TopTop
Begin typing your search above and press return to search.

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷ വിപ്ലവങ്ങളുടെയും ഗറില്ലാ യുദ്ധങ്ങളുടെയും കാലത്ത് ഉദയം ചെയ്തതാണ് വിമോചന ദൈവശാസ്ത്രം. പാതിരിമാര്‍ ഒരു കയ്യില്‍ കുരിശും മറു കയ്യില്‍ ചെങ്കൊടിയുമായി വിപ്ലവത്തിന്റെ പാതയില്‍ ഇറങ്ങി എന്നാണ് ചരിത്രം. ദരിദ്രര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ഇടതുപക്ഷ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ദൈവശാസ്ത്രത്തെ വ്യാഖ്യാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനായി 1950-കളില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കേരളത്തില്‍ പാതിരിമാര്‍ 'വിമോചനം' നയിക്കുകയായിരുന്നു എന്നത് ചരിത്രത്തിന്റെ വൈരുധ്യമായി.

1957 ലെ വിമോചന സമരത്തില്‍ പള്ളിയും സാമുദായിക നേതാക്കളും എല്ലാം മതത്തിന്റെയും സമുദായത്തിന്റെയും പതാക പിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ അണിനിരന്നപ്പോള്‍ അത് തകര്‍ത്തത് ലോകത്തില്‍ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടത്തെയാണ്. എന്തായാലും വിമോചന സമരത്തിന് ശേഷം മത-സാമുദായിക പ്രത്യയശാസ്ത്രങ്ങളോട് നേരിട്ടു യുദ്ധം ചെയ്യാതെ ഒരു 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ'ത്തിലൂടെയാണ് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഇടതുപക്ഷം അധികാരത്തില്‍ ഏറിക്കൊണ്ടിരുന്നത്. ഇപ്പോഴും തുടരുന്നതും.

ഇതിപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കാരണം സിപിഎം രാമായണ മാസം ആചരിക്കാന്‍ പോകുന്നു എന്ന മലയാള മനോരമ വാര്‍ത്തയാണ്. ‘പാര്‍ട്ടി ചൊല്ലും രാമ രാമ പാഹിമാം’ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. രാമന്റെയും സീതയുടെയും പേരുള്ള ഒരാള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ ഇതല്ലാതെ മറ്റെന്ത് ചെയ്യാനാണ് എന്നു വേണമെങ്കില്‍ ട്രോളാം. ത്രിപുര മുഖ്യമന്ത്രി വിപ്ലബ് ദേബ് കേരളത്തില്‍ വന്നപ്പോള്‍, പുരാണ ഗ്രന്ഥങ്ങളെ ശാസ്ത്ര ഗ്രന്ഥങ്ങളെന്നു കരുതി ‘മണ്ടത്തരങ്ങള്‍' വിളമ്പുന്നത് എന്തുകൊണ്ടാണെന്ന സിപിഎം വിമര്‍ശനത്തെ കുറിച്ചുള്ള ഒരു ചോദ്യം മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, യെച്ചൂരിക്ക് മാതാപിതാക്കള്‍ നല്‍കിയ പേര് സീതാറാം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ‘ഇറക്കുമതി’ പ്രത്യയശാസ്ത്രമായ കമ്യൂണിസത്തെ കുറിച്ച് പറയുമ്പോഴും നിങ്ങളെല്ലാം ഇന്ത്യന്‍ ‘സംസ്കാര’ത്തിലാണ് എന്നായിരിക്കാം ചിലപ്പോള്‍ പേരില്‍ വിപ്ലവം കൊണ്ടുനടക്കുന്ന ത്രിപുര മുഖ്യമന്ത്രി ഉദ്ദേശിച്ചത്.

സിപിഎമ്മിന്റെ രാമായണ മാസാചരണത്തെ കുറിച്ച് മലയാള മനോരമ പറയുന്നത് ഇങ്ങനെ: സംസ്കൃത അധ്യാപകര്‍, പണ്ഡിതര്‍, ആ ഭാഷയോട് താല്പര്യമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന സിപിഎം ഈ അടുത്തകാലത്ത് രൂപീകരിച്ച സംസ്കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം നടത്തുക. “17-ന് ആരംഭിക്കുന്ന രാമായണ മാസാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംസ്കൃത സംഘം തീരുമാനിച്ചിരിക്കുന്നത്. രാമായണ പ്രഭാഷണങ്ങള്‍, ക്ലാസുകള്‍, സെമിനാറുകള്‍, എന്നിവ നടത്തും. 25നു തിരുവനന്തപുരത്ത് സംസ്ഥാന തല സെമിനാറുണ്ട്. നിരൂപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം ഉള്‍പ്പെടെയുള്ളവര്‍ വിവിധ ജില്ലകളില്‍ പങ്കെടുക്കും. രാമായണത്തെ ഇതിഹാസമായി കണ്ട് അതിന്റെ സാമൂഹികമായ സ്വാധീനത്തെ വിശകലനം ചെയ്യാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.”

അതേസമയം സി പി എം രാമായണ മാസം സംഘടിപ്പിക്കുന്നു എന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് ചുമതലക്കാരനായ സംസ്ഥാനകമ്മിറ്റി അംഗവും ചരിത്രത്തില്‍ ഡോക്ടറേറ്റ് ഉള്ള അക്കാദമിഷ്യനുമായ വി ശിവദാസന്‍ പറഞ്ഞു.

1980കളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത രാമാനന്ദസാഗറിന്റെ രാമായണം ടെലിവിഷന്‍ പരമ്പര എങ്ങനെയാണ് 1992ലെ ബാബറി മസ്ജീദ് പൊളിക്കാനുള്ള ‘സമ്മതി’ നിര്‍മ്മിച്ചെടുത്തത് എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. നിലവില്‍ ഹിന്ദു മത ചിഹ്നങ്ങളെയും യോഗയേയുമൊക്കെ രാഷ്ട്രീയ ആഖ്യാനത്തിലേക്ക് കടത്തി വിടുന്ന ബിജെപിയുടെ 'സംസ്കാര രാഷ്ട്രീയ'ത്തിലെ അപകടം സിപിഎം മനസിലാക്കുന്നുണ്ട്. അതിനെ എതിരിടാനുള്ള ബദല്‍ എന്താണ് എന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം ആ പാര്‍ട്ടിയില്‍ കലശലായുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

കണ്ണൂരില്‍ ആരംഭിച്ച് ഇപ്പോള്‍ സംസ്ഥാന വ്യാപകമായി കുട്ടികളുടെ ഇടതു സംഘടനയായ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ സാംസ്കാരികഘോഷയാത്രകളുടെയും സംവാദങ്ങളുടെയും ചുവടുപിടിച്ചാണ് രാമായണമാസാചരണവും എന്നു കരുതേണ്ടി വരും. 'Catch them Young' എന്ന നാസി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ബാലഗോകുലത്തിലൂടെ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും സംഘപരിവാര്‍ നുഴഞ്ഞുകയറുന്നത് കണ്ടപ്പോള്‍ ഒരു ഓട്ടയടക്കല്‍ ശ്രമമായി ചിലര്‍ ഇതിനെ വിലയിരുത്തിയപ്പോള്‍, മതം എന്ന ആഖ്യാനത്തെ വീണ്ടും വീണ്ടും പൊതുസമൂഹത്തിന് മുന്‍പില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന പ്രത്യയശാസ്ത്രപരമായ പാളിച്ചയായി മറ്റ് ചിലര്‍ ഇതിനെ കണ്ടു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നവോത്ഥാന നായകരുടെ ചിത്രം കയ്യില്‍ പിടിച്ചാണ് കുട്ടികള്‍ ഘോഷയാത്ര നടത്തുന്നത് എന്നും കൈമോശം വന്നുകൊണ്ടിരിക്കുന്ന നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും സിപിഎം വാദിച്ചെങ്കിലും അതങ്ങനെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ പലരും തയ്യാറായില്ല.

രാമായണ മാസാചരണത്തിന്റെ ഗതിയും മറ്റൊന്നായിരിക്കില്ല എന്നു തീര്‍ച്ച. പാര്‍ട്ടിക്കുള്ളിലും പുറത്തും ഇത് വിവാദത്തിന് തിരി കൊളുത്തുക തന്നെ ചെയ്യും. സിപിഎമ്മിന്റെ രാമായണ പ്രഭാഷണ പരമ്പരയില്‍ മഹാഭാരത പ്രഭാഷണ പരമ്പര നടത്തിയ സുനില്‍ പി ഇളയിടം മാത്രമല്ല എഴുത്തുകാരനും കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ ജി പൌലോസുമൊക്കെ ഉണ്ടാകുമെന്ന് മാതൃഭൂമി പറയുന്നു. തീര്‍ച്ചയായും മുന്‍ സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എന്‍ വി പി ഉണ്ണിത്തിരിയെ പോലുള്ള സംസ്കൃത ചരിത്ര പണ്ഡിതന്‍മാരും ഉണ്ടാകും. സിപിഎമ്മിന്റെ പരിപാടിയിലേക്ക് അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം എം ബഷീറിനെയും വിളിക്കും എന്നു പ്രതീക്ഷിക്കാം. 2015ല്‍ മാതൃഭൂമി പത്രത്തില്‍ രാമായണ വിശകലനം നടത്തിയതിനാണ് ഡോ എം എം ബഷീറിനെതിരെ സംഘപരിവാര്‍ വാളെടുത്തത്. അന്ന് കേരളത്തിലെ ഏറ്റവും വലിയ മതേതരനാണ് താനെന്ന് കരുതുന്ന ‘രാമന്റെ ദുഖം’ എഴുതിയ എം പി വീരേന്ദ്രകുമാറിന്റെ പത്രം വാലും ചുരുട്ടി ഓടി എന്നത് ചരിത്രം.

രാമായണ മാസാചരണ പരിപാടിയിലൂടെ സിപിഎം എതിരിടുന്ന സംഘപരിവാറിനോട് മാപ്പിള ലാമായണവും ഈ നാട്ടില്‍ ഉണ്ടെന്നു കാര്യം പറഞ്ഞുകൊടുക്കും എന്നു കരുതാം. അങ്ങനെയെങ്കില്‍ സിപിഎമ്മിന്‍റെ പരിപാടി പുണ്യ പുരാണങ്ങളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നവര്‍ക്കുള്ള ഭീഷണി ആവും എന്നു നമുക്ക് വിശ്വസിക്കാം. അല്ലെങ്കില്‍ ശ്രീകൃഷണന്റെ ചിത്രം വെച്ചു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചതുപോലെയാകും കാര്യങ്ങള്‍.

രാമായണ മാസത്തില്‍ പാരായണം ചെയ്യാനായി മാപ്പിള ലാമായണത്തിലെ കുറച്ചുവരികള്‍ താഴെ കൊടുക്കുന്നു.

ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമ

ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമ

പണ്ട് താടിക്കാരനൗലി പാടി വന്നൊരു പാട്ട്

കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്

കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്

കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്

മൂന്നു പെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്

അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്

നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്

നഞ്ഞ് നക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്

കുഞ്ഞുകുട്ടിതങ്കമോളെ കൈപിടിച്ച പാട്ട്

ഹാലിളകി താടിലാമൻ വൈ തടഞ്ഞ പാട്ട്

ഹാല് മാറ്റീട്ടന്ന് ലാമൻ നാട്ടിലെത്തിയ പാട്ട്

നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്

കൂനി നൊണകേട്ടന്നെളോമ വാശികാട്ടിയ പാട്ട്

ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്

കുടെയനുശൻ കുട്ടിനോളും കുടിപ്പോയ പാട്ട്

മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്

വിക്കിവിക്കി ലാശലാശൻ മൗത്തിലായ പാട്ട്

ലലസോ ഉമ്മനാട്ടിന് പോയ വരതൻ ഓടിവന്ന പാട്ട്

ലാമനെക്കൂട്ടിവരുവാൻ പോയിവന്ന പാട്ട്

https://www.azhimukham.com/trending-offbeat-sachidanandan-ramayanamasam-cpm/

https://www.azhimukham.com/despite-threats-a-village-in-up-mourns-ravan-as-the-rest-of-india-prepares-to-celebrate-his-death/

https://www.azhimukham.com/dr-mkmuneer-facebook-post-nabi-blasphemy-issue-mathrubhumi-saju-azhimukham/

https://www.azhimukham.com/sexy-durga-movie-rotterdam-festival-hindutwa-outfit-threaten-sanal-kumar-sasidharan/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories