UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

മോദിയോടും അമിത് ഷായോടും ഇത്രയേ പറയാനുള്ളൂ. പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് സ്ഥിരം പറയാറുള്ള ആ വാക്ക്. സ്വയംകൃതാനര്‍ത്ഥം…

“രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്നു ഇടപെടണം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രിയും സഹമന്ത്രിമാരുമാണ് ധര്‍ണ്ണയിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചത് ഡല്‍ഹിക്കാരെയും ലക്ഷക്കണക്കിനു മലയാളികളെയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണ് ലഫ്ട്നന്‍റ് ഗവര്‍ണ്ണര്‍. രാജ്യ തലസ്ഥാനത്തെ സമരം ദേശീയ തലത്തില്‍ മാത്രമല്ല, രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയാകുന്നതാണ്. അത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കും. പ്രധാനമന്ത്രി താത്പര്യമെടുത്ത് വിഷയത്തില്‍ ഇടപെടണം.”

നാലാം ദിവസത്തിലേക്ക് കടക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കിടപ്പ് സമരത്തില്‍ നരേന്ദ്ര മോദി ഇടപെടണം എന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി. ചിലപ്പോള്‍ ഇതൊരു തുടക്കം മാത്രമായിരിക്കും. ഫെഡറല്‍ തത്വങ്ങളുടെ ലംഘനം തങ്ങള്‍ക്ക് ഭരണഘടന അനുസരിച്ചു കിട്ടിയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യും എന്നു തിരിച്ചറിയുന്ന ഓരോ ബിജെപി ഇതര മുഖ്യമന്ത്രിയും പിന്തുണയുമായി ഡല്‍ഹിയില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

അങ്ങനെയെങ്കില്‍ കര്‍ണ്ണാടകയില്‍ കാണിച്ച മറ്റൊരു മണ്ടത്തരം ബിജെപി ഡല്‍ഹിയില്‍ കാണിക്കാന്‍ പോകുന്നു എന്നു തന്നെ വേണം കരുതാന്‍. ബിജെപിക്കാരനായ ഗവര്‍ണറെ ഉപയോഗിച്ച് കുതിരക്കച്ചവടത്തിലൂടെ കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമാണ് രാജ്യം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത പ്രതിപക്ഷ ശക്തിപ്രകടനത്തിന് വഴിവെച്ചത്. മമതാ ബാനര്‍ജിയും പിണറായി വിജയനും ചന്ദ്രബാബു നായിഡുവും അരവിന്ദ് കെജ്രിവാളും ഒക്കെ നിറഞ്ഞു നിന്നപ്പോള്‍ അത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെയും ദേശീയ നേതാക്കളുടെയും രാഷ്ട്രീയ സംഗമമായി.

ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായതിന് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജയ നഗര്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുക്കുകയും ചെയ്തു. എന്തു വിലകൊടുത്തും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാശി പരസ്പരം പോരാടിച്ചിരുന്ന ദളിനെയും കോണ്‍ഗ്രസ്സിനെയും ഒന്നിപ്പിച്ചിരിക്കുന്നു. ഈ ഐക്യം അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നാല്‍ കര്‍ണ്ണാടകയില്‍ ബിജെപി പച്ച തൊടില്ല എന്നു സാരം.

അമിത് ഷാ പറഞ്ഞത് ശരിയായി വരികയാണ്. പ്രളയം വന്നാല്‍ മൂര്‍ഖന്‍ പാമ്പും കീരിയും തവളയുമൊക്കെ ഒന്നാവും. ഡല്‍ഹിയില്‍ ഉരുത്തിരിയുന്നതും ഇതേ സാഹചര്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ തന്ത്രം എന്നാരോപിക്കപ്പെടുന്ന, നാല് മാസമായി തുടരുന്ന ഐഎഎസുകാരുടെ സമരം അവസാനിപ്പിക്കുക, റേഷന്‍ വീടുകളില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജ്രിവാളും മന്ത്രിമാരും ലെഫ്. ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിനെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും വേറെ വഴിയില്ലാത്തത് കൊണ്ട് വിസിറ്റിംഗ് റൂമില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണെന്നുമായിരുന്നു കേജ്രിവാള്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ നാല് മാസമായി ഐഎഎസുകാരുടെ സമരം ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഭരണ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. താന്‍ അഞ്ച് തവണ ആവശ്യമുന്നയിച്ച് ലെഫ്. ഗവര്‍ണറെ കണ്ടതായും എന്നാല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നു. ഇത്തരത്തില്‍ ഐഎഎസുകാരുടെ സമരത്തെ ഗവര്‍ണര്‍ പിന്തുണച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് എങ്ങനെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് സിസോദിയ ചോദിക്കുന്നത്.

എന്തായാലും ഗവര്‍ണ്ണറെ ഉപയോഗിച്ചുള്ള കളി തന്നെയാണ് ബിജെപി ഡല്‍ഹിയിലും പയറ്റുന്നത്. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ് എന്നാണ് പിണറായി വിജയന്‍ തന്റെ കത്തില്‍ സൂചിപ്പിച്ചത്. ലെഫ്ട്നന്‍റ് ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തടയുകയാണ് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇന്നലെ പറഞ്ഞു. ഇന്നലെ രാജ്ഘട്ടില്‍ നടന്ന എഎപി പ്രക്ഷോഭത്തില്‍ വൃന്ദാ കാരാട്ടും പങ്കെടുത്തു. പ്രധാനമന്ത്രിക്ക് കത്തയച്ച പിണറായി വിജയന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ ഇന്ന് ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഡല്‍ഹിയില്‍ നടക്കുന്നത് എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ സാധിക്കാത്ത ബിജെപി ജനങ്ങളോട് പ്രതികാരം ചെയ്യൂകയാണ് എന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ ഇടപെടുന്നത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ പറ്റില്ല എന്ന് കമല്‍ഹാസന്‍ പറഞ്ഞു. മമതാ ബാനര്‍ജിയും കെജ്രിവാളിന്‍റെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നേരത്തെ രംഗത്ത് വന്നിരുന്നു. വിമത ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയില്‍ ഡല്‍ഹി സെക്രട്ടറിയേറ്റില്‍ ബിജെപിയും സമരം നടത്തിവരികയാണ്. ബിജെപി ഡല്‍ഹി സെക്രട്ടറിയേറ്റ് പിടിച്ചടക്കി എന്നാണ് ഇതിനെ കുറിച്ച് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്.

“ഇവിടെ ഒരു സമരവുമില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ ഡ്യൂട്ടിയിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അവധിയിലും” എന്നെഴുതിയ ഒരു ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹി സെക്രട്ടറിയേറ്റില്‍ ഉയര്‍ത്തിയിരുന്നു.

“ആരാണ് ഇത് അനുവദിച്ചത്? എവിടെ പോലീസ്, ഉദ്യോഗസ്ഥന്‍മാര്‍, സെക്യൂരിറ്റി?” എന്നാണ് അരവിന്ദ് കേജ്രിവാള്‍ ഇതിനോട് പ്രതികരിച്ചത്.

ഇത് രാജ്യം കേള്‍ക്കുന്നുണ്ട്. ലോകം കേള്‍ക്കുന്നുണ്ട്.

മോദിയോടും അമിത് ഷായോടും ഇത്രയേ പറയാനുള്ളൂ. പണ്ട് ഇഎംഎസ് നമ്പൂതിരിപ്പാട് സ്ഥിരം പറയാറുള്ള ആ വാക്ക്. സ്വയംകൃതാനര്‍ത്ഥം…

അതേ സമയം കോണ്‍ഗ്രസ്സിന്റെ നിശബ്ദതയും ആളുകള്‍ കാണുന്നുണ്ട് എന്നു രാഹുല്‍ ഗാന്ധി ഓര്‍ക്കുന്നത് നന്ന്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഈ നീല കാര്‍ ഒരു തൊണ്ടിമുതല്‍ മാത്രമല്ല

ഡല്‍ഹിയിലെ സമരത്തില്‍ ഇടപെടണം; മോദിക്ക് പിണറായി വിജയന്റെ കത്ത്, നന്ദിയറിയിച്ച് കേജ്‌രിവാളിന്റെ മറുപടി ട്വീറ്റ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍