TopTop
Begin typing your search above and press return to search.

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

“ശബരിമലയില്‍ സമ്പൂര്‍ണ്ണ മാധ്യമ വിലക്ക്. ചരിത്രത്തിലാദ്യമായാണ് ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തനം തടയുന്നത്. ചിത്തിര ആട്ടവിശേഷത്തിന് മുന്നോടിയായ ഒരുക്കങ്ങളുടെ വാര്‍ത്ത എടുക്കാന്‍ പോയവരെപ്പോലും നിലയ്ക്കലിന് അപ്പുറത്തേക്ക് കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. ഞായറാഴ്ച രാത്രി മാധ്യമങ്ങളുടെ വാഹനങ്ങള്‍ ത്രിവേണി പാലത്തില്‍ തടഞ്ഞതാണ് ഒടുവിലത്തെ സംഭവം.” മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാത്രി ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ മനോരമ ചാനലിലും മാതൃഭൂമിയിലും നടക്കുന്ന രണ്ടു ചര്‍ച്ചകളില്‍ ബിജെപി നേതാക്കന്‍മാരായ എസ് സുരേഷ്, ജെ ആര്‍ പദ്മകുമാര്‍ എന്നിവര്‍ കൊണ്ടുവന്ന ആരോപണങ്ങളും വാദങ്ങളും കൌതുകകരമാണ്.

മനോരമയില്‍ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ആയ എസ് സുരേഷ് പറഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സി പി എം ഫ്രാക്ഷന്‍ ഉണ്ട് എന്നാണ്. 90 ശതമാനം മാധ്യമ പ്രവര്‍ത്തകരും ഇങ്ങനെയുള്ളവരാണ്. (10 ശതമാനം ജനം ടിവിയാണോ?)

അതേസമയം ജെ ആര്‍ പദ്മകുമാര്‍ മാതൃഭൂമിയില്‍ പറഞ്ഞത് മാധ്യമ അവകാശത്തിനും സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു വെച്ചിരിക്കുകയാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നാണ്.

ഇനി ചില ചോദ്യങ്ങള്‍

സി പി എമ്മുകാരായ മാധ്യമ പ്രവര്‍ത്തകരെ എന്തിനാണ് സി പി എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തടയുന്നത്? അവരെ കയറ്റിവിട്ട് സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ ചെയ്യാനുള്ള സംരക്ഷണം ചെയ്തുകൊടുക്കുകയല്ലേ വേണ്ടത്?

തുലാമാസ പൂജയുടെ സമയത്ത് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അവരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത പ്രതിഷേധക്കാരുടെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘന പരിധിയില്‍ പെടില്ലേ?

50 വയസ്സില്‍ താഴെയുള്ള സ്ത്രീകളായ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയക്കരുത് എന്നു ശബരിമല കര്‍മ്മ സമിതി മാധ്യമ സ്ഥാപന മേധാവികള്‍ക്ക് കത്തയച്ചത് ഏത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ്?

ബിജെപിയുടെ ഉത്തരവാദപ്പെട്ട നേതാവെന്ന നിലയില്‍ സുരേഷ് മാധ്യമ പ്രവര്‍ത്തകരെ സി പി എമ്മുകാര്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ എന്നു വിശേഷിപ്പിച്ചത് ബിജെപിയുടെ ഔദ്യോഗിക നിലപാട് ആണോ?

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്നലെ ഘോരഘോരം വാദിച്ച പദ്മകുമാര്‍ കഴിഞ്ഞ മാസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരെ തള്ളിപ്പറയുമോ? സ്ത്രീ മാധ്യമ പ്രവര്‍ത്തകര്‍ ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിന് ഏത്തരുത് എന്ന നിലപാട് തന്നെയാണോ ബിജെപിക്കും ഉള്ളത്?

മാതൃഭൂമി റിപ്പോര്‍ട്ട് ഇങ്ങനെ തുടരുന്നു, "ശനിയാഴ്ച മുതലാണ് ശബരിമലയില്‍ മാധ്യമ വിലക്ക് തുടങ്ങിയത്. രാവിലെ നിലയ്ക്കലെത്തിയവര്‍ പിന്നീട് ഇടത്താവളത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വനത്തിലാണ് നിന്നത്. ഞായറാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ പോലീസുമായി സംസാരിച്ചപ്പോള്‍ ഇടത്താവളം വരെ പോകാന്‍ അനുവദിച്ചു. പക്ഷേ, പമ്പയിലേക്കൊ സംവിധാനത്തേക്കോ വിട്ടില്ല."

എന്നാല്‍ മാധ്യമ വിലക്കില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡി ജി പി ലോക്നാഥ് ബെഹ്റയും ഇന്നലെ തന്നെ പ്രസ്താവിച്ചിരുന്നു. അതേസമയം മാധ്യമ വിലക്ക് ചരിത്രത്തിലെങ്ങും കാണാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. എന്നാല്‍ യുവതികളെ കയറ്റാനുള്ള അരങ്ങൊരുക്കാനാണ് മാധ്യമ വിലക്കെന്നാണ് ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടത്.

എന്തായാലും ഏറ്റവും പുതിയ വാര്‍ത്ത സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടു എന്നാണ്. 9 മണിക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടത്. അങ്ങനെ ഇന്നലെ കെ യു ഡബ്ല്യു ജെ വലിയ വായില്‍ വിളിച്ചുപറഞ്ഞ മാധ്യമ സ്വാതന്ത്ര്യ പ്രശ്നം താല്‍ക്കാലികമായി അവസാനിച്ചു.

സംസ്ഥാനത്തെ വിവിധ പ്രസ്സ് ക്ലബ്ബുകളുടെ പതിനെട്ടാം പടി കയറാന്‍ എന്നാണ് ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകളെ അനുവദിക്കുക? വെറുതെ ചോദിച്ചെന്നേ ഉള്ളൂ.. എല്ലാം സ്വാതന്ത്ര്യ പ്രശ്നമാണല്ലോ?

https://www.azhimukham.com/kerala-high-police-security-in-sabarimala-women-entry/

https://www.azhimukham.com/trending-culture-kr-meera-open-letter-sugathakumari-sabarimala-women-entry/

https://www.azhimukham.com/keralam-death-threat-to-ps-sreedharanpilla-writes-ka-antony/

https://www.azhimukham.com/offbeat-protesters-harassed-snehakoshy-ndtv-reporter-who-conducted-telethon-to-collect-flood-relief-fund-reports-sreeshma/

https://www.azhimukham.com/offbeat-sabarimala-women-entry-media-sanghaparivar-climate-of-fear-writes-krishna-govind/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories