TopTop

മോഹമുക്തനായ ചെറിയാന്‍ ഫിലിപ്പ്; ഇപ്പോള്‍ ‘ആകാശകുസുമം’

മോഹമുക്തനായ ചെറിയാന്‍ ഫിലിപ്പ്; ഇപ്പോള്‍ ‘ആകാശകുസുമം’
സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് മോഹിച്ച ചെറിയാന്‍ ഫിലിപ്പിന് ഒടുവില്‍ സര്‍ക്കാരിന്റെ നാലു മിഷനുകളുടെ കോ-ഓര്‍ഡിനേറ്ററായി നിയമനം. ഇടതു സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോ-ഓര്‍ഡിനേറ്ററായിട്ടാണ് നിയമിച്ചിരിക്കുന്നത്.

ഇന്നലത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ പത്രക്കുറിപ്പ് വന്നപ്പോള്‍ അഴിമുഖത്തിന്റെ കോളമിസ്റ്റും മാധ്യമ പ്രവര്‍ത്തകനായ എം ബി സന്തോഷ് കഴിഞ്ഞ ദിവസം എഴുതിയ കോളത്തിന്റെ ഇംപാക്ട് ആണല്ലോ എന്നു തമാശയായി ചിന്തിച്ചുപോയി.

സന്തോഷ് എഴുതുന്നു; “മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍’ എന്ന് തന്നെ മഹാനായ കമ്മ്യൂണിസ്റ്റ് ഇ.എം.എസ് നമ്പൂതിരിപ്പാട് വിശഷിപ്പിച്ചു എന്നാണ് ചെറിയാന്‍ ഫിലിപ്പ് സ്വന്തം ബ്‌ളോഗില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇ.എം.എസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ പഴയ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നു. 'അരനൂറ്റാണ്ടിലേറെ ജനമധ്യത്തില്‍നിന്ന ഞാന്‍ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാല്‍ അത് മഹാപാപമാണോ?’ എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ചോദ്യം.”

എം ബി സന്തോഷ് തന്റെ ലേഖനത്തിലൂടെ ചോദിച്ച ചോദ്യം നേതാവിന് മോഹമുണ്ടായിട്ട് കാര്യമുണ്ടോ, ജനങ്ങള്‍ക്കും അങ്ങനെ തോന്നണ്ടേ എന്നാണ്. ചെറിയാന്‍ ഫിലിപ്പിന്റെ തിരഞ്ഞെടുപ്പ് കരിയര്‍ പരിശോധിച്ചുകൊണ്ട് ലേഖകന്‍ അത് സ്ഥാപിക്കുകയും ചെയ്യുന്നു.

http://www.azhimukham.com/keralam-how-one-can-survive-without-desires-says-cheriyanphilip-writes-mbsanthosh/

ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ചെറിയാന്‍ മോഹിച്ചിരുന്നു എന്നാണ് ഇന്നത്തെ മാതൃഭൂമിയും എഴുതുന്നത്.

എന്തായാലും സിപിഎം എന്ന പാര്‍ട്ടി ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്സിലെ ബുദ്ധിജീവിയായിരുന്ന ചെറിയാന്‍ ഫിലിപ്പിനോട് കരുണ കാണിച്ചിരിക്കുന്നു. വി എസ് സര്‍ക്കാരിന്റെ കാലത്ത് കെടിഡിസി അധ്യക്ഷ പദവിയാണ് കൊടുത്തതെങ്കില്‍ ഇത്തവണ ഇടതു സര്‍ക്കാരിന്റെ നാലു സുപ്രധാന ദൌത്യങ്ങളെ ഏകോപിപ്പിക്കാനുള്ള ചുമതയാണ് കൊടുത്തിരിക്കുന്നത്.

ഇനി ചില സംശയങ്ങള്‍.

എന്താണ് ചെറിയാന്‍ ഫിലിപ്പ് ഏകോപിപ്പിക്കേണ്ടത്? ഓഫീസുണ്ടാകുമോ? ഔദ്യോഗിക വാഹനം? അസിസ്റ്റന്റ്സ്?

എത്രയാണ് ശമ്പളം? എന്താണ് യോഗ്യത?

ചോദിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടല്ലോ? കാരണം ഇതൊക്കെ നടത്തിക്കുന്നത് നമ്മള്‍ കൊടുക്കുന്ന പത്തു കാശുകൊണ്ട് കൂടിയാണല്ലോ?

നിലവില്‍ ഹരിത കേരള മിഷന്‍ മികച്ച രീതിയില്‍ പോകുന്നുണ്ട് എന്നാണ് മാധ്യമ വാര്‍ത്തകള്‍. അതിന്റെ ഉപാധ്യക്ഷ സിപിഎം നേതാവും മുന്‍ അധ്യാപികയും മുന്‍ എം പിയുമായ ഡോ. ടി.എന്‍ സീമയാണ്. ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കലും നദികളെ തിരിച്ചുപിടിക്കലുമൊക്കെയായി ടീച്ചര്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

പൊതുവിദ്യാഭ്യാസ യജ്ഞവും മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കി എന്നാണ് ഇന്നലത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാല്‍ നൂറ്റാണ്ടിനടയ്ക്ക് ആദ്യമായി പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു.

ഇടതു സര്‍ക്കാരിന്റെ അഞ്ചു വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ലൈഫ് മിഷന്റെ ലക്‌ഷ്യം. നിലവില്‍ മെച്ചപ്പെട്ട രീതിയിലാണ് ലൈഫ് മിഷന്‍ മുന്നോട്ട് പോകുന്നത് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഡോ. അദീല അബ്ദുള്ള ഐ എ എസ് ആണ് അതിന്റെ സി ഇ ഒ.

ആരോഗ്യ വകുപ്പിന്റെ കീഴിലെ ആര്‍ദ്രം മിഷന്‍റെ കീഴില്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തിരക്കുപിടിച്ച ആരോഗ്യ സ്ഥാപനങ്ങള്‍ ആയതോടെ അതിനെ പൊളിക്കാനാണ് ഈ അടുത്ത കാലത്ത് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്തിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്തായാലും സര്‍ക്കാര്‍ എടുത്ത ശക്തമായ നിലപാടിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് സമരം പിന്‍വലിച്ചു മുങ്ങേണ്ടി വന്നു.

മേല്‍ പറഞ്ഞ ദൌത്യങ്ങളെ ഏകോപിപ്പിക്കുകയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ദൌത്യം. മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോന്‍ വിശേഷിപ്പിച്ചത് പോലെ ‘എഴുത്തും വായനയും അറിയാവുന്ന രാഷ്ട്രീയക്കാരനാ’യ ചെറിയാന് നല്ലൊരു ഏകോപകന്‍ ആകാന്‍ സാധിക്കുമോ എന്നാണ് അറിയേണ്ടത്.

അല്ലെങ്കില്‍ ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിക്ക് താല്‍ക്കാലികമായൊരു കൂര മാത്രമായി പുതിയ നിയമനവും മാറും.

മുന്‍ കൃഷി വകുപ്പ് ഡയറക്ടറും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ആര്‍ ഹേലി ഏകോപനത്തെ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന മനോഹരമായൊരു വാക്കുണ്ട്: ആകാശകുസുമം. ഏകോപനത്തിന്റെ ആ സൌന്ദര്യം ചെറിയാന്‍ ഫിലിപ്പില്‍ നിന്നും പ്രതീക്ഷിക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/cherian-philip-anti-women-comments-face-book-gender-discrimination-kerala-maya-leela/

http://www.azhimukham.com/kanchanamala-cheriyan-philip-fb-post-dileep-visit-women-empowerment-rajasekharan-nair/

Next Story

Related Stories