Top

ഹലാല്‍ ഫായിദ: സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിന് തുടക്കം; വര്‍ഗ്ഗീയ പ്രചരണവുമായി ബിജെപി

ഹലാല്‍ ഫായിദ: സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിന് തുടക്കം; വര്‍ഗ്ഗീയ പ്രചരണവുമായി ബിജെപി
കണ്ണൂര്‍ സഹകരണ സംഘങ്ങളുടെ നാടാണ്. ജില്ലയിലെ സിപിഎമ്മിന്റെ അടിത്തറകളില്‍ ഒന്നു തന്നെ ജില്ലയാകെ പടര്‍ന്നുകിടക്കുന്ന സഹകരണ സംഘങ്ങളുടെ ശൃംഖലയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി അറിയപ്പെടുന്നത് തന്നെ കേരളത്തിലെ സഹകരണ ഗ്രാമം എന്ന പേരിലാണ്. സഹകരണ ബാങ്കുകളും സഹകരണ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ചെറുകിട ഉത്പാദന സ്ഥാപനങ്ങളും ജില്ലയുടെ മുക്കിലും മൂലയിലും കാണാം. കാര്‍ഷിക സഹകരണ സംഘമായാലും ബീഡി തൊഴിലാളി സഹകരണ സംഘമായാലും നെയ്ത്ത് തൊഴിലാളി സഹകരണ സംഘമായാലും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ ഒന്നാകെ കൂട്ടി യോജിപ്പിക്കുന്ന സുഘടിത സംവിധാനമാണ് സഹകരണ പ്രസ്ഥാനം.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസെറ്റി സഹകരണ മേഖലയില്‍ സംസ്ഥാനത്തെ തന്നെ പുതിയ സംരംഭമാണ്. ഇസ്ലാമിക് ബാങ്കിംഗ് രീതി പിന്‍തുടരുന്ന പലിശ രഹിത ബാങ്കാണ് ഹലാല്‍ ഫായിദ.

“വലിയ ക്യാന്‍വാസിലാണ് ഹലാല്‍ ഫായിദ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ ഒന്നിച്ചു ഇടപെടാനാണ് തീരുമാനം. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വായ്പയും സാങ്കേതിക സഹായവും സൊസൈറ്റി ലക്ഷ്യമിടുന്നു. ഇത് മാതൃകാപരമാണ്”, മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/pinarayi-village-talks-about-vijayan-rakesh-sanal/

ഇസ്‌ളാം മതവിശ്വാസ പ്രകാരം, ‘രിബ’ എന്നറിയപ്പെടുന്ന പലിശ മനുഷ്യന് നിഷിദ്ധമാണ്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഇസ്‌ളാമിക നിയമ പ്രകാരം കുറ്റകരവുമാണ്. ഇതുമൂലം തന്നെ കടുത്ത മതവിശ്വാസികള്‍ പലരും ബാങ്കിംഗ് സംവിധാനം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറല്ല. വായ്പകള്‍ എടുക്കാന്‍ മാത്രമല്ല, നിക്ഷേപങ്ങള്‍ തുടങ്ങാനും പലരും മടിക്കുന്നു. ഇത്തരക്കാര്‍ പലരും, തങ്ങളുടെ സമ്പാദ്യം വീടുകളില്‍ തന്നെ സൂക്ഷിക്കുകയോ, ചിലവ് ചെയ്യുകയോ ആണ് ചെയ്യുന്നത്. ഇതിന് കാരണം പലിശരഹിത ധന ഇടപാടുകള്‍ നടത്തുന്ന സാമ്പത്തിക സ്ഥാപങ്ങള്‍ ഒന്നും തന്നെ നമുക്കിടയില്‍ ഇല്ല എന്നതാണ്.

ഈ സാഹചര്യത്തിലാണ് സിപിഎം ഇത്തരമൊരു ആശയവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. “മുസ്ലിംകൾക്ക് ഏറ്റവും നന്നായി സഹകരിച്ചുപോകാൻ പറ്റുക കമ്യൂണിസ്റ്റുകാരുമായാണ്. മുസ്ലിംകൾ പലിശയെ അംഗീകരിക്കുന്നില്ല. പലിശയെ ചൂഷണ ഉപാധിയായാണ് കമ്യൂണിസ്റ്റുകളും കാണുന്നത്”. കഴിഞ്ഞ ജൂലൈ മാസം ഹലാല്‍ ഫായിദ കോ-ഓപ്പറേറ്റീവ് സൊസെറ്റിയുടെ നിക്ഷേപ സമാഹരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു.സ്വാഭാവികമായും ഇസ്ളാമിക രീതിയിലുള്ള ഒരു ബാങ്കിംഗ് സമ്പ്രദായം തുടങ്ങുന്നതിന് പിന്നിലെ ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു രാഷ്ട്രീയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

"ചിലര്‍ക്ക് ഇത് മുസ്‌ളീം സമുദായത്തിന് മാത്രം ആനുകൂല്യം കൊടുക്കാനുള്ള സംരംഭമാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അത് ശരിയല്ല. ആ വിധത്തില്‍ പല പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. പലിശ എന്ന സങ്കല്‍പത്തെ എതിര്‍ക്കുന്നത് മൂലം ബാങ്കുകളെ ആശ്രയിക്കാത്ത ഒരു വലിയ വിഭാഗം നാട്ടിലുണ്ട്. അവരുടെ പണം വീട്ടില്‍ കെട്ടി കിടക്കുകയാണ്. അത്തരക്കാര്‍ക്ക് പലിശ ഒന്നുമില്ലാതെ പണം നിക്ഷേപിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ നാട്ടിലില്ല. പലിശ വേണ്ട എന്ന് സ്വയം തീരുമാനിച്ച് പണം നിക്ഷേപിക്കാന്‍ സംവിധാനങ്ങള്‍ നാട്ടിലുണ്ടോ? ഇത് ഒരു സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തില്‍ തുടങ്ങുന്നതല്ല, ഏത് മതവിശ്വാസികള്‍ക്കും ഈ പലിശരഹിത ബാങ്കിംഗ് സംവിധാനത്തോട് സഹകരിക്കാവുന്നതാണ്, ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു”, സൊസെറ്റി പ്രസിഡന്‍റ് എം ഷാജര്‍ അഴിമുഖത്തോട് പറഞ്ഞു (മെയ് 27, 2017)

കേരളത്തില്‍ ഇസ്‌ളാമിക് ബാങ്കിംഗ് തുടങ്ങാനുള്ള പദ്ധതികള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവില്‍ ഈ നിര്‍ദ്ദേശം റിസര്‍വ് ബാങ്കിന് മുന്നില്‍ കേരളം വെച്ചെങ്കിലും നിരാശയായിരുന്നു ഫലം. അത്തരം ബാങ്കിംഗ് തുടങ്ങാന്‍ പുതിയ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് മറുപടി നല്‍കിയ റിസര്‍വ് ബാങ്ക് കേരളത്തിന്റെ ആവശ്യം നിരസിച്ചു, അതിനും മുമ്പ് 2011ല്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് കേരളാ ബജറ്റില്‍ ഇസ്‌ളാമിക ബാങ്കിംഗ് തുടങ്ങുന്ന കാര്യം പറഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

http://www.azhimukham.com/keralam-islamicbank-co-operative-kannur-cpm-noninterest-banking-new-venture/

അതേസമയം ഇത്തരം സംരംഭങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നിയമപരമായ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കണം എന്ന് ഇന്നലെ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. “സ്ഥാപനത്തിന് സഹകരണ വകുപ്പില്‍ നിന്നും ലഭിച്ച അനുമതി ക്രമപ്രകാരമല്ലെങ്കില്‍ പിന്നീട് അത് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്ന്” മുഖ്യമന്ത്രി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പലിശ രഹിത കാര്‍ഷിക വായ്പ കൊടുക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ നബാര്‍ഡ് ഇടപെട്ട കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

“വായ്പ്പയും വായ്പാ തിരിച്ചടവും സംബന്ധിച്ചുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഏതെങ്കിലും സ്ഥാപനത്തിന് കഴിയില്ല. പലിശരഹിത ഫണ്ട് എന്നത് നല്ല കാര്യമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹലാല്‍ ഫായിദ സൊസെറ്റിക്ക് അനുകൂല നിലപാട് എടുത്തിട്ടുണ്ടാകും. പക്ഷേ, അത് വകുപ്പിന് ചേരാത്ത നിലപാടാണെങ്കില്‍ കൃത്യമായ പരിശോധന നടന്നാല്‍ പിടി വീഴും”, മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

http://www.azhimukham.com/pinarayi-vijayan-as-chief-minister-challenges-hopes-saju-komban/

സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള ബിജെപി നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്ന ഒന്നാണ് ഇസ്ലാമിക് ബാങ്കിങ്. ഒപ്പം നോട്ട് നിരോധന കാലത്ത് സഹകരണ സംഘങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രങ്ങളാണ് എന്ന ബിജെപി പ്രചരണം ഓര്‍ക്കുക. ഇന്നലെ തന്നെ ഹലാല്‍ ഫായിദ ഉദ്ഘാടനം ചെയ്തതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു കഴിഞ്ഞു.

ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തിലെ സാമ്പത്തിക മേഖല ഒരുവിഭാഗം പിടിച്ചെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിത്. സാമ്പത്തിക മേഖല പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ കൈയടക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.

http://www.azhimukham.com/islamik-bank-gujarat-kerala-sangaparivar-thomas-issac-anoop-varghese/


Next Story

Related Stories