UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ കോണ്‍ഗ്രസിന് ‘മഹാസഖ്യം’ വരുന്നു; കേരളത്തില്‍ സുധീരനൊഴികെ എല്ലാവരും ‘ഒറ്റക്കെട്ട്’

രാഹുലിന്റെ കനത്ത ട്രോളുകള്‍ നേരിടാനാകാതെ, മുമ്പ് ട്വിറ്ററില്‍ കളം നിറഞ്ഞുകളിച്ചിരുന്ന മോദി ഇപ്പോള്‍ ട്വിറ്ററിനകത്തും പുറത്തും പ്രതിരോധത്തിലാണ് എന്നാണ് ദോഷൈകദൃക്കുകളുടെ അഭിപ്രായം.

ഗുജറാത്തിലെ കോണ്‍ഗ്രസ് ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ്. ബിജെപി ആശങ്കയിലും. ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ മഹാസഖ്യമൊരുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന വാര്‍ത്തയാണ് ഇന്ന് ടൈംസ് ഓഫ് ഇന്ത്യയുടേയും മലയാള മനോരമയുടേയും ലീഡ്. മലയാളത്തിലെ ദേശീയ പത്രം എന്ന് ടാഗ് ലൈനില്‍ അവകാശപ്പെടുന്ന മാതൃഭൂമി അത് കാര്യമാക്കിയിട്ടില്ല. ബിജെപിയെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളില്‍ കുറച്ചുകാലമായി മാതൃഭൂമി പത്രത്തിന് അത്ര വലിയ താല്‍പര്യമില്ല എന്ന് തോന്നുന്നു. പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ക്ഷത്രിയ (ഒബിസി) നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ കോണ്‍ഗ്രസ്, സഖ്യത്തിലേക്കല്ല പാര്‍ട്ടിയിലേക്ക് തന്നെയാണ് ക്ഷണിച്ചിരിക്കുന്നത് എന്നാണ് മനോരമയുടെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ ഒരുക്കിക്കൊടുത്ത സൗകര്യത്തിന്റെ തണലില്‍ ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ വാഗ്ദാന പെരുമഴ പെയ്യിക്കുകകയും പ്രധാനമന്ത്രി മോദി ഇടയ്ക്കിടെ സംസ്ഥാനത്തെത്തുകയും ചെയ്യുന്നതിന് ഇടയിലാണ് കോണ്‍ഗ്രസിന്റെ സഖ്യ നീക്കം.

ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ കൂടിയായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞു. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. സഖ്യസാദ്ധ്യത തള്ളിക്കളഞ്ഞിട്ടില്ല. ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ഹാര്‍ദിക് അടക്കമുള്ള പട്ടേല്‍ നേതാക്കള്‍ നേരത്തെ ആഹ്വാനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. വിവിധ ദളിത് സംഘടനകളുമായും കൂട്ടായ്മകളുമായും ആലോചിച്ച ശേഷം കോണ്‍ഗ്രസിന്റെ ക്ഷണം സംബന്ധിച്ചോ സഖ്യസാദ്ധ്യതകള്‍ സംബന്ധിച്ചോ നിലപാട് അറിയിക്കാം എന്നാണ് രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് കണ്‍വീനര്‍ ജിഗ്നേഷ് മേവാനി പറഞ്ഞിരിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ കാലുവാരി പറ്റിച്ച് ബിജെപിക്ക് വോട്ട് ചെയ്തവരാണെങ്കിലും, ശരദ് പവാറിന്റെ എന്‍സിപിയോട് ക്ഷമിക്കാന്‍ വിശാലഹൃദയനായ രാഹുല്‍ ഗാന്ധി തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ജെഡിയു ശരദ് യാദവ് ഗ്രൂപ്പിന്റെ പ്രതിനിധിയായി ഒരു എംഎല്‍എയുണ്ട് – ഛോട്ടു വാസവ. ഇദ്ദേഹവും തങ്ങള്‍ക്കൊപ്പം വരുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആകെയുള്ള 182ല്‍ 125 സീറ്റെങ്കിലും കിട്ടുമെന്നാണ് ഗുജറാത്ത് പിസിസി അദ്ധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയുടെ ആത്മവിശ്വാസം.

ഒരിടവേളയ്ക്ക് ശേഷം ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് ജീവിച്ചിരിപ്പുണ്ട് എന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. കേരളത്തില്‍ സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടി വന്നു അതിന്. കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കുറച്ചുകൂടി ഗൗരവത്തിലാണ് കാര്യങ്ങളുടെ പോക്ക്.
സോളാര്‍ ആക്രമണം നേരിടുന്നതിലും കെപിസിസിയുടെ പഴയ പ്രസിഡന്റ് വിഎം സുധീരനെ ഒതുക്കുന്നതിലും കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്. സോളാര്‍ ആരോപണങ്ങളേയും കേസുകളേയും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് കെപിസിസി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. എന്നാല്‍ അത്ര ആവേശം വേണ്ടെന്ന നിലപാടിലാണ് സുധീരന്‍. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന ആരോപണം വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫീസിന് തട്ടിപ്പിലുള്ള പങ്ക് നിസാരമായി കാണാനാവില്ലെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സുധീരന്‍റെ നിലപാട്.

ലാവ്‌ലിന്‍ കേസില്‍ തനിക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ടതിന് പക പോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സൂചിപ്പിച്ചിരിക്കുന്നു. ലാവ്‌ലിന്‍ എന്ന് പറയാതെ പിണറായിയുടേത് പ്രതികാര നടപടിയാണ് എന്ന് മാത്രം പറയുന്നു. അതേസമയം “ചെയ്തുകൂട്ടിയതിന്റെ ദോഷം തീര്‍ക്കാന്‍ രാഷ്ട്രീയമായി നിങ്ങുമെന്ന് പറഞ്ഞാല്‍ ജനങ്ങളെ എത്രത്തോളം ബോധ്യപ്പെടുത്താനാകും. നിയമപരമായി നേരിടുകയാണ് നല്ലത്” – ഉമ്മന്‍ ചാണ്ടിക്കിട്ട് കൊട്ടിക്കൊണ്ട് സുധീരന്‍ ഇങ്ങനെ പറഞ്ഞതായി മനോരമ പറയുന്നു. ഏതായാലും തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് സുധീരന്‍ അവിടെയുണ്ടായിരുന്നില്ല എന്നാണ് മനോരമ പറയുന്നത്. നിയമപരമായി മാത്രം നേരിടാന്‍ നിന്നാല്‍ കോണ്‍ഗ്രസിന്‍റെ “പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കാന്‍” എന്ന ബോധ്യം സരിതയുടെ ഹിറ്റ്‌ ലിസ്റ്റില്‍ പേരുണ്ടെന്ന് പറയുന്ന കെസി വേണുഗോപാലിനുണ്ട്. ഏതായാലും തനിക്കൊരിക്കലും വിഎസ് ആകാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് സിപിഎം അല്ലെന്നും മനസിലാക്കിയാല്‍ വിഎമ്മിന് കൊള്ളാം.

മറ്റൊന്ന് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കളിയിലെ മുന്നേറ്റമാണ്. ട്വിറ്ററില്‍ കൂടുതല്‍ റീട്വീറ്റുകള്‍ കിട്ടുന്ന നേതാവ് മോദിയല്ല, അത് രാഹുലാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബിജെപിക്ക് ഇത് ദഹിക്കുന്നില്ല. രാഹുലിനെ വെല്ലുവിളിക്കുക എന്നത് ഹോബിയാക്കിയ, അതിനായി ബിജെപി പ്രത്യേക ചുമതല കൊടുത്തിരിക്കുന്നതായി തോന്നുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറയുന്നത്, വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളാണ് രാഹുലിന് വലിയ തോതില്‍ റീ ട്വീറ്റുകള്‍ നേടിക്കൊടുക്കുന്നത് എന്നാണ്. രാഹുലിന്റെ കനത്ത ‘ട്രോളിംഗ്’ നേരിടാനാകാതെ, മുമ്പ് ട്വിറ്ററില്‍ കളം നിറഞ്ഞുകളിച്ചിരുന്ന മോദി ഇപ്പോള്‍ ട്വിറ്ററിനകത്തും പുറത്തും പ്രതിരോധത്തിലാണ് എന്നാണ് ദോഷൈകദൃക്കുകളുടെ അഭിപ്രായം. ട്വിറ്റര്‍ ഐക്കണായ നീല പക്ഷിക്ക് കാവി പെയിന്റടിച്ചാലോ എന്നൊരു ആലോചന ബിജെപിക്ക് പരിഗണിക്കാവുന്നതാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍