TopTop

എജ്ജാതി വൈരുദ്ധ്യാത്മക വാദം പദ്മകുമാര്‍ സഖാവേ, കാള്‍ മാര്‍ക്സ് പോലും കരഞ്ഞുപോകും

എജ്ജാതി വൈരുദ്ധ്യാത്മക വാദം പദ്മകുമാര്‍ സഖാവേ, കാള്‍ മാര്‍ക്സ് പോലും കരഞ്ഞുപോകും
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് എ. പദ്മകുമാര്‍ ലക്കുകെട്ട മട്ടാണ്. സ്ത്രീകള്‍ 'കയറണ്ടണം' എന്ന തുടക്കത്തിലേ കൈകൊണ്ട നിലപാടില്‍ നിന്നും മാനസികമായി വ്യതിചലിക്കാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് നേതാവായ അദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് വൈരുദ്ധ്യാതാമക ഭൌതിക വാദത്തിലല്ല, മറിച്ച് വൈരുദ്ധ്യാത്മക ആത്മീയ വാദത്തിലാണെന്ന് തോന്നും പല പ്രസ്താവനകളും കണ്ടാല്‍. മുന്‍ പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനുള്ള നയവ്യക്തത പോലുമില്ല ഈ സഖാവിന് എന്നു തെളിയിക്കുന്നതാണ് പല പ്രസ്താവനകളും കേട്ടാല്‍.

പ്രസിഡന്റിന് തുടക്കത്തില്‍ തന്നെ പിഴച്ചു. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കണക്കിന് കിട്ടുകയും ചെയ്തു. ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി ഉള്‍പ്പെടെ സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കും, ക്ഷേത്രത്തില്‍ വെരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ പത്മകുമാര്‍ തന്റെ വീട്ടില്‍ നിന്നും സ്ത്രീകളാരും ശബരിമലയിലേക്ക് പോകില്ലെന്നും കടത്തിയങ്ങു പറഞ്ഞത് വിവാദമായി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയം പറയുന്നതിന് മുന്‍പ്, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പത്മകുമാര്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് പിണറായിയെ ചൊടിപ്പിച്ചത്. അത് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി പറയുകയും ചെയ്തു.

അതോടുകൂടി കാരണം മറിഞ്ഞ് പത്മകുമാര്‍ എത്തി. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള എല്ലാ അവകാശവും ഉണ്ടുപോലും.

ഇനി ഇന്നത്തെ രണ്ടു വാര്‍ത്തകളിലേക്ക് പോകാം. ആദ്യത്തേത് ഇന്നലെ നടന്ന ദേവസ്വം ബോര്‍ഡ് യോഗം സംബന്ധിച്ച വാര്‍ത്തയാണ്. വലിയ പ്രാധാന്യത്തോടെ മാതൃഭൂമി, മലയാള മനോരമ തുടങ്ങി ഒട്ടുമിക്ക പത്രങ്ങളും അത് കൈകാര്യം ചെയ്തിട്ടുണ്ട്. “ക്ഷേത്രാചാരം നിലനിര്‍ത്തും” എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട് തന്നെ. “മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്” എന്നു മലയാള മനോരമയും.

മാതൃഭൂമി റിപ്പോര്‍ട്ട് ഇങ്ങനെ, “ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.” അതെങ്ങനെ എന്നു ചോദിക്കുന്നതിന് മുന്‍പ് പദ്മകുമാര്‍ പറഞ്ഞ ചില കാര്യങ്ങളിലേക്ക്, “ആചാരപരമായ കാര്യങ്ങള്‍ നന്നായി പാലിക്കാന്‍ ശ്രമിക്കും, തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ക്ക് അധിക സൌകര്യങ്ങള്‍ ഉണ്ടാകില്ല, പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന ക്രമീകരണങ്ങള്‍ മാത്രമേ ഇത്തവണയും ഉണ്ടാകൂ, പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെയും വനിതാ ജീവനക്കാരെയും വിന്യസിക്കില്ല…

ഇനിയാണ് ക്ലാസ്സ് പ്രസ്താവന. “ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. അതുപോലെ തന്നെയാണ് കോടതിവിധിയുടെ കാര്യവും.”

പദ്മകുമാര്‍ സാറേ, ഇത് തന്നെയല്ലേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുമൊക്കെ പറയുന്നത്. ശബരിമലയ്ക്കൊപ്പം, സുപ്രീം കോടതിവിധിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന്...

അതിനിടെ ഇന്നലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതും കൂടി ചേര്‍ത്തു വായിക്കാവുന്നതാണ്: ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ് പദ്മകുമാര്‍ ശ്രമിക്കുന്നത് എന്ന്.

ദേവസ്വം പ്രസിഡന്‍റ് പറഞ്ഞ കാര്യങ്ങളാണ് നടപ്പാക്കുക എന്നു ദേവസ്വംമന്ത്രി കടകംപള്ളി പറഞ്ഞതും കൂടി മുഖവിലയ്ക്കെടുത്താല്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്നു വ്യക്തമാണല്ലോ?

എന്നാല്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞതോ? അതാണ് രണ്ടാമത്തെ വാര്‍ത്ത.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തുന്ന അധിക സൌകര്യമെന്താണ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. മണ്ഡലകാലത്തിന് മുന്‍പായി സ്ത്രീകള്‍ക്ക് വിരി വെക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കുമെന്ന് ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. നേരത്തെയും സ്ത്രീകള്‍ വരുന്നുണ്ട് എന്നതിനാല്‍ ഇത് അധിക സൌകര്യമാണോ എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. “പമ്പയില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറ്റാനുള്ള കെട്ടിടം തകര്‍ന്നതിനാല്‍ പുതിയത് ഒരുക്കും” (ഇതെന്തായാലും ഹൈക്കോടതി ചോദിച്ച അധിക സൌകര്യമല്ല.) സന്നിധാനത്ത് 100 ശുചിമുറികളാണ് സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത്. ഇവയ്ക്ക് പിങ്ക് നിറം നല്‍കും. 500 പുതിയവ ഉള്‍പ്പെടെ നിലയ്ക്കലില്‍ 900 ശുചിമുറികള്‍ ഒരുക്കും. ഇതില്‍ 100 എണ്ണം സ്ത്രീകള്‍ക്കാണ്. മരക്കൂട്ടത്തും ഹില്‍ടോപ്പിലും സ്ത്രീകള്‍ക്ക് 25 ബയോ ടോയ്ലറ്റുകള്‍ തയ്യാറാക്കും. പമ്പയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ 25 ശുചിമുറികള്‍ സ്ത്രീകള്‍ക്കുണ്ടാവും...” ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇങ്ങനെ പോകുന്നു.

സ്ത്രീകള്‍ക്ക് അധിക സൌകര്യമില്ല എന്ന മലയാള മനോരമ വാര്‍ത്തയില്‍ സന്നിധാനത്ത് സ്ത്രീകള്‍ക്കായി പ്രത്യേക വരി ഉണ്ടാകില്ല എന്നു ബോര്‍ഡ് തീരുമാനിച്ചതായി പറഞ്ഞിട്ടുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു നടപടിയും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു പത്മകുമാര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ കണ്‍ഫ്യൂഷനായല്ലോ സഖാവേ? എജ്ജാതി വൈരുദ്ധ്യാത്മക വാദം. കാള്‍ മാര്‍ക്സ് കരഞ്ഞുപോകും...

https://www.azhimukham.com/kerala-sudhikumar-the-priest-in-chettikulangara-temple-talks-on-untouchability-and-sabarimala-protest-report-by-kr-dhanya/

https://www.azhimukham.com/news-update-travancore-devaswom-board-commissioner-president-clash-on-sabarimala-verdict/

https://www.azhimukham.com/trending-sabarimala-woman-entry-some-doubts-and-its-answers/

https://www.azhimukham.com/news-update-travancore-devaswom-board-may-file-review-petition-against-sararimala-verdict/

https://www.azhimukham.com/keralam-political-drama-in-sabarimala-womenentry-issue-continues-writes-kaantony/

https://www.azhimukham.com/offbeat-some-questions-to-nair-service-society-on-sabarimala-controversy-writes-j-devika/

Next Story

Related Stories