാപികളുടെ നരക തീയല്ല സ്വര്‍ഗ്ഗത്തിലെ ഉദ്യാനം തന്നെ പി.സിയെ കാത്തിരിക്കട്ടെ. അടുത്ത തവണ കാണാന്‍ ചെല്ലുമ്പോള്‍ ഒരു മൊന്ത വിശുദ്ധജലം കൂടി കൊണ്ടുപോയ്ക്കൊളൂ.. ഫ്രാങ്കോയുടെ കാല്‍ കഴുകി വെള്ളം കുടിക്കലോ?

ജയിലില്‍ നിന്നിറങ്ങിയ പി.സിയില്‍ പക്ഷേ ആത്മീയ ശുശ്രൂഷ കിട്ടിയതിന്റെ ശാന്തതയൊന്നും കണ്ടില്ല. സ്വതസിദ്ധമായ തോന്ന്യാസം പറച്ചില്‍ തന്നെ മാധ്യമങ്ങളുടെ മുന്‍പില്‍ നടത്തി.

"ഇതൊരു രഹസ്യ സന്ദർശനമല്ല. പരസ്യ സന്ദർശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. ഒരു നിരപരാധിയെ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങി. ഇനിയും വരും, പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് 100 ശതമാനം ഉറപ്പുണ്ട്.” പി സി പറഞ്ഞു.

അടുത്തത് ശാപ വചനങ്ങളായിരുന്നു, “അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിനു ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴും."

അല്ല പി.സി കുഞ്ഞാടേ, പാപം ചെയ്യുന്നവരോട് ക്ഷമിക്കാനല്ലേ വേദപുസ്തകവും കര്‍ത്താവായ ഈശോ മിശിഹായുമൊക്കെ പറയുന്നത്? ഒരു കരണത്തടിക്കുമ്പോള്‍ മറുകരണം കാണിച്ചു കൊടുക്കണമെന്നും തന്നെ പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കണം എന്നുമൊക്കെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.. ഒദ്യോഗിക തിരക്കിനിടയില്‍ വേദപുസ്തകം റഫര്‍ ചെയ്യാന്‍ മറന്നു പോകേണ്ട.

പീഡനത്തിന് ഇരയായ കന്യാസ്ത്രീ പരാതി നൽകിയ കാര്യം സൂചിപ്പിച്ചപ്പോള്‍ മറുപടി ഭീഷണി ആയിരുന്നു എന്ന് മനോരമ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. "ഏതു നിയമനടപടിയും നേരിടാൻ തയാറാണ്. ഞാൻ ഫ്രാങ്കോ പിതാവല്ല. പി.സി ജോർജ് എംഎൽഎയാണ്. അതു മറക്കരുത്."

എന്തായാലും കന്യാസ്ത്രീയുടെ പരാതിയില്‍ പി.സിക്കെതിരെ കേസെടുക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എ ആയതുകൊണ്ട് സ്പീക്കറുടെ അനുമതി വേണ്ടതുണ്ട്.

ക്രിമിനല്‍ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ ആവില്ല എന്ന സുപ്രീം കോടതി വിധി ഇന്നലെ വന്നതോടെ ഇതുപോലുള്ള സാമൂഹ്യ വിരുദ്ധര്‍ ഇനിയും ജനതയുടെ തലയില്‍ കയറി നിരങ്ങുക തന്നെ ചെയ്യും എന്നത് തീര്‍ച്ചയായി.

ചോദ്യം ഈ മനുഷ്യനെ ജയിപ്പിക്കുന്ന വോട്ടര്‍മാരോടാണ്; എന്നാണ് ഈ ‘വിശുദ്ധ’ന്റെ കാല്‍ കഴുകിയ വെള്ളം നിങ്ങള്‍ കുടിക്കുന്നത്? ഉത്തരേന്ത്യയില്‍ ബിജെപി എം.എല്‍.എമാര്‍ ഇങ്ങനെയൊരു ആചാരം തുടങ്ങിവെച്ചതായി ഈ അടുത്ത കാലത്ത് കേട്ടിരുന്നു.

https://www.azhimukham.com/offbeat-people-questioning-kcbc-stand-on-nun-rape-case-in-kerala-writes-rakesh/

https://www.azhimukham.com/newswrap-catholic-church-takes-revenge-action-against-sisiter-luci-writes-saju/

https://www.azhimukham.com/news-wrap-mass-visit-of-film-personalities-to-see-dileep-is-part-of-criminal-conspiracy-saju-komban/

https://www.azhimukham.com/kerala-church-action-against-nun-lucy-who-supports-kerala-nun-protest-against-bishop-franco/

https://www.azhimukham.com/offbeat-church-with-satan-writes-kaantony/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories