UPDATES

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

ടി പി സെന്‍കുമാറിനെ ബിജെപി ഗവര്‍ണറായി നിയമിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ആദ്യ നിയമനം കേരളത്തിലാകുമോ?

ഇന്നത്തെ മംഗളം ഒരു ചോദ്യ ചിഹ്ന എക്സ്ക്ളൂസീവ് വാര്‍ത്തയുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും എസ് നാരായണനാണ് അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരുപിടി പൊളിറ്റിക്കല്‍ സ്കൂപ്പുകള്‍ കൊണ്ടുവന്നിട്ടുള്ള ആളാണ് പ്രസ്തുത റിപ്പോര്‍ട്ടര്‍. ചിലത് ശരിയായിട്ടുണ്ട്, ചിലത് വെറും കെട്ടുകഥയും. എന്നാല്‍ ടി പി സെന്‍കുമാറിനെ കുറിച്ചുള്ള ഈ വാര്‍ത്ത പുതിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒരു ഉണ്ടായില്ലാ വെടിയാകാന്‍ സാധ്യതയില്ല.

ടി പി സെന്‍കുമാറിനെ ബിജെപി ഗവര്‍ണറായി നിയമിക്കാന്‍ പോകുന്നു എന്നാണ് മംഗളത്തിന്റെ വാര്‍ത്ത. ആദ്യ നിയമനം കേരളത്തില്‍ തന്നെ ആയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ തവണ അമിത് ഷാ വന്നപ്പോള്‍ സെന്‍കുമാര്‍ പോയിക്കണ്ടത് ഇത്തരം ആലോചനകളുടെ ഭാഗമായാണ് എന്നാണ് പത്രം പറയുന്നത്. അന്ന് അമിത് ഷായെ സന്ദര്‍ശിച്ചവര്‍ ബിജെപി അംഗത്വം എടുത്തപ്പോള്‍ സെന്‍കുമാര്‍ അതിനു മുതിര്‍ന്നില്ല എന്നത് വലിയ പദവി സൂചനകളുടെ ഭാഗമായിട്ടാണ് എന്നാണ് വ്യാഖ്യാനം.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം സെന്‍കുമാര്‍ ആഞ്ഞടിച്ചിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ശബരിമലയില്‍ പൊലീസുകാര്‍ തന്ത്രിയുടെ റോള്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

സെന്‍കുമാറിന്റെ നീക്കങ്ങളും നിലപാടുകളും കുറച്ചു കാലമായി സൂചിപ്പിക്കുന്നത് അദ്ദേഹം സമീപ ഭാവിയില്‍ തന്നെ ബി ജെ പി പാളയത്തിലേക്ക് പോകും എന്നു തന്നെയാണെന്ന് വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. സംസ്ഥാന ബിജെപിയുടെ നേതൃസ്ഥാനത്തേക്ക് വരുമോ അതോ തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ മത്സരിക്കുമോ അല്ലെങ്കില്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ ഗവര്‍ണ്ണര്‍ പദവി ഏറ്റെടുക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ സെന്‍കുമാറും സര്‍ക്കാരും തമ്മില്‍ നിരന്തര പോരാട്ടത്തിലാണ്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ സുപ്രീം കോടതി വരെ പോയ സെന്‍കുമാര്‍ അനുകൂല വിധിയുമായി സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു. അതിനു ശേഷം നേരിട്ടു സര്‍ക്കാരുമായി ഏറ്റുമുട്ടിയില്ലെങ്കിലും സെന്‍ കുമാര്‍ തന്നാല്‍ കഴിയുന്ന വിധവും സര്‍ക്കാര്‍ സെന്‍കുമാര്‍ വിരോധികളെ ഉപയോഗിച്ചും പോലീസ് ഭരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സെന്‍കുമാറിന് പിന്നാലെ എ ഡി ജി പി ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് ചാരപ്പണിക്കാണെന്ന് ആരോപണം ഉയര്‍ന്നു വന്നിരുന്നു. വിരമിച്ചതിന് ശേഷം മാധ്യമങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും സെന്‍കുമാര്‍ ഒഴിവാക്കാറില്ല.

എന്നാല്‍ ഇതിനിടെ സമകാലിക മലയാളത്തിന് നല്കിയ ഒരു അഭിമുഖം സെന്‍ കുമാറിന് പൊല്ലാപ്പായി മാറി. കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്നും ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നുമാണ് സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. ഇത് വിവാദമായതോടെയാണ് സര്‍ക്കാര്‍ വിമര്‍ശന പാതയില്‍ നിന്നും സെന്‍കുമാര്‍ തല്‍ക്കാലം പിന്‍വാങ്ങിയത്. കിട്ടിയ അവസരം സര്‍ക്കാര്‍ മുതലാക്കി. സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ പോലീസാണ് കേസ് എടുത്തത്.

സെന്‍കുമാര്‍ -ഇടതു സര്‍ക്കാര്‍ പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ ഡിജിപിയുടെ പോക്ക് ബിജെപി പാളയത്തിലേക്കാണ് എന്നു പ്രസംഗിച്ചത്. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും പി എസ് ശ്രീധരന്‍ പിള്ളയുമടക്കമുള്ള നേതാക്കള്‍ പരസ്യമായി തന്നെ സെന്‍കുമാറിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയും എം ടി രമേശ് അദ്ദേഹത്തെ വീട്ടില്‍ ചെന്നു കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അവസരങ്ങളില്‍ ഒന്നും സെന്‍കുമാര്‍ തന്റെ മനോഗതം വെളിപ്പെടുത്തിയിരുന്നില്ല.

നേരത്തെ ജന്‍മഭൂമി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സെന്‍കുമാര്‍ സംഘപരിവാര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ആ പരിപാടിക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തില്‍ ലൌ ജിഹാദുണ്ട് എന്നും ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ഇതിന് വിധേയമാകുന്നുണ്ട് എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. “സംസ്ഥാനത്ത് ലൌ ജിഹാദുണ്ടായിരുന്നു, ലൌ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം താന്‍ രണ്ടു കേസുകളില്‍ അന്വേഷണം നടത്തിയിരുന്നു. രണ്ടു കേസുകളിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റ് വഴിക്കു കൊണ്ടു പോയതായി തെളിഞ്ഞിരുന്നു” എന്നുമാണ് അദ്ദേഹം പറഞ്ഞത്.

താന്‍ ജന്മഭൂമി പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്നവരോട് സെന്‍കുമാറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ പത്രമായ ജന്മഭൂമിയുടെ പരിപാടിക്ക് വന്നപ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ആ നെറ്റികള്‍ ചുളിഞ്ഞിരിക്കട്ടെ”

ലൌ ജിഹാദ് വിഷയത്തില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് എം ഐ ഷാനവാസ് പറഞ്ഞത് “ഇതുപോലെ വിഷലിപ്തമായ മനസിന്റെ ഉടമായായിരുന്നു ഉന്നതമായ ഡിജിപി പദവിയില്‍ ഇരുന്നയാള്‍ എന്നത് സാംസ്കാരിക കേരളത്തിനാകെ അപമാനമാണ്” എന്നാണ്. “ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണ്” സെന്‍കുമാറെന്നും ആര്‍ എസ് എസില്‍ ചേരാനുള്ള ശ്രമാമാണ് നടത്തുന്നതുന്നതെന്നും ഷാനവാസ് കൂട്ടിചേര്‍ത്തു. 2010 ജൂലൈ പത്താം തിയ്യതിയിലെ കേരളകൌമുദിയാണ് ഷാനവാസിന്‍റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്.

ബിജെപിയുടെ മുന്‍ കേരള അദ്ധ്യക്ഷനായ കുമ്മനം രാജശേഖരനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഗവര്‍ണ്ണറായി അയച്ചത് ഒരു രാഷ്ട്രീയ നീക്കം തന്നെയായിരുന്നു. കര്‍ണ്ണാടകയില്‍ വജുഭായ് ആര്‍ വാലയും ജമ്മു കശ്മീരില്‍ സത്യപാല്‍ മാലികും ഗവര്‍ണ്ണര്‍ പദവിയില്‍ ഇരുന്നു ചെയ്യുന്ന പണി എന്താണ് എന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അത് ചെയ്യാന്‍ കുറച്ചുകൂടി നിയമം അറിയുന്ന ഒരാള്‍ ഉണ്ടായാല്‍ കൊള്ളാം എന്ന ചിന്തയായിരിക്കാം ബിജെപിയെ സെന്‍കുമാറിലേക്കെത്തിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പദവിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഗവര്‍ണറായി നിയമിക്കപ്പെട്ട പി സദാശിവത്തില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല എന്നു ബിജെപി ഇതിനകം മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. ഒരു ന്യായാധിപന്റെ കണിശതയോടെ മാത്രമേ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയ താത്പര്യത്തിന് വഴങ്ങില്ല എന്നു പലവട്ടം തെളിയിക്കുകയും ചെയ്തു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനോട് നല്ല കെമിസ്ട്രിയുമുണ്ട് അദ്ദേഹത്തിന്. ഇതിന്റെ കലിപ്പ് ശോഭാ സുരേന്ദ്രനും എം ടി രമേശുമൊക്കെ ചാനല്‍ മുറികളില്‍ ഭള്ള് വിളിച്ചാണ് തീര്‍ത്തത്.

പിണറായി വിജയനോട് വിരോധമുള്ള ഒരാള്‍ ഗവര്‍ണ്ണറായി വന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രീയ – ഭരണ പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ് എന്ന കുരുട്ടു ബുദ്ധിയായിരിക്കാം സെന്‍ കുമാറിനെ ചിലപ്പോള്‍ കേരളത്തില്‍ തന്നെ നിയമിച്ചേക്കാം എന്ന അഭ്യൂഹത്തിന് പിന്നില്‍. ‘വലിച്ചു താഴെയിടാന്‍’ കെല്‍പ്പുള്ള ഒരാള്‍…! കൂട്ടത്തില്‍ മുറിവേറ്റതിന്റെ പ്രതികാര വാഞ്ചയും കൂടിയാകുമ്പോള്‍ സംഗതി കിടുക്കും എന്നു രാഷ്ട്രീയ ‘ചാണക്യ’നായ അമിത് ഷായ്ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടല്ലോ..?

ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

സെന്‍കുമാര്‍ വിധി: സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്കേറ്റ തിരിച്ചടി

മതസ്പര്‍ധ മാത്രമല്ല നടിയെ അപമാനിക്കുന്ന പരാമര്‍ശവും; സെന്‍കുമാര്‍ കുരുക്കില്‍

അയാള്‍ സെന്‍കുമാര്‍ ആകാം, അല്ലെങ്കില്‍ മലയാളി ഹിന്ദുക്കളില്‍ ആരുമാകാം

സെന്‍കുമാറിന് കാരശ്ശേരിയുടെ മറുപടി: ഇത് കേരളം വര്‍ഗീയവത്കരിക്കാന്‍ നടക്കുന്ന പണികളില്‍ ഏറ്റവും അപകടകരം

.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍