Top

ആ ഊടുപാട് കെട്ടിപ്പിടുത്തം; അല്‍പ്പം ഓവര്‍ ആക്ടിംഗായില്ലേ സുരേന്ദ്രാ...?

ആ ഊടുപാട് കെട്ടിപ്പിടുത്തം; അല്‍പ്പം ഓവര്‍ ആക്ടിംഗായില്ലേ സുരേന്ദ്രാ...?
ഇന്നലെയാണ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മാരാര്‍ജി ഭവനില്‍ എത്തിയത്. അധ്യക്ഷ കസേരയിലേക്ക് ഒരു വ്യാഴവട്ട കാലത്തിനു ശേഷം. അതിലൊന്നമര്‍ന്നിരുന്നു. ശ്രീധരന്‍ പിള്ള ചുറ്റിലും ഒന്നു പാളി നോക്കി. ആന്ധ്രയിലേക്ക് 'നാടുകടത്തിയ' വി മുരളീധരനും മുന്‍ അധ്യക്ഷന്‍മാരായ പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്‍ തുടങ്ങിയ പ്രമുഖരും ഒഴികെ എല്ലാവരും ഹാജരാണ്. അധ്യക്ഷപദ മോഹികള്‍ എന്ന് 'ദേശവിരുദ്ധ' പത്രങ്ങള്‍ അച്ച് നിരത്തിയ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും എത്തിയിട്ടുണ്ട്.

ഉള്ളിലെ സന്തോഷം മറച്ചുവെക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്കായില്ല, “പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല. എന്നാല്‍ പൂന്തോട്ടമാകുമ്പോള്‍ അതിലെ പൂക്കളുടെ സൌരഭ്യത്തില്‍ വൈവിധ്യമുണ്ടാകും. തിരുവനന്തപുരത്തിറങ്ങിയ തന്നെ പലരും കൈ കൊടുത്തു സ്വീകരിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ ആലിംഗനം ചെയ്താണ് വരവേറ്റത്.”

ഇനി കേരളം പിടിക്കണം. അഡ്വ. ശ്രീധരന്‍ പിള്ള തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ വെച്ചു മാധ്യമങ്ങളോട് പറഞ്ഞു. അതും 2021-ല്‍ തന്നെ. ത്രിപുര പിടിച്ചത് പോലെ. ബിജെപി ഇപ്പോള്‍ പടിവാതില്‍ തുറന്നിട്ടിരിക്കുകയാണ്. പലരും വന്നു വാതില്‍ക്കല്‍ പട്ടു കിടക്കുന്നുണ്ട്. പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് നേതാക്കള്‍; ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. മുന്നണികള്‍ക്കുള്ളില്‍ പുകഞ്ഞു തീരുന്ന ചില കക്ഷികളും എന്‍ഡിഎയിലേക്ക് വരും. പുതിയ പ്രസിഡണ്ട് ഉറപ്പിച്ച് പറഞ്ഞു.

“കോണ്‍ഗ്രസ്സിന്റെ അവസ്ഥ എത്ര കഷ്ടമാണെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. വെറും 22 എംഎല്‍എമാര്‍. ഒരു നേതാവിനെ ആന്ധ്രയിലേക്ക് കെട്ടുകെട്ടിച്ചിരിക്കുകയാണ്...” പിള്ള കത്തിക്കയറി.

വക്കീല്‍ കൂടിയായ അദ്ധ്യക്ഷന്‍ അവസാനം പറഞ്ഞത് ബോധപൂര്‍വ്വമല്ലേ എന്നു ഗ്രൂപ്പ് രോഗം പിടിപെട്ട ഏതെങ്കിലും ബിജെപി അണിക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. കാരണം തങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരു ഗ്രൂപ്പ് ഭാണ്ഡവും കൂടി ആന്ധ്രയിലേക്ക് കയറ്റി അയക്കപ്പെട്ടിട്ടുണ്ടല്ലോ?

ഇനി 2021ല്‍ ബിജെപി കേരളം പിടിക്കും എന്ന ആത്മമവിശ്വാസം അതിരുകടന്നതല്ല എന്നു പിള്ളേച്ചന്‍ വിശദീകരിക്കുന്നതിങ്ങനെ. “2004ല്‍ താന്‍ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ മൂവാറ്റുപുഴയിലും അന്ന് സംഘടനാപരമായി കേരളത്തിന്റെ ഭാഗമായി കൂട്ടിയിരുന്ന ലക്ഷദ്വീപിലും ബിജെപി ജയിച്ചു.” തുടര്‍ന്ന് അദ്ദേഹം പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു, ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ആരാണ് പറഞ്ഞത്?

അപ്പോള്‍ അമിത് ഷായുടെ തന്ത്രം വ്യക്തമായില്ലേ? മുസ്ലീം ലീഗിനോടും മാണി കോണ്‍ഗ്രസ്സിനോടുമൊക്കെ നല്ല ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്ന പുതിയ പ്രസിഡന്റിന് നല്‍കിയ ടാര്‍ജറ്റ് എന്തെന്നും വ്യക്തമല്ലേ? പടിവാതില്‍ക്കല്‍ നില്‍ക്കുന്ന അത്താഴപഷ്ണിക്കാര്‍ ആരൊക്കെയായിരിക്കും എന്നും.

യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവെച്ച അതേ ദിവസം തന്നെയാണ് മുന്നണികള്‍ക്കുള്ളിലെ അസംതൃപ്തരെ കുറിച്ച് പുതിയ ബിജെപി അധ്യക്ഷന്‍ പറഞ്ഞത് എന്നോര്‍ക്കണം. യുഡിഎഫില്‍ കാര്യങ്ങള്‍ അത്ര മെച്ചമല്ല എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. യുഡിഎഫ് കൂടാരത്തില്‍ നിന്നും കറുത്ത പുക മുകളിലേക്ക് ഉയരുന്നത് കാണാം. രാജി വാര്‍ത്ത പുറത്തുപറയുന്നതിന് മുന്‍പ് യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നു എന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു കഴിഞ്ഞു. മതിയായ ചര്‍ച്ചകള്‍ ഇല്ലാതെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെടുത്തതും രാജ്യസഭാ സീറ്റ് ദാനം ചെയ്തതുമാണ് വി എം സുധീരന്റെ പ്രകോപനം എന്നു നേരത്തെ തന്നെ വ്യക്തമായതാണല്ലോ. സുധീരന്റെ വികാരം പങ്കുവെയ്ക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ഉണ്ട് താനും.

കേരളത്തിന്റെ മുന്നണി രാഷ്ട്രീയ അന്തരീക്ഷത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയാനും ഇതുവരെ ഒരു അധ്യക്ഷനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനുമാണ് അമിത് ഷാ, ശ്രീധരന്‍ പിള്ളയെ അയച്ചിരിക്കുന്നത്. 2019 ലോകസഭാ തിരഞ്ഞെടുപ്പ് ഒരു ട്രയല്‍ റണ്‍ മാത്രമായിരിക്കും എന്നാണ് ശ്രീധരന്‍ പിള്ള ഇന്നലെ പറഞ്ഞുവെച്ചത്.

പക്ഷേ, ആ ട്രയല്‍ റണ്‍ കഴിയുമ്പോള്‍ ഇരിക്കാന്‍ കസേരയുണ്ടാകുമോ എന്ന് മാത്രം ശ്രീധരന്‍ പിള്ള ശ്രദ്ധിച്ചാല്‍ മതി. ഇന്നലെ തിരുവനന്തപുരത്ത് തീവണ്ടി ഇറങ്ങിയപ്പോള്‍ തന്നെ ഊടുപാട് കെട്ടിപ്പിടിച്ച ഒരാളില്ലേ. അയാള്‍ ഇത്തിരി ഓവര്‍ ആക്ടിംഗ് അല്ലേ? ആ ചിത്രത്തില്‍ ചുറ്റിലും നില്‍ക്കുന്ന നിങ്ങളുടെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മുഖത്ത് നിന്നും വായിച്ചതാണേ...

https://www.azhimukham.com/newswrap-will-kerala-bjp-leaders-teach-a-lesson-to-amitshah-writes-saju/

https://www.azhimukham.com/keralam-pssreedharanpillai-bjp-state-president/

Next Story

Related Stories