Top

കുമ്മനത്തിന്റേത് മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പായിരുന്നോ? മിസോറാമില്‍ പോയ ഗവര്‍ണ്ണര്‍ കുമ്മനം കണ്ടത്

കുമ്മനത്തിന്റേത് മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പായിരുന്നോ? മിസോറാമില്‍ പോയ ഗവര്‍ണ്ണര്‍ കുമ്മനം കണ്ടത്
മിസോറാം ഗവര്‍ണറായി ചുമതലയേറ്റ മുന്‍ കേരള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാനം വിട്ടുപോകണമെന്ന് മിസോറാമില്‍ ചില സംഘടനകള്‍. വര്‍ഗ്ഗീയവാദിയായ ഒരാളെ തങ്ങളുടെ ഗവര്‍ണ്ണറായി വേണ്ട എന്നാണ് അവരുടെ ആവശ്യം. കേരളത്തില്‍  നിന്നും രായ്ക്ക് രാമാനം മിസോറാമില്‍ പോകേണ്ടി വന്ന കുമ്മനത്തിന് അതിനേക്കാള്‍ ഗതികെട്ട അവസ്ഥയായി അവിടെ ചെന്നപ്പോള്‍. ഒരു രാഷ്ട്രീയ നേതാവിനും സമീപകാലത്ത് ഇങ്ങനെ ഒരു ഗതി ഉണ്ടായിട്ടുണ്ടാവില്ല.

അഴിമതി വിരുദ്ധ നിരീക്ഷകരായി പ്രവര്‍ത്തനമാരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടിയായി മാറിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം)ന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തിയ മതേതര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. കൂട്ടത്തില്‍ ഗ്ലോബല്‍ കൌണ്സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ് എന്ന സംഘടനയും ഉണ്ടെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് അടക്കമുള്ള ദേശീയ മാധ്യമങ്ങളും കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു മതതീവ്രവാദിയെ സംസ്ഥാനത്തിന് ഗവര്‍ണറായി വേണ്ടെന്നും സംസ്ഥാനത്തെ മതസ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കുമ്മനത്തെ ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും പുറത്താക്കണം എന്നുമാണ് പ്രിസം ആവശ്യപ്പെടുന്നത്. മിസോറാമിലെ പ്രധാനപ്പെട്ട 13 ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ എംകെഎച്ച്‌സിക്കും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും പ്രിസം ഇതു സംബന്ധിച്ച് കത്തയച്ചു കഴിഞ്ഞു.

കുമ്മനത്തിന്റെ ക്രിസ്ത്യന്‍ വിരുദ്ധ ട്രാക്ക് റെക്കോര്‍ഡ് തന്നെയാണ് 87 ശതമാനം ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന ഈ നാടിനെ ഭീതിപ്പെടുത്തുന്നത്. കുമ്മനത്തെ മിസോറാമിലേക്ക് ഗവര്‍ണ്ണറായി നിയമിച്ചതിനെ കുറിച്ച് അരുണ്‍ ടി വിജയന്‍ അഴിമുഖത്തില്‍ എഴുതിയ ലേഖനത്തില്‍ കുപ്രസിദ്ധമായ നിലയ്ക്കല്‍ സമരം അടക്കമുള്ള കുമ്മനത്തിന്റെ വര്‍ഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ എടുത്തു പറയുന്നുണ്ട്.

“നിലയ്ക്കലില്‍ സുറിയാനി ക്രിസ്ത്യന്‍ പള്ളിക്കെതിരായ പ്രക്ഷോഭത്തിലൂടെയാണ് കുമ്മനം തന്റെ ഹിന്ദുത്വ വര്‍ഗ്ഗീയതയെ കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് പകര്‍ന്നത്. ശബരിമലയ്ക്ക് സമീപം ഒരു ക്രിസ്ത്യന്‍ പള്ളിയെന്നത് ഹിന്ദുവൈകാരികതയായി പര്‍വതീകരിച്ചാല്‍ അത് സംഘപരിവാറിന് ദൂരവ്യാപകമായി നേടിക്കൊടുക്കുന്ന നേട്ടത്തെക്കുറിച്ച് കേരളത്തിലെ മറ്റ് സംഘനേതാക്കള്‍ക്കില്ലാതിരുന്ന ബോധം കുമ്മനത്തിനുണ്ടായിരുന്നു. നിലയ്ക്കല്‍ പള്ളി പൊളിക്കാനായില്ലെങ്കിലും ഹിന്ദു-ക്രിസ്ത്യന്‍ ബന്ധത്തിലുണ്ടായ ഉലച്ചില്‍ കുമ്മനത്തിന്റെ പദ്ധതികള്‍ വിജയം കണ്ടതിന് തെളിവായി. ആറന്മുളയില്‍ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പമ്പാ തീരത്ത് കല്‍ക്കെട്ട് നിര്‍മ്മിച്ച് വേര്‍തിരിച്ച നായനാര്‍ സര്‍ക്കാര്‍ ശ്രമത്തിനെതിരെ കര്‍സേവകര്‍ ആഹ്വാനം ചെയ്ത സമരത്തിന് നേതൃത്വം നല്‍കിയതും കുമ്മനമാണ്.”

പ്രിസം ചൂണ്ടിക്കാണിക്കുന്നത് മറ്റ് ചില ഉദാഹരണങ്ങളാണ്. ഇന്ത്യന്‍ എക്സ്പ്രസ്സ് ഇങ്ങനെറിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് മിസോറാമിന്റെ പുതിയ ഗവര്‍ണര്‍. 2003ല്‍ അമ്പത് ക്രിസ്ത്യന്‍ മിഷണറിമാരെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. കേരള ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ 2015-ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികത്തില്‍ സുവിശേഷ പ്രസംഗത്തെ കുറിച്ച് സംസാരിച്ച ജിജി തോംസണിനെതിരെ ഗവര്‍ണറോട് നടപടി ആവശ്യപ്പെട്ട വ്യക്തിയാണ് കുമ്മനം.

http://www.azhimukham.com/azhimukhamclassic-who-wants-governors/

എന്നാല്‍ താന്‍ ബിജെപിയുടെ മുന്‍ അധ്യക്ഷനായിരുന്നെങ്കിലും ഇനിയുള്ള പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കും എന്നാണ് കുമ്മനം ട്വീറ്റ് ചെയ്തത്. എല്ലാ രാഷ്ട്രീയ സംഘടനയില്‍ പെട്ടവരെയും ഒത്തൊരുമിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ താന്‍ പ്രയത്നിക്കും എന്നും കുമ്മനം പറഞ്ഞു.

എന്നാല്‍ ആ ഒരു ഉറപ്പില്‍ ഇനി ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ വീഴുമെന്ന് തോന്നുന്നില്ല. ഗോവയിലും മണിപ്പൂരിലും തമിഴ്നാട്ടിലും ഏറ്റവും ഒടുവില്‍ കര്‍ണ്ണാടകയിലുമൊക്കെ ബിജെപി ഗവര്‍ണ്ണര്‍മാര്‍ ജനാധിപത്യത്തിന് അന്ത്യകൂദാശ ചൊല്ലുന്നത് നമ്മള്‍ കണ്ടതാണ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ഒരു ബിജെപി ഗവര്‍ണ്ണറുടെ കീഴില്‍ എങ്ങനെയായിരിക്കും എന്ന് മിസോറാമിലെ ജനങ്ങള്‍ ഭയപ്പെട്ടാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. കര്‍ണ്ണാടകയിലെ വജുഭായി വാല മോഡല്‍ രാജ്യം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.

ആരായിരിക്കണം ഗവര്‍ണ്ണര്‍ എന്നു സര്‍ക്കാരിയ കമ്മീഷന്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ട്. “ജീവിതത്തിന്റെ ഏതെങ്കിലും മേഖലകളില്‍ കഴിവുതെളിയിച്ച ആളും സംസ്ഥാനത്തിന് പുറത്തുള്ള ആളും ആയിരിക്കണം ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നയാള്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി സജീവമായി ബന്ധമുള്ളയാളോ സമീപകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളോ ആയിരിക്കരുത്. എല്ലാറ്റിലും ഉപരി ഭരിക്കുന്ന പാര്‍ട്ടിയില്‍ അംഗത്വം ഉള്ള ആളായിരിക്കരുത്.”

മറ്റൊന്നും കുമ്മനം തുറന്നു പറയേണ്ട. എടുപിടീന്ന് മിസോറാമിലേക്ക് കെട്ടുകെട്ടിച്ചപ്പോള്‍ കുമ്മനം ബിജെപിയിലെ മെമ്പര്‍ഷിപ്പ് കാര്‍ഡ് കീറിയാണോ പോയത്? അതോ കുമ്മനത്തിന്റേത് പുതിയ ഡിജിറ്റല്‍ ഇന്ത്യയിലെ മിസ്ഡ് കോള്‍ മെമ്പര്‍ഷിപ് ആണോ?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/keralam-chengannur-byelection-result-and-kummanam-rajasekharans-pre-punishment/

http://www.azhimukham.com/trending-mizoram-governor-kummanam-rajasekharan-asked-to-leave-state/

http://www.azhimukham.com/trending-vajubhai-r-wala-rss-hand-and-strong-relation-with-narendra-modi/

.

Next Story

Related Stories