TopTop

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി

അഴിക്കുള്ളിലും ഫ്രാങ്കോ പരമശക്തനോ? സഭ പണി തുടങ്ങി
പുറത്തുള്ള ബിഷപ്പ് ഫ്രാങ്കോ ആണോ അഴിക്കുള്ളിലെ ഫ്രാങ്കോ ആണോ ശക്തന്‍ എന്നായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്തത്. ഇന്ന് രാവിലെ ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്ത തെളിയിക്കുന്നത് അഴിക്കുള്ളിലെ ഫ്രാങ്കോ അതിശക്തന്‍ തന്നെ എന്നു തന്നെയാണ്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയ മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസിയെ സഭാ പ്രവര്‍ത്തനങ്ങളില്‍ വിലക്കിയിരിക്കുകയാണ്. സിസ്റ്റര്‍ തന്നെ ഈ കാര്യം സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് വന്നു.

വേദ പാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നും സിസ്റ്ററെ വിലക്കിക്കൊണ്ടാണ് രൂപതയുടെ നടപടി. ഇന്നലെ സമരം അവസാനിപ്പിച്ച ശേഷം ഇന്ന് മഠത്തില്‍ തിരിച്ചെത്തിയ ഉടനെയാണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്ന് സിസ്റ്റര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും മദര്‍ സുപ്പീരിയര്‍ രാവിലെ അറിയിച്ചതായും സിസ്റ്റര്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിലക്ക്.

എന്നാല്‍ ഔദ്യോഗികമായി വിലക്കിയതിനാല്‍ സഭാ നടപടികളില്‍ പങ്കെടുക്കില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. എന്നാല്‍ താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയിച്ചിട്ടില്ലെന്നും സിസ്റ്റര്‍ പറയുന്നു. രേഖാ മൂലം വിലക്ക് കൈമാറിയിട്ടില്ല. അതേസമയം, വിലക്ക് സംഭന്ധിച്ച വാര്‍ത്തകളോട് രൂപത ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ യാതൊരു ഇളക്കവും സഭയുടെ ഇരുമ്പ് ചട്ടക്കൂട്ടില്‍ ഉണ്ടാക്കിയില്ല എന്നാണ് ഈ പ്രതികാര നടപടി തെളിയിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിനെതിരെ സമരരംഗത്തിറങ്ങിയ കുറവിലങ്ങാട്ടെ കന്യാസ്ത്രീകളെ കാത്തിരിക്കുന്നത് സമാനമായ പീഡാനുഭവങ്ങള്‍ ആയിരിക്കുമെന്നാണ് ഈ നടപടി നല്‍കുന്ന സൂചന.

Also Read: ‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

സിസ്റ്റര്‍ ജെസ്മി ഈ വാര്‍ത്തയോട് പ്രതികരിച്ചത് സഭയുടെ അടിമ വ്യവസ്ഥ ഒരു കാലത്തും മാറാന്‍ പോവുന്നില്ല എന്നാണ്. ഒരു അധോലകമാണ് അത്, അവര്‍ ആഞ്ഞടിച്ചു. സേവ് ഔര്‍ സിസ്റ്റേഴ്സ് സമരസമിതി കണ്‍വീനര്‍ സിസ്റ്റര്‍ ലൂസിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു രംഗത്തെത്തി.

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ദീര്‍ഘമായ നിയമ പ്രക്രിയ കടന്നു ശിക്ഷിക്കപ്പെടുമോ എന്നതിനപ്പുറം സഭയ്ക്കുള്ളില്‍ നടക്കുന്ന പ്രതിഷേധവും പ്രതിരോധവും രേഖപ്പെടുത്താന്‍ കന്യാസ്ത്രീകളുടെ സമരത്തിന് സാധിച്ചിട്ടുണ്ട്. ഈ സമരം വളരെ പോസിറ്റീവും പ്രവചന ശേഷിയുള്ളതുമാണ്. ഇത് സഭയെ വിമോചനത്തിന്റെയും വിമലീകരണത്തിന്റെയും ധാര്‍മ്മിക സത്യസന്ധയുടെയും മേഖലയിലേക്ക് നയിക്കുമെന്നാണ് സ്ത്രീപക്ഷ ദൈവശാസ്ത്ര ചിന്തകയായ കൊച്ചുറാണി എബ്രഹാം ദി ഹിന്ദുവിനോട് പറഞ്ഞത്. സഭയ്ക്കുള്ളില്‍ സംവാദത്തിന്റെ അന്തരീക്ഷം രൂപപ്പെടും എന്നാണ് ഈ മേഖലയിലെ പലരും കരുതുന്നത്. സഭയെ സംബന്ധിച്ചിടത്തോളം ഈ സമരം കണ്ണുതുറപ്പിക്കുന്ന ഒന്നായിരിക്കും എന്നും അതിന്റെ പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും സഭയുടെ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കന്യാസ്ത്രീകളുടെ പ്രശ്നം ഒരു സഭാ പ്രശ്നം മാത്രമല്ലാതായി ഈ സമരത്തോടെ മാറിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുതന്നെയാണ് സഭയെ അലോസരപ്പെടുത്തുന്നതും. ഇതൊരു സ്ത്രീ പ്രശ്നവും സാമൂഹ്യ പ്രശ്നവുമാണ്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നുള്ള നിരവധി ആളുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞ രണ്ടാഴ്ചയായി എറണാകുളം വഞ്ചി സ്ക്വയറിലെ സമര വേദിയില്‍ എത്തിയത്.

കേരളത്തില്‍ ഏകദേശം 30,000 കന്യാസ്ത്രീകളാണ് ഉള്ളത്. അതില്‍ ഉള്‍പ്പെട്ട അഞ്ചു കന്യാസ്ത്രീകള്‍ മാത്രമാണു സമരത്തിലേക്ക് എടുത്തു ചാടിയത്. തോല്‍ക്കുമെന്ന് സഭ കരുതിയ ഒരു സമരം പൊതുസമൂഹത്തിന്റെ പിന്തുണയോടെ ഐതിഹാസിക വിജയം നേടിയിരിക്കുകയാണ്. ഈ വിജയം സഭയെ അസ്വസ്ഥമാക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് സമരത്തിന് പിന്തുണയര്‍പ്പിച്ചെത്തിയ സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള പ്രതികാര നടപടി.

Also Read: ‘തോല്‍ക്കുന്ന സമരങ്ങളിലെ പോരാളികള്‍’ ജയിക്കുമ്പോള്‍

https://www.azhimukham.com/news-update-nun-protest-in-kochi-wind-up/

https://www.azhimukham.com/opinion-nuns-protest-wins-writes-mbsanthosh/

https://www.azhimukham.com/offbeat-what-will-happen-for-that-nuns-who-protest-against-bishop-franco-on-rape-case-in-kerala-writes-rakesh/

Next Story

Related Stories