TopTop
Begin typing your search above and press return to search.

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

ഏഷ്യാനെറ്റ് ചാനല്‍ മേധാവിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എം പി കുമരകത്ത് കായല്‍ ഭൂമി കയ്യേറി എന്ന വാര്‍ത്ത സിപിഎമ്മിന് മൂന്നു തല മൂര്‍ച്ചയുള്ള ഒരു വജ്രായുധമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങളെ ഭൂമി കയ്യേറ്റക്കാരുടെ പാര്‍ട്ടി എന്ന പ്രതിച്ഛായയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന മൂന്ന് പേര്‍ക്ക് നേരെയുള്ള ചതുരംഗക്കളിയിലെ മില്യണ്‍ ഡോളര്‍ മൂല്യമുള്ള നീക്കം.

ഇന്നലെയും ഇന്നുമായി ദേശാഭിമാനിയും സൈബര്‍ സഖാക്കളും രാജീവ് ചന്ദ്രശേഖരന്റെ കൈയേറ്റ വാര്‍ത്ത വലിയ ചര്‍ച്ചയാക്കി ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. മറ്റ് മുഖ്യധാര മാധ്യമങ്ങള്‍ അതിലേക്ക് ശ്രദ്ധ പതിപ്പിച്ചിട്ടിലെങ്കിലും വിഷയം ശക്തമായി മുന്‍പോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന് ഇന്നത്തെ ദേശാഭിമാനി വാര്‍ത്തയിലൂടെ സിപിഎം വ്യക്തമാക്കുന്നു.

ഒരു വര്‍ഷമായി വ്യക്തമായ ഭൂമി കയ്യേറ്റം, തുടര്‍ നടപടി വൈകിപ്പിച്ച് റവന്യൂ അധികൃതര്‍ ബിജെപി നേതാവിനെ തുണച്ചു എന്നാണ് ഇന്നത്തെ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് റവന്യൂ അധികൃതര്‍ എന്നു പറഞ്ഞാല്‍ മന്ത്രി ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ പാര്‍ട്ടി സിപിഐയും എന്നര്‍ത്ഥം.

അധികാരത്തിലേറിയത് മുതല്‍ റവന്യൂ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അത്ര രസത്തിലല്ല. മൂന്നാര്‍, ലോ അക്കാദമി വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ചന്ദ്രശേഖരന്‍ നേരിട്ട് ഏറ്റുമുട്ടി. മൂന്നാര്‍ വിഷയത്തില്‍ താരതമ്യേന അപ്രധാനമായ യോഗത്തിന്റെ കാരണം പറഞ്ഞ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്നും ചന്ദ്രശേഖരന്‍ വിട്ടുനിന്നു. ഏറ്റവും ഒടുവില്‍ തോമസ് ചാണ്ടി വിഷയത്തില്‍ ക്യാബിനറ്റ് യോഗം തന്നെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സിപിഐ മന്ത്രിമാര്‍ ബഹിഷ്ക്കരിച്ചു. ഇതിനെ അസാധാരണ നടപടി എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ എതിരിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐയെ, ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് ആക്ഷേപിച്ചത്.

കോടിയേരിയുടെ പത്രസമ്മേളനം കഴിഞ്ഞു തൊട്ടടുത്ത ദിവസം മൂന്നാറില്‍ സിപിഎം നേതൃത്വത്തില്‍ റവന്യൂ വകുപ്പിനെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ചേര്‍ത്തലയിലെ സിപിഐ ഓഫീസ്, കയ്യേറി നിര്‍മ്മിച്ചതാണ് എന്ന ആരോപണവുമായി സിപിഎം ആലപ്പുഴ ജില്ല നേതൃത്വം രംഗത്തെത്തി. തോമസ് ചാണ്ടി വിഷയം കത്തി നില്‍ക്കുമ്പോഴൊന്നും പ്രത്യക്ഷപ്പെടാത്ത സിപിഐ നേതാവ് കെ ഇ ഇസ്മായില്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് ലേക് പാലസിലേക്കുള്ള റോഡിന് പണം നല്‍കിയത് എന്നു പറഞ്ഞുകൊണ്ടു ഫേസ്ബുക്കില്‍ പൊട്ടിവീണു. ഇതിനിടെ കാസര്‍ഗോഡ് സിപിഎം, ചന്ദ്രശേഖരന്‍ മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്ക്കരിക്കാന്‍ ആലോചിക്കുന്നതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

http://www.azhimukham.com/kerala-encroachment-allegation-kumarakom-panchayath-against-rajeev-chandrasekhar-mps-resort/

കഴിഞ്ഞ കുറേ മാസങ്ങളായി ഇടതു സ്വതന്ത്രന്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെയും തോമസ് ചാണ്ടിക്കെതിരെയും നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഗവണ്‍മെന്റിനെയും സിപിഎമ്മിനെയും അതിലൂടെ മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്നതില്‍ ഏഷ്യാനെറ്റ് വിജയം കാണുന്നു എന്ന യാഥാര്‍ഥ്യം സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു. ഏകദേശം 70-ഓളം വാര്‍ത്തകളും 25-ഓളം ന്യൂസ് അവര്‍ ചര്‍ച്ചകളുമാണ് ഏഷ്യാനെറ്റ് തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ ചെയ്തത്. ഏകദേശം അത്ര തന്നെ എണ്ണം പിവി അന്‍വറിന്റെ വിഷയത്തിലും ചെയ്യുന്നു. അന്‍വറിന്റെ രാജി കൂടി അനിവാര്യമാകുന്ന സാഹചര്യം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ പരാജയമാണ്. ഒപ്പം കയ്യേറ്റക്കാരും കള്ളപ്പണക്കാരും എന്ന ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധയുക്തിയുടെ ഗംഭീര രാഷ്ട്രീയ വിജയം കൂടിയായി അത് മാറും. കൊടുവള്ളിയില്‍ കൊടിയേരിയുടെ ജനജാഗ്രതാ യാത്രയില്‍ നിന്ന് ഉയര്‍ന്നുവന്ന മിനി കൂപ്പര്‍-കാരാട്ട് ഫൈസല്‍-കള്ളപ്പണ വിവാദവും ഓര്‍ക്കുക. കഴിഞ്ഞ കുറച്ചുകാലങ്ങളായി സിപിഎം താലോലിച്ചു വളര്‍ത്തിക്കൊണ്ടുവരുന്ന ന്യൂനപക്ഷ വോട്ട് ബാങ്ക് എന്ന സ്വപ്നം തകരാനുള്ള സാധ്യതയും സിപിഎം കാണുന്നുണ്ട്.

http://www.azhimukham.com/nda-mp-rajeev-chandrasekhar-investor-director-in-arnab-goswamis-republic/

തോമസ് ചാണ്ടിക്കെതിരെ തെരുവില്‍ ഏറ്റവും കൂടുതല്‍ യുദ്ധം ചെയ്തത് ബിജെപിയാണെന്നതും ആലോചനാമൃതം.

രാജീവ് ചന്ദ്രശേഖരന്റെ കായല്‍ കയ്യേറ്റ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ ഒരേ സമയം ഏഷ്യാനെറ്റിനെയും ബിജെപിയെയും സിപിഐയെയും ലക്ഷ്യമിടുകയാണ് സിപിഎം. ഈ ചതുരംഗ കളിയില്‍ ആര് ജയിക്കുമെന്നത് തീരുമാനിക്കും കേരള രാഷ്ട്രീയത്തിന്റെ ഭാവി. കളിയില്‍ തല്‍ക്കാലം കോണ്‍ഗ്രസ്സിന് ഇടമില്ല എന്ന യാഥാര്‍ഥ്യം കൂടിയുണ്ട് എന്നതും രാഷ്ട്രീയ വായനക്കാര്‍ ശ്രദ്ധിയ്ക്കുക. (ഇപ്പോള്‍ ആരോപണ വിധേയരായ എല്ലാവരും തന്നെ മുന്‍ കോണ്‍ഗ്രസ്സുകാരോ അവരോടു സ്നേഹബന്ധം പുലര്‍ത്തിയവരോ ആണ്)

http://www.azhimukham.com/asianet-news-owner-rajeev-chandrasekhar-case-against-thewire-court-order/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories