UPDATES

ട്രെന്‍ഡിങ്ങ്

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

ഇനി എന്തു ധൈര്യത്തിലാണ് വിശ്വാസികള്‍ കുമ്പസാരം നടത്താന്‍ തയ്യാറാവുക?

“മത വിരുദ്ധം, സഭ വിരുദ്ധം, പുരോഹിത വിരുദ്ധം” മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ മുതിര്‍ന്ന ബിഷപ്പ് ദി ഹിന്ദുവിനോട് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സഭയ്ക്കെതിരെ നടന്ന വിമര്‍ശനങ്ങളെ കുറിച്ചാണ് ബിഷപ്പ് ഇങ്ങനെ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സഭയും അച്ചന്‍മാരും കൂടി കാട്ടിക്കൂട്ടുന്നതിനേക്കാള്‍ കടുത്ത മത, സഭ, പുരോഹിത വിരുദ്ധത മറ്റെന്താണുള്ളത് എന്നു പൊതുസമൂഹം ചോദിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത സീറോ മലബാര്‍ സഭയുടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ബലാത്സംഗം ചെയ്ത സംഭവമാണ്. അതും ഒരു കന്യാസ്ത്രീയെ. അവരുടെ പരാതിയില്‍ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

“കുറവിലങ്ങാട്ടുള്ള ഗസ്റ്റ് ഹൌസില്‍ രണ്ടു വര്‍ഷത്തിനിടെ പല തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൌസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ മൊഴി.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഭാതലത്തില്‍ അന്വേഷണം നടത്തുന്നതിനിടെ തന്നെ സമാന്തരമായി ഒത്തുതീര്‍പ്പ് സംഭാഷണവും നടന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. 13 തവണ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ഒത്തു തീര്‍പ്പേ!

ഇനി ഓര്‍ത്തോഡോക്സ് സഭയിലേക്ക് പോകാം. കുമ്പസാര രഹസ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തു വിശ്വാസിയായ സ്ത്രീയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്നാണ് കേസ്. മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം.

വി എസിന്റെ പരാതിക്ക് നിഗൂഡമായ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ചെങ്ങന്നൂരിനെ ചെങ്കടലാക്കാന്‍ സഹായിച്ച ഓര്‍ത്തഡോക്സ് സഭയെ സര്‍ക്കാര്‍ മറന്നാലും സജി ചെറിയാന് മറക്കാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം “ഉമ്മന്‍ ചാണ്ടി സാര്‍ മാത്രമല്ല ഞാനും ഓര്‍ത്തോഡോക്സ് സഭക്കാരനാണ്” എന്നു സജി ചെറിയാന്‍ പറഞ്ഞത് ഓര്‍ക്കുക.

അതേസമയം സഭയുടെ അന്വേഷണം വൈകുമെന്നാണ് റിപ്പോര്‍ട്ട്. ‘നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലായി മൂന്നു കമ്മീഷനുകളെയാണ് സഭ നിയോഗിച്ചത്. ഇതില്‍ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ റിപ്പോര്‍ട്ടാണ് വൈകാന്‍ സാധ്യത’ എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെയും ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയാണോ ആവോ?

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

നേരത്തെ ജോര്‍ജ്ജ് ആലഞ്ചേരി റിയല്‍ എസ്റ്റേറ്റ് അഴിമതിയില്‍ ആരോപണ വിധേയനായപ്പോഴും ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നു. രാജ്യത്തിന്റെ നിയമമല്ല സഭയുടെ നിയമമാണ് വിശ്വാസികള്‍ക്ക് പ്രധാനം എന്നാണ് ആലഞ്ചേരി അന്ന് പ്രസംഗിച്ചത്. ഇനി കുട്ടനാട്ടിലെ പീലിയാനിക്കലിന്റെ വായ്പാ തട്ടിപ്പിലും ഒത്തു തീര്‍പ്പ് ചര്‍ച്ച നടന്നേക്കാം. അല്ലെങ്കില്‍ നടക്കുന്നുണ്ടാവും.

ഒത്തുതീര്‍പ്പുകള്‍ എങ്ങനെ വിജയകരമായി നടത്താം എന്നു സമുദായ സംഘടനയായ എന്‍ എസ് എസ് കഴിഞ്ഞ ദിവസം തെളിയിച്ചിരുന്നു. എം എല്‍ എ ഗണേഷ്കുമാര്‍ ഒരു യുവാവിനെ വഴിയിലിട്ട് തല്ലുകയും അയാളുടെ അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസില്‍ പുഷ്പം പോലെയാണ് സുകുമാരന്‍ നായര്‍ & ബാലകൃഷ്ണ പിള്ള കമ്പനി ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ എത്തിയത്. അതില്‍ കേരള പോലീസിന്റെ നിയമോപദേശവും ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

എന്തായാലും എന്‍ എസ് എസിനെ ഓര്‍ത്തഡോക്സ് സഭയ്ക്ക് മാതൃകയാക്കാവുന്നതാണ്. വേണമെങ്കില്‍ മലയാള മനോരമയുടെ സഹായവും തേടാം. നാട്ടിലെ പീഡനങ്ങളായ പീഡനങ്ങള്‍ മുഴുവന്‍ പൊടിപ്പും തൊങ്ങലും വെച്ചു ഒന്നാം പേജ് കഥയായി എഴുതാറുള്ള മനോരമ ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികരുടെ വിക്രിയകള്‍ അത്ര കണ്ട് ഗൌരവത്തില്‍ എടുത്തിട്ടില്ല എന്നു തോന്നുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ വാര്‍ത്ത അധികമാരും കാണാത്ത വിധത്തില്‍ അകത്തെ പേജില്‍ കൊടുക്കാനുള്ള പ്രാധാന്യമേ മനോരമയ്ക്ക് തോന്നിയുള്ളൂ.

സര്‍ക്കാര്‍ അന്വേഷണത്തെ സഭ സ്വാഗതം ചെയ്തതായി ദി ഹിന്ദുവിന്റെ ഒന്നാം പേജ് റിപ്പോര്‍ട്ടിലുണ്ട്. സഭയ്ക്ക് ഈ കാര്യത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും വിഷയത്തിന്റെ ഗൌരവത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട് എന്നും ആരോപണവിധേയരായ പുരോഹിതരെ നിര്‍ബന്ധിത അവധിയിലേക്ക് അയച്ചു എന്നും ക്ലര്‍ജി ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍ തന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ പീഡനവിവാദത്തോടെ സഭ അകപ്പെട്ട വലിയൊരു ആത്മീയ പ്രതിസന്ധിയുണ്ട്. ഇനി എന്തു ധൈര്യത്തിലാണ് വിശ്വാസികള്‍ കുമ്പസാരം നടത്താന്‍ തയ്യാറാവുക എന്നതാണു അത്. ദൈവത്തിന്റെ പ്രതിപുരുഷന്‍മാരോട് വല്ലതും മനസു തുറന്നു പറയാന്‍ അവര്‍ തയ്യാറാവുമോ? ദൈവത്തിനും വിശ്വാസികള്‍ക്കിടയിലുമുള്ള ഹോട്ട്ലൈന്‍ ബന്ധത്തിനിടയില്‍ ഇനി പാതിരിമാര്‍ വേണോ എന്നു ആരെങ്കിലും ചോദിച്ചാല്‍…? പോപ്പ് ആലോചിക്കട്ടെ…

അതിരമ്പുഴ പള്ളിയൊഴികെയുള്ള പള്ളികളില്‍ കുമ്പസാരം നടത്തുന്നവര്‍ ഇനി എന്ത് ചെയ്യും?

ശുദ്ധ നായന്മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിങ്ങള്‍ നാട്ടുകാര്‍ക്ക് എന്താ ഹേ കാര്യം?

ആലഞ്ചേരിയുടെ സേവ് കുമ്മനം മിഷനും വ്യാജ ഒപ്പില്‍ അറസ്റ്റിലായ ഫാദര്‍ പീലിയാനിക്കലും

‘നീ മുന്തിരി ആട്ടും, പക്ഷേ വീഞ്ഞു കുടിക്കയില്ല’; പോപ്പും ആലഞ്ചേരിയും ചില ‘നരക’ചിന്തകളും

ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്… കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്

കുമ്പസരിച്ച് തീര്‍ക്കാനാവാത്ത പാപങ്ങള്‍…

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍