Top

മാരാരിക്കുളം പീഡനം; ക്രിമിനലുകള്‍ ഏറുന്ന കേരള പോലീസ്

മാരാരിക്കുളം പീഡനം; ക്രിമിനലുകള്‍ ഏറുന്ന കേരള പോലീസ്
നാലു വര്‍ഷം മുന്‍പ് നടന്ന ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കേസ് സി ബി ഐ അന്വേഷിക്കാനും വേണ്ടി സഹോദരന്‍ ശ്രീജിത്ത് 767 ദിവസമായി തുടരുന്ന സമരം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് സംസ്ഥാന ആഭ്യന്തര വകുപ്പിന് ക്ഷീണമായിരിക്കുകയാണ്. പോലീസ് കംപ്ലൈന്‍റ് അതോറിറ്റി കുറ്റക്കാരെന്ന് വിധിച്ച പോലീസുകാര്‍ കോടതിയില്‍ നിന്നു നേടിയ സ്റ്റേയുടെ ബലത്തില്‍ ഇപ്പോഴും പദവികളില്‍ തുടരുകയാണ്. എന്തായാലും സ്റ്റേ ഒഴിവാക്കി കിട്ടാന്‍ സര്‍ക്കാര്‍ ഉടന്‍ കോടതിയെ സമീപിക്കും എന്നാണ് ശ്രീജിത്തിന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

പോലീസിനെതിരെ വികാരം പൊതുസമൂഹത്തിലും നവമാധ്യമങ്ങളിലും അലയടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആലപ്പുഴയില്‍ നിന്നും പോലീസുകാര്‍ പ്രതികളായ ലൈംഗിക പീഡന കേസ് പുറത്തു വരുന്നത്. ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസ്, മാരാരിക്കുളം സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ലൈജു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

മംഗലം സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം വിവിധ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പെണ്‍കുട്ടിയെ ഏര്‍പ്പാടാക്കിയ യുവതി അടക്കം 5 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

“പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. പോലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാല്‍സംശയത്തിനിട നല്‍കാത്ത വിധം അന്വേഷിക്കാനാണ് ശ്രമമെന്ന് ഡി വൈ എസ് പി പിവി ബേബി പറഞ്ഞ”തായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

http://www.azhimukham.com/kerala-sreejiths-mother-begging-for-her-sons-life-aruntvijayan/

എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ ബി കോശി ശ്രീജിവിന്റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞതാണ് നടക്കുന്നതെങ്കില്‍ മേല്‍ പോലീസുകാര്‍ കേസില്‍ നിന്നും ഊരിപ്പോരുകയും പ്രമോഷനുകളോടെ പദവിയില്‍ വിരാജിക്കുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. തെളിവിനായി ശ്രീജീവിനെ മൂന്നാം മുറയ്ക്ക് വിധേയരാക്കിയ പോലീസുകാര്‍ ഇപ്പോള്‍ എവിടെ ഇരിക്കുന്നു എന്ന കാര്യം മാത്രം പരിശോധിച്ചാല്‍ മതി.

ശ്രീജിവിന്റെ കസ്റ്റഡി മരണ കേസില്‍ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണവുമായി പോലീസ് നിസഹകരിച്ചു എന്നാണ് ജെ ബി കോശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പോലീസിന് എന്തോ ഒളിക്കാനുണ്ടായിരുന്നു. കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും രേഖകകള്‍ നല്‍കിയില്ല.

http://www.azhimukham.com/trending-attack-on-transgenders-in-kozhikodu-mittayi-theruvu-by-arun/

ഫോര്‍ട്ട് പോലീസ് ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ സിബിഐ കോടതിയില്‍ വാദം നടക്കുകയാണ്. ഒരു വ്യാഴവട്ട കാലമായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മ നീതിക്കു വേണ്ടി കാത്തിരിക്കുന്നു. ഇത്രയും കാലം നിയമത്തിന്റെ എല്ലാ പരിരക്ഷയിലും കഴിയുകയാണ് കുറ്റാരോപിതരായ പോലീസുകാര്‍ എന്നോര്‍ക്കുക.

കഴിഞ്ഞ മാസമാണ് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കാനിരിക്കുന്ന നൃത്ത പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി മടങ്ങവെ സുസ്മി, ജാസ്മി എന്നീ ട്രാന്‍സ്ജെന്‍ഡറുകളെ കോഴിക്കോട് കസബ പോലീസ് എസ് ഐയും സംഘവും മിഠായി തെരുവില്‍ വെച്ച് മര്‍ദ്ദിച്ചത്. പൊതുസമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലിക ശിക്ഷാ നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

http://www.azhimukham.com/prabahavathi-mother-of-udayakumar-tortured-killed-in-fort-police-station-thiruvananthapuram-speaks-safiya/

കേരള പോലീസില്‍ ക്രിമിനല്‍ പോലീസുകാരുടെ എണ്ണം കൂടുകയാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഇനിയും ഏറെ നിരത്താനാകും. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി വളപട്ടണം തിരഞ്ഞെടുക്കപ്പെട്ടു എന്നു പറഞ്ഞു മേനി നടിച്ചാലും ജനമൈത്രി, ശിശു സൌഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം എത്ര തന്നെ കൂട്ടിയാലും അതിനെ നയിക്കേണ്ടവര്‍ ക്രിമിനല്‍ മാനസികാവസ്ഥയുള്ളവര്‍ ആയാല്‍ എന്തു സംഭവിക്കും?

http://www.azhimukham.com/offbeat-kerala-police-and-its-brutal-attitude-towards-under-privileged-people/

മാരാരിക്കുളത്ത് നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇടതു മുന്നണി അധികാരമേറ്റതിന് ശേഷം വലിയ ചീത്തപ്പേരാണ് പോലീസ് വകുപ്പ് ഉണ്ടാക്കിയത്. സിപിഎം സംസ്ഥാന സമിതിയില്‍ തന്നെ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നു. ആഭ്യന്തര വകുപ്പ് കൂടി കയ്യാളുന്ന മുഖ്യമന്ത്രിയില്‍ നിന്നും ഇച്ഛാശക്തിയുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട് സംസ്ഥാനത്തെ പോലീസിംഗ്. അതായത് “എന്റെ മനസ് ശ്രീജിത്തിനൊപ്പം” എന്ന വൈകാരിക ഐക്യപ്പെടല്‍ മാത്രം പോര എന്നു സാരം.

http://www.azhimukham.com/newswrap-russian-director-alexander-sokurov-visits-fort-policestation/

http://www.azhimukham.com/police-duty-humanrights-politicians-sukumar-azhikode-speech/

Next Story

Related Stories