UPDATES

ചുവടുകള്‍ മാറ്റി സോളാര്‍ അങ്കം, ബിസിനസ് ‘ഈസി’യാക്കുന്ന പിണറായി, പിന്നെ ഹൈക്കോടതിയുടെ പ്രണയ കവിത

ദീപാവലി കഴിഞ്ഞുള്ള അടുത്ത പടക്കം പൊട്ടിക്കലിന് സമയമായോ എന്ന് നവംബര്‍ ഒമ്പതിന്‍റെ നിയമസഭാ സമ്മേളനം കഴിയുമ്പോള്‍ അറിയാം.

സോളാര്‍ റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന് നിയമസഭയില്‍ വയ്ക്കുമെന്നും അതിനേക്കാള്‍ പ്രധാനമായി സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടുമെന്നുമാണ് ഇന്നത്തെ പത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതി കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആദ്യം പ്രതിപക്ഷത്തിന്‍റെ വല കുലുക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണെന്നാണ് മലയാള മനോരമയുടെ പക്ഷം. വീണ്ടും നിയമോപദേശം തേടുമെന്നാണ് മനോരമയുടെ ലീഡ് വാര്‍ത്ത. മുകളില്‍ ചെറിയ തലക്കെട്ടായി, റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന് സഭയില്‍ വയ്ക്കുമെന്ന് പറയുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സായി (പരിഗണനാ/അന്വേഷണ വിഷയങ്ങള്‍) സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നവ, കമ്മീഷന്‍ സ്വയം ഉത്തരവിറക്കി വിപുലീകരിച്ചതായി വ്യക്തമാവുകയും പൊലീസിലേയും നിയമ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയതോടെയുമാണ് പുതിയ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മനോരമ പറയുന്നു.

വീണ്ടും നിയമോപദേശം തേടുന്ന കാര്യം ഇന്നലത്തെ മന്ത്രിസഭായോഗത്തിന്‍റെ അജണ്ടയിലില്ലായിരുന്നെന്നും മനോരമ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ച നിയമസഭയില്‍ നവംബര്‍ ഒമ്പതിന് തുടങ്ങുമെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നെങ്കില്‍, ഇത്തരത്തില്‍ യാതൊരു ചര്‍ച്ചയും നടക്കില്ലെന്നും റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വയ്ക്കുക മാത്രമേ ചെയ്യൂ എന്നും ഒരു മണിക്കൂര്‍ കൊണ്ട് പ്രത്യേക സഭാ സമ്മേളനം അവസാനിക്കും എന്നുമാണ് മനോരമ പറയുന്നത്. അതായത് സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയിലെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും എന്നര്‍ത്ഥം.

അതേസമയം മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് ശക്തമായ ഭിന്നതയുണ്ടായതായി മാതൃഭൂമി പറയുന്നു. തിരിച്ചടി ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുതിയ നിയമോപദേശം തേടുന്നതെന്ന് മാതൃഭൂമിയുടെ ഉള്‍പേജ് വാര്‍ത്ത പറയുന്നു. നിയമ മന്ത്രി എകെ ബാലനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും മറ്റും വീണ്ടും നിയമോപദേശം തേടുന്നത് സര്‍ക്കാരിന് ക്ഷീണമാകുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. സോളാര്‍ റിപ്പോര്‍ട്ടില്‍ നടപടി പ്രഖ്യാപിക്കുന്ന കാര്യം നിയമ വകുപ്പ് മന്ത്രിയായ ബാലന്‍ അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. നിയമവകുപ്പിനോട് ആലോചിക്കാതെയുള്ള തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. ”ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്” എന്നാണ് ലെനിന്‍ പണ്ട് പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ കുറച്ചുകൂടി മുന്നോട്ട് കടന്ന് രണ്ടടി മുന്നോട്ട് വച്ച് ഒരടി പിന്നോട്ട് വയ്ക്കുകയാണെന്നും മാതൃഭൂമിക്ക് അഭിപ്രായമുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണനാ വിഷയങ്ങളുടെ പരിധി ലംഘിച്ചതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിയമപരമായ പഴുതുകള്‍ അടയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ വീണ്ടും ഉപദേശം തേടുന്നതെന്ന് അനീഷ് ജേക്കബിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം മനോരമയുടെ വിലയിരുത്തല്‍ അങ്ങനെയല്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലെനിന്‍ പറഞ്ഞതുപോലെയാണ് നടപടി സ്വീകരിക്കുന്നതെന്നാണ് മനോരമയുടെ പക്ഷം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീണ്ടുവിചാരം വന്നിരിക്കുകയാണെന്നും സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ച തീരുമാനത്തിന്‍റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും സുജിത് നായരുടെ റിപ്പോര്‍ട്ട് അഭിപ്പായപ്പെടുന്നു. നിയമ സെക്രട്ടറിയെയും വകുപ്പിനേയും നോക്കുകുത്തിയാക്കി ഇടതുപക്ഷക്കാരായ രണ്ട് പേരില്‍ നിന്നാണ് ഉപദേശം വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണം ഭാഗികമായെങ്കിലും സര്‍ക്കാര്‍ ശരി വയ്ക്കുകയാണെന്നും മനോരമ പറയുന്നു. കമ്മീഷന് ലഭിച്ച സരിത നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക പീഡന കേസെടുക്കാനുള്ള തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകും. ഈ കത്ത് സരിത കൊടുത്തതല്ലെന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ കത്ത് തന്റേതാണെന്ന് സരിത സമ്മതിക്കുകയായിരുന്നു എന്നും മനോരമ പറയുന്നു.

ഏതായാലും നവംബര്‍ ഒമ്പതിന്‍റെ നിയമസഭാ സമ്മേളനം ആകാംഷ ഉയര്‍ത്തുന്നതായി പറയുന്ന മനോരമ അങ്കം വെട്ടുന്ന പിണറായി ചേകവരുടേയും ചാണ്ടി ചേകവരുടേയും ചിത്രം കൊടുത്തിട്ടുണ്ട്. സോളാര്‍ റിപ്പോര്‍ട്ടെന്നെ മൂര്‍ച്ചയുള്ള വാളുമായി പിണറായി ചേകവരും വിവരാവകാശമെന്ന പ്രതിരോധ വാളുമായി ചാണ്ടി ചേകവരും അങ്കം വെട്ടുകയാണ്. വാള്‍പ്പയറ്റാണോ അതോ പടകാളി ചണ്ടിച്ചങ്കരി പാടിയുള്ള കാവിലെ പാട്ട് മത്സരമാണോ നിയമസഭയില്‍ നടക്കാന്‍ പോകുന്നത്, അങ്ങനെയാണെങ്കില്‍ ആരായിരിക്കും അപ്പുക്കുട്ടനാവുക, അതോ ഈ പറഞ്ഞതൊന്നും നടക്കാതെ സഭ പിരിയുമോ എന്നെല്ലാം അറിയാന്‍ നവംബര്‍ ഒമ്പത് വരെ കാത്തിരിണം. ദീപാവലി കഴിഞ്ഞുള്ള അടുത്ത പടക്കം പൊട്ടിക്കലിന് സമയമായോ എന്ന് അപ്പോള്‍ അറിയാം.

മറ്റു ചില വാര്‍ത്തകള്‍

എരിവും പുളിയും കുറവായ, എന്നാല്‍ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുള്ള ചില വിഭവങ്ങളുമുണ്ട്. വ്യവസായ സൗഹൃദ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിയമങ്ങളിലും ചട്ടങ്ങളിലും കൂട്ടഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് മാതൃഭൂമി ഇന്നലെ മുന്‍ പേജില്‍ പ്രധാന വാര്‍ത്തയായി കൊടുത്തിരുന്നു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന സൂചന അതില്‍ പ്രധാനപ്പെട്ടതായിരുന്നു. ഏതായാലും ഇന്നലത്തെ മന്ത്രിസഭാ യോഗം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് അംഗീകാരം നല്‍കിയിട്ടുണ്ട്. വ്യവസായ സംരംഭം – നടപടി ലളിതമാക്കാന്‍ ഓര്‍ഡിനന്‍സ് എന്നാണ് ദേശാഭിമാനിയുടെ മുന്‍ പേജ് വാര്‍ത്ത. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ കാര്യം ദേശാഭിമാനി അറിഞ്ഞിട്ടേ ഇല്ല എന്നു തോന്നുന്നു.

കേരള പഞ്ചായത്തിരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ഭൂജല നിയന്ത്രണ ആക്ട്, കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് ആക്ട്, കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കേരള ചുമട്ടുതൊഴിലാളി നിയമം, കേരള സിംഗിള്‍ വിന്‍ജോ ക്ലിയറന്‍സ് ബോര്‍ഡ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ട് എന്നീ ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്താണ് കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട് തയ്യാറാക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഇന്ന് മാതൃഭൂമി പറയുന്നില്ല. പഞ്ചായത്തിരാജ് നിയമത്തിലും മുനിസിപ്പാലിറ്റി നിയമത്തിലും മാറ്റം വരുത്താനുള്ള മന്ത്രിസഭാ തീരുമാനം മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളതാണ്. വ്യവസായങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നും വ്യവസായ വകുപ്പിന്റെ അംഗീകാരം മതിയെന്നുമുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ എടുത്തിട്ടുള്ളത്.

ജീവിതത്തില്‍ ഒറ്റപ്പെടുത്തലുകളും സംഘര്‍ഷങ്ങളും നേരിടും എന്ന പേടിയില്‍ മിശ്രവിവാഹങ്ങളെ ഭയപ്പെടുന്ന കമിതാക്കള്‍ക്ക് താങ്ങായി ഹൈക്കോടതി എത്തിയ പോസിറ്റീവായ വാര്‍ത്തയും വനിരിക്കുന്നു. കലാലയ രാഷട്രീയത്തെക്കുറിച്ച് വിചിത്രമായ വാദങ്ങള്‍ ഉന്നയിക്കുകയും ചെ ഗവാരയാണ് കേരളത്തിലെ യുവാക്കളെ വഴി തെറ്റിക്കുന്നത് എന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയതായി വാര്‍ത്തകള്‍ വരുകയും ചെയ്തതിന് പിന്നാലെയാണ് ഇത്. നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ എന്ന വലിയ പ്രശ്‌നത്തെ ഗൗരവമായി കണ്ടുകൊണ്ട്, ഇത്തരം കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടണമെന്ന് ഉത്തരവിടുന്നതിനിടയിലാണ് പ്രണയത്തിന് മതമില്ലെന്നും പ്രണയവിവാഹങ്ങളെല്ലാം ‘ലവ് ജിഹാദ’ല്ലെന്നും പ്രഖ്യാപിച്ച് ഹൈക്കോടതി കവിതയെഴുതിയത്.

സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് പറയുന്ന ഇംഗ്ലീഷ് കവിത ഉദ്ധരിച്ചാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രായപൂര്‍ത്തിയായ വ്യക്തികളുടെ മൗലികാവകാശങ്ങളും സ്വയം നിര്‍ണയാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഹൈക്കോടതി നിരീക്ഷണം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ജുഡീഷ്യറിയുടെ ഉചിതമായ ഇടപെടലായി കാണാം. ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയ വിവാഹവും യുവതിയെ കാണാതായെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്ത സംഭവം ഹാദിയ കേസുമായി ചില സമാനതകള്‍ പുലര്‍ത്തുന്നുണ്ടെങ്കിലും സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ ഏതെങ്കിലും മത, സമുദായ, വര്‍ഗീയ സംഘടനകളുടെ ഇടപെടലുകളെ കുറിച്ച് പറയുന്നില്ല.  മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വരുന്നില്ല. രണ്ട് കേസിലും പൊതുവായി വരുന്നത് വിവാഹിതരായ യുവതികള്‍ തങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തിക്കൊപ്പം ജീവിക്കാന്‍ കഴിയാതെ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നു എന്നതാണ്. ഇവിടെ ഒരു യോഗ കേന്ദ്രത്തിലാണ് യുവതിയെ മാതാപിതാക്കള്‍ കൊണ്ടുചെന്നാക്കിയത്. യോഗ കേന്ദ്രത്തില്‍ അനുഭവിക്കേണ്ടി വന്ന പീഢനങ്ങള്‍ സംബന്ധിച്ച് യുവതി കോടതിയില്‍ വ്യക്തമാക്കി. മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കൊപ്പം യോഗ കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നെങ്കില്‍ അത് കൂടുതല്‍ ഭംഗിയായേനെ.


മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പ്രവണത നാട്ടില്‍ ശക്തമാണെന്നും ഇത് നിയമവിരുദ്ധവും ശിക്ഷ അര്‍ഹിക്കുന്ന കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കുന്നുണ്ട്. ജാതിവ്യവസ്ഥ രാജ്യത്തിന്റെ ശാപമാണെന്നും അത് എത്രയും പെട്ടെന്ന് ഇല്ലാതാക്കിയാള്‍ നന്ന് എന്നും ഹൈക്കോടതി പറയുന്നു. ജാതി വ്യവസ്ഥ പെട്ടെന്ന് ഇല്ലാതാക്കാം എന്ന് കരുതുന്നത് വ്യാമോഹമാണെങ്കില്‍ പോലും മിശ്രവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നത് ജാതി വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ സഹായിക്കുമെന്നും അത് ദേശീയ താല്‍പര്യത്തിന് നല്ലതാണെന്നുമുള്ള ഹൈക്കോടതിയുടെ അഭിപ്രായത്തെ പോസീറ്റിവായി തന്നെ കാണാം.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നും അത്തരം മിശ്രവിവാഹങ്ങള്‍ ഇഷ്ടപ്പെടാത്ത മാതാപിതാക്കള്‍ അവരുടെ മക്കളെ അവരുടെ വഴിക്ക് വിടണമെന്നും കോടതി പറയുന്നു. അവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ പ്രേരണ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നു. വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള പ്രണയവും വിവാഹവും ബോധപൂര്‍വമായ തിരഞ്ഞെടുപ്പായോ നിര്‍ബന്ധബുദ്ധിയോടെയോ കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളല്ല. പക്ഷെ മതവും ജാതിയും സമുദായവും ഒരു ബന്ധങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും പ്രതിബന്ധമാവരുത് എന്ന് മാത്രം. മിശ്രവിവാഹം എന്നത് പ്രത്യേകിച്ച് കൗതുകമൊന്നും ഉണ്ടാക്കാത്ത തരത്തിലേയ്ക്ക് കേരളത്തിന്റെ പൊതുസമൂഹം വളരട്ടെ. ഏതായാലും ശ്രുതിക്കും അനീസിനും ഹൈക്കോടതിക്കും അഭിവാദ്യങ്ങള്‍.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍