Top

ആരൊരാളുണ്ട് ഈ 'മിനി കോര്‍പ്പറേറ്റി'നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

ആരൊരാളുണ്ട് ഈ
"നവഉദാര വല്‍ക്കരണത്തിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുമായി മത്സരിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ സാധ്യമല്ല. മറിച്ച് കേരളത്തിന്റെ ഭൌതിക-പശ്ചാത്തല സൌകര്യം ആധുനികവത്ക്കരിക്കണം. നമ്മുടെ ഉന്നതവിദ്യാഭ്യാസം വിപുലപ്പെടുത്തുകയും അതിന്റെ ഗുണനിലവാരം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുകയും വേണം. ഇതിനായി കോര്‍പ്പറേറ്റ് ആശ്രിതത്വം ഒഴിവാക്കി പൊതു നിക്ഷേപവും സാമൂഹ്യ നിയന്ത്രണത്തിലുള്ള നിക്ഷേപവും വര്‍ദ്ധിപ്പിക്കുകയാണ് ബദല്‍ മാര്‍ഗ്ഗം" കേരളത്തിന്റെ അറുപത്തിയൊന്നാം പിറവി ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും നല്‍കിയ സന്ദേശത്തിലെ സുപ്രധാന ഭാഗമാണിത്.

കോര്‍പ്പറേറ്റുകളെ അതിശക്തമായി എതിര്‍ത്തിട്ടുള്ളവരാണ് ഇടതുപക്ഷം എന്നും. എന്നാല്‍ പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ കാര്യത്തില്‍ വെള്ളം ചേര്‍ക്കും എന്നായിരുന്നു വ്യാപകമായ സംശയവും ആരോപണവും. വികസനത്തിന്റെ പേര് പറഞ്ഞു അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി ചുവപ്പ് പരവതാനി വിരിച്ച് കോര്‍പ്പറേറ്റുകളെ സ്വീകരിക്കും എന്നും ഭയപ്പെട്ടു. മുന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയതില്‍ നിന്നും ഇടതു സര്‍ക്കാര്‍ പിന്‍മാറാത്തതും പദ്ധതി അദാനിക്ക് ലാഭമുണ്ടാക്കാനാണ് എന്ന സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഗൌരവതരമായ നടപടികളിലേക്ക് പോകാത്തതും കോര്‍പ്പറേറ്റ് ആശ്രിതത്വമാണ് എന്നു വിമര്‍ശനം ഉയര്‍ന്നു.

അതേസമയം വികസനത്തിനും ആധുനികവത്ക്കരണത്തിനുമുള്ള പണം എങ്ങനെ കണ്ടെത്തും എന്നത് സര്‍ക്കാരിന് മുന്‍പിലെ കീറാമുട്ടിയായി തുടര്‍ന്നു. കിഫ്ബി, കേരളബാങ്ക്, പ്രവാസി ചിട്ടി ഇങ്ങനെ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെ പണം ഇവിടത്തെ വികസനത്തിനായി എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. 'കോര്‍പ്പറേറ്റ് ആശ്രിതത്വ'ത്തിന് പകരം തേടുന്ന ബദല്‍ മാര്‍ഗ്ഗങ്ങളില്‍ ഇതെല്ലാം പെടും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനര്‍ഹമായ സൌകര്യങ്ങള്‍ നല്‍കില്ല എന്ന പിണറായിയുടെ പ്രസ്താവനയെ മുഖവിലയ്ക്ക് എടുക്കാവുന്നതാണ്.എന്നാല്‍, പിണറായിയുടെ കേരളപ്പിറവി ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട ദിവസം വിവിധ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചില വാര്‍ത്തകള്‍ പ്രത്യാശ പകരുന്നതല്ല.

മലയാള മനോരമയുടെ ഒന്നാം പേജ് നോക്കുക; “കേരളപ്പിറവി തലേന്ന് മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി; ഇനിയും നികത്തും” എന്നാണ് തലക്കെട്ട്.

“മാര്‍ത്താണ്ഡം കായല്‍ ഇനിയും നികത്തും” ജനജാഗ്രതാ യാത്രയില്‍ ഗവണ്‍മെന്റിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ വേദിയിലിരുത്തി തോമസ് ചാണ്ടി വെല്ലുവിളിച്ചു. “അന്വേഷണ സംഘത്തിന് എനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിയില്ല” ചാണ്ടി പറഞ്ഞത് കാനത്തെ കൂടി ലക്ഷ്യമിട്ടായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. “മാര്‍ത്താണ്ഡം കായലില്‍ വഴിയില്‍ മണ്ണിട്ടുവെന്ന് പറഞ്ഞാല്‍ നികത്തിയെന്നല്ലല്ലോ. എന്റെ വീടിന്റെ ഒരു വശം താഴ്ന്നാല്‍ അവിടെ മണ്ണിറക്കി ഉയര്‍ത്തുന്നത് നികത്തലാകുമോ? അപ്പുറത്തും ഇപ്പുറത്തും കിടക്കുന്ന ഭൂമിയുടെ നടുക്കുള്ള വഴി നടക്കാന്‍ പാകത്തില്‍ വൃത്തിയാക്കേണ്ടേ. ഇനിയും 42 പ്ലോട്ടുണ്ട്. അവിടെയും ഇങ്ങനെ തന്നെ ചെയ്യും”.

കൂട്ടത്തില്‍, 'ആര് എതിര്‍ത്താലും പിണറായി വിജയന്‍ പതിനഞ്ചു കൊല്ലം ഭരിക്കും' എന്നൊരു കാച്ചും. അതായത് കൃത്യമായി പറഞ്ഞാല്‍ 90 തികയുന്നത് വരെ പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരും എന്നു ചാണ്ടിയന്‍ പ്രവചനം.

ആരൊരാളുണ്ട് ഈ 'മിനി കോര്‍പ്പറേറ്റി'നെ പിടിച്ചുകെട്ടാന്‍? കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് സ്മരണ ഉണര്‍ത്താന്‍ വിപ്ലവകവി വയലാര്‍ സ്റ്റൈലിലായിക്കോട്ടെ ഈ ചോദ്യം. (2016 മെയ് വരെയുള്ള സ്വത്ത് വിവര കണക്ക് പ്രകാരം തോമസ് ചാണ്ടിയുടെ സ്വത്ത് 92,37,60,033 ആണ്. തൊട്ടു മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ അത് 39.71 കോടി ആയിരുന്നു. അപ്പോള്‍ ഇതും കോര്‍പ്പറേറ്റ് ആശ്രിതത്വ പരിധിയില്‍ വരില്ലേ ആവോ?)

http://www.azhimukham.com/news-wrap-graft-charge-against-millionaire-minister-thomas-chandy-sajukomban/

പിണറായിയുടെ ലേഖനത്തില്‍ ജാതിയെ കുറിച്ച് ഇങ്ങനെ പറയുന്നു, “പെരിയാറുടെ പ്രസ്ഥാനവും മഹാത്മാ ഫൂലെയുടെ പ്രസ്ഥാനവും അംബേദ്കര്‍ പ്രസ്ഥാനവുമെല്ലാം അതിശക്തമായ ജാതി വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും ആ പോരാട്ടം നടന്ന നാടുകളില്‍ ജാതി ഉച്ച നീചത്വം ഇപ്പൊഴും ശക്തമായി നിലനില്‍ക്കുന്നു. അതായത്, നവോത്ഥാന മുന്നേറ്റങ്ങള്‍ കൊണ്ടുമാത്രം ജാതി വ്യവസ്ഥ നശിക്കുകയില്ല. അതിന് തുടര്‍ച്ചയുണ്ടാകണം... കേരളത്തില്‍ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നു”

പിണറായി പറയുന്നതില്‍ നിരവധി ശരികളുണ്ട്. എന്നാല്‍ ഇന്നത്തെ ദേശാഭിമാനിയുടെ ഒന്നാം പേജ് നോക്കൂ...

'അബ്രാഹ്മണ ശാന്തി നിയമനം അട്ടിമറിക്കാന്‍ സംഘപരിവാര്‍' എന്ന ഒന്നാം ലീഡ് വാര്‍ത്തയിലെ രാഷ്ട്രീയം എടുത്തു കളഞ്ഞാല്‍ അതില്‍ നിന്നു പുളയ്ക്കുന്നത് ജാതി വെറിയുടെ കേരള വര്‍ത്തമാനമാണ്. തിരുവല്ല മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി നിയമിച്ച അബ്രാഹ്മണനും പട്ടിക ജാതിക്കാരനുമായ യദു കൃഷ്ണനെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് വാര്‍ത്ത.ഈ വാര്‍ത്ത കഴിഞ്ഞ ദിവസം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു, പൂജകളുടെ കൃത്യവിലോപത്തിനെതിരെ എന്ന പേരില്‍ അഖില കേരള ശാന്തിക്ഷേമ യൂണിയന്‍ സമരത്തിന് തയ്യാറെടുക്കുന്നു എന്നായിരുന്നു അത്. പ്രതിഷേധത്തെ തുടര്‍ന്ന് യോഗക്ഷേമ സഭ അതിന് നല്‍കിയ പിന്തുണയില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു.

എന്നാല്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ജാതിക്കോമരങ്ങള്‍ ഉറഞ്ഞു തുള്ളുകയാണ്. “യദുവിനെതിരെ ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് കരുതിക്കൂട്ടി തയ്യാറാക്കിയ പ്രതിഷേധവും സമരവുമാണെന്ന് വ്യക്തമാകും. യദുവിനെ അപമാനിക്കുന്ന വിധത്തിലുള്ള കമന്റുകളായിരുന്നു ഇതില്‍ ഏറെയും. ‘നമ്മള്‍ ഇരിക്കേണ്ടിടത്ത് നമ്മള്‍ ഇരിക്കണം’, ‘കാക്ക കുളിച്ചാല്‍ കൊക്കാകില്ല’ തുടങ്ങിയ വിധത്തിലുള്ള പരിഹാസങ്ങളായിരുന്നു യദുകൃഷ്ണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.”

http://www.azhimukham.com/kerala-yoga-kshema-sabha-withdraws-from-the-protest-agaisnt-dalit-temple-priest-yadu/

നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച മണ്ണില്‍ ഇപ്പൊഴും പുളയുന്നത് ജാതിപ്പുഴുക്കള്‍ തന്നെ എന്നതാണ് തുറിച്ചു നോക്കുന്ന യാഥാര്‍ഥ്യം. അതില്‍ സംഘപരിവാര്‍ വിളവെടുക്കുന്നു എന്നു മാത്രം.

പിണറായിയുടെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടാത്ത ആധുനിക കേരളത്തിന്റെ രൂപീകരണ പ്രക്രിയയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വി ടി ഭട്ടതിരിപ്പാട് 1933 ഏപ്രില്‍ 28-ന് യോഗക്ഷേമ സഭയുടെ മുഖമാസികയായ ഉണ്ണിനമ്പൂതിരിയില്‍ ഇങ്ങനെ എഴുതി, "കേരളത്തില്‍ എവിടെ നോക്കിയാലും അഹംഭാവംകൊണ്ട് തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പള്ളികളും അമ്പലങ്ങളുമാണ് കാണുന്നത്. ഇത് കണ്ടുകണ്ട് മടുത്തു. അസമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ശവക്കല്ലറകളെ നമുക്ക് പൊളിച്ചുകളയണം. അതേ, അമ്പലങ്ങളുടെ മോന്തായങ്ങള്‍ക്ക് തീ വെക്കണം". ഈ ലേഖനത്തിന്റെ പേരില്‍ പിന്നീട് വിടിക്കെതിരെ പോലീസ് അന്വേഷണം വരെ ഉണ്ടായി.

വിടിയും ഇഎംഎസും ഒക്കെ നേതൃത്വം കൊടുത്ത ആ യോഗക്ഷേമ സഭയാണ് ഇന്ന് ആധുനിക കേരളത്തിലെ ഏറ്റവും പിന്തിരപ്പനും മനുഷ്യവിരുദ്ധവുമായ സമരത്തിന് ഒത്താശ പാടുന്നത്. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ പിണറായി സഖാവേ, നവകേരളത്തിന് എന്തെങ്കിലും സ്കോപ്പുണ്ടോ?

http://www.azhimukham.com/offbeat-dalit-priests-and-caste-descrimination-in-kerala-aruntvijayan/

Next Story

Related Stories