TopTop
Begin typing your search above and press return to search.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

ഒടുവില്‍ മലയാള മനോരമയുടെ കാര്‍മ്മികത്വത്തില്‍ മലയാള മാധ്യമങ്ങള്‍ ഒഖി ചുഴലിക്കാറ്റ് ദുരന്തത്തിനിടയിലും തങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ പൈങ്കിളിയിലേക്ക് തിരിച്ചെത്തി.

ഇന്നത്തെ മൂന്നു മലയാള മനോരമ വാര്‍ത്തകള്‍ നോക്കുക.

‘അവരുടെ വേദനകള്‍ കണ്ടറിഞ്ഞു വി എസ്’. “കടലില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഭരണപരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ വിഴിഞ്ഞത്തും പൂന്തുറയിലുമെത്തി. മികച്ച രീതിയിലാണ് തീരദേശം വി എസിനെ സ്വാഗതം ചെയ്തത്.”

എന്താണ് മികച്ച രീതിയില്‍ സ്വാഗതം ചെയ്യല്‍? പ്രിയപ്പെട്ടവരെ കാണാതെ കടലിലേക്ക് കണ്ണു നട്ടിരിക്കുന്ന ഉറ്റവരുടെ വിയോഗത്തില്‍ അലമുറയിടുന്ന ഒരു ജനത എങ്ങനെയാണ് ‘മികച്ച’ രീതിയില്‍ സ്വാഗതം ചെയ്യുക? മികച്ച എന്ന വിശേഷണ പദത്തിന്റെ ധ്വനി ചെന്നു കൊള്ളുക പിണറായി വിജയനിലാണ്. ഇന്നലെ പിണറായിയെ വിഴിഞ്ഞത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തത് അത്ര 'മികച്ച' രീതിയില്‍ ആയിരുന്നില്ല എന്ന് സൂചന. അതായത് അസഭ്യം പറഞ്ഞും, കാറില്‍ മുഷ്ടി ചുരുട്ടി അടിച്ചും, രോഷാകുലരായി പാഞ്ഞടുത്തും എന്നൊക്കെയായിരുന്നല്ലോ ഇന്നലത്തെ വാര്‍ത്ത.

വി എസിന്റെ വരവിലെ ആവേശ തള്ളിച്ച മനോരമയ്ക്ക് അടക്കാന്‍ കഴിയാഞ്ഞിട്ടോ എന്തോ അതേ മട്ടിലുള്ള തലക്കെട്ടില്‍ മറ്റൊരു വാര്‍ത്ത കൂടിയുണ്ട് അതേ പേജില്‍ തൊട്ടടുത്ത്. “വിഴിഞ്ഞത്തിന്റെ വേദനകളിലേക്കും വി എസ് എത്തി”. എന്താണാവോ ‘വേദനകളിലേക്കും’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം?

ഇനി രണ്ടാം പേജിലേക്ക് വരാം. അവിടെ അതാ 'ജനനായകന്‍' ഉമ്മന്‍ ചാണ്ടി ഇരിക്കുന്നു. “ഉമ്മന്‍ ചാണ്ടിക്ക് മുന്‍പില്‍ വിതുമ്പിക്കരഞ്ഞ് വിഴിഞ്ഞത്ത് കടലിന്റെ മക്കള്‍”, എന്നാണ് തലക്കെട്ട്. “കടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ ആടിയുലയുന്നവരെ ആശ്വസിപ്പിക്കാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം തുറയിലെത്തി. ഉറ്റവരെയും ഉടയവരെയും കാണാതെ ഊണും ഉറക്കവും നഷ്ടപ്പെട്ടു പ്രാര്‍ത്ഥനകളോടെ പള്ളിവളപ്പില്‍ കഴിയുന്ന നൂറു കണക്കിനു പേര്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്‍പില്‍ വിതുമ്പിക്കരഞ്ഞു.” മ സാഹിത്യം അനര്‍ഗ്ഗള നിര്‍ഗ്ഗളമായി പ്രവഹിക്കുകയാണ്.

വിതുമ്പി കരയുന്നവരുടെ മുന്‍പില്‍ വെച്ചു മുന്‍ മുഖ്യമന്ത്രി പറഞ്ഞു, “വരുമെന്ന് ഒരിക്കലും വിചാരിക്കാത്ത ദുരന്തമാണ് നാട്ടില്‍ സംഭവിച്ചത്. രക്ഷാമാര്‍ഗ്ഗങ്ങള്‍ നോക്കുമ്പോള്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാന്‍ പറ്റില്ല”

ഇനി ഒന്നാം പേജിലേക്ക് വരിക. അവിടെ നിര്‍മ്മല സീതാരാമന്‍ കാവ്യം ഇങ്ങനെ, “ദയവായി കോപപ്പെടാതിങ്കോ... പ്ലീസ്. കൈകള്‍ കൂപ്പി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞപ്പോള്‍ തീര ജനതയുടെ മനസിലെ മഞ്ഞുരുകിത്തുടങ്ങിയിരുന്നു. വിഴിഞ്ഞത്തും പൂന്തുറയിലും സങ്കടങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയില്‍ പ്രാര്‍ത്ഥനകളുമായി കഴിയുന്നവര്‍ക്ക് സാന്ത്വനമായി മാറുകയായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍."

http://www.azhimukham.com/video-navy-seaking-aircrediver-helicopter-rescue-ockhi/

ഇന്നലെ മലയാള മനോരമ ചാനല്‍ സ്ക്രോള്‍ ചെയ്തത് 'പിണറായിക്കെതിരെ പ്രതിഷേധിച്ച അതേ വിഴിഞ്ഞം കേന്ദ്രമന്ത്രിയെ കയ്യടികളോടെ സ്വീകരിച്ചു' എന്നായിരുന്നു.

സേനകളുടെ കടലിലെ തിരച്ചില്‍ പരാജയം എന്നായിരുന്നു തുടക്കം മുതലേ ഉള്ള പരാതി. എന്നാല്‍ ഈ സേനകളുടെ എല്ലാം അധിപയായ പ്രതിരോധ മന്ത്രിയെ നേരിട്ടു കിട്ടിയിട്ടും ആ ചോദ്യം എത്ര മാധ്യമങ്ങള്‍ ചോദിച്ചു എന്നത് കൂടി ശ്രദ്ധിയ്ക്കുക.

സെബാസ്റ്റ്യന്‍ പോള്‍ സൌത്ത് ലൈവില്‍ എഴുതിയതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെ മാധ്യമ ചുഴലിയില്‍ കുടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സ്ഥിരം രാഷ്ട്രീയ പൈങ്കിളി എഴുത്തിലൂടെ. പക്ഷേ, മനുഷ്യ ദുരന്തങ്ങളുടെ റിപ്പോര്‍ട്ടിംഗ് പൈങ്കിളി അല്ലെന്ന് എന്നാണ് ഈ മാധ്യമങ്ങള്‍ തിരിച്ചറിയുക?

ആദ്യം മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നായിരുന്നു പ്രചണ്ഡമായ പ്രചരണം നടത്തിയത്. അത് സംബന്ധിച്ചു ഇന്നത്തെ മനോരമ പത്രത്തിലും ഒരു വാര്‍ത്തയുണ്ട്. നവംബര്‍ 29നു നാലു തവണ മുന്നറിയിപ്പ് നല്‍കി എന്നാണ് മനോരമയുടെ ഡല്‍ഹി ലേഖകന്‍ കേന്ദ്ര ഭൌമശാസ്ത്ര സെക്രട്ടറി എം രാജീവനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. 30നു രാവിലെ 8.30നു നല്‍കിയ മുന്നറിയിപ്പിലാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും എന്നു പറയുന്നത്.

http://www.azhimukham.com/kerala-tragedy-in-poonthura-because-of-state-and-central-governments-mismanagement-on-cyclone/

ഗവണ്‍മെന്‍റ് അവഗണിച്ചു എന്നു നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആര്‍ത്തുവിളിക്കുന്ന മാധ്യമങ്ങളില്‍ എത്ര പേര്‍ ഈ മുന്നറിയിപ്പുകളെ ഗൌരവത്തിലെടുക്കുകയും വിദഗ്ധരെ വിളിച്ചുവരുത്തി അത് വിശകലനം ചെയ്യുകയും ജനങ്ങളെ അലര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ പ്രവചനങ്ങള്‍ക്ക് നാട്ടുകാര്‍ നല്‍കുന്ന പ്രാധാന്യം മാത്രമേ മാധ്യമങ്ങളും നല്‍കിയിട്ടുള്ളോ? തങ്ങളുടെ ഈ കഴിവുകേടിനെ, അലംഭാവത്തെ മാധ്യമങ്ങള്‍ എങ്ങനെയാണ് ന്യായീകരിക്കുക?

മറ്റൊന്ന്, ഒരു പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന, ഇരകളായവരുടെ ദുര്‍ബല മാനസികാവസ്ഥ മുതലെടുത്ത് പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടിംഗ് എത്രത്തോളം ആരോഗ്യകരമാണ് എന്നതാണ്. ദുരന്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ച ചൂണ്ടിക്കാണിച്ച് അവിടെക്കു സര്‍ക്കാര്‍ ശ്രദ്ധ എത്തിക്കുക എന്ന സുപ്രധാന ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് പകരം സര്‍ക്കാര്‍ വിരുദ്ധ വാചകമടികളില്‍ അഭിരമിക്കുകയായിരുന്നു മാധ്യമങ്ങള്‍. അതുണ്ടാക്കിയ അനുരണനങ്ങളാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെയുള്ള രോഷാപ്രകടനവും പ്രതിഷേധങ്ങളും ആയി മാറിയത്.

http://www.azhimukham.com/offbeat-ockhi-devastated-life-of-fishermen-community-sindhu-napoleon-writes/

മറ്റൊന്നു ദുരന്തഭൂമിയില്‍ ദുരിതബാധിതരുടെ കഥ പറയുമ്പോള്‍ മൈക്കും കൊണ്ട് നിങ്ങള്‍ കടന്നു ചെല്ലേണ്ട ഇടങ്ങള്‍ ഏതൊക്കെ എന്നതിനെ കുറിച്ച് എന്തെങ്കിലും വകതിരിവ് ചാനലുകള്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അടിയന്തിര ചികിത്സയ്ക്ക് വിധേയയമാകുന്നവരുടെ ബൈറ്റിന് വേണ്ടി ആശുപത്രിക്കിടക്കയിലേക്ക് അടക്കം മൈക്കുമായി ചെല്ലുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ദുരിതമനുഭവിക്കുന്നവരുടെ കഥ പറയാന്‍ മറ്റ് ഉപാധികള്‍ എന്തെന്ന് അറിയാത്ത ഒളി ക്യാമറ ജേര്‍ണലിസകാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ കഴിവില്ലായ്മയല്ലാതെ മറ്റെന്താണ് ഇതിലൂടെ വെളിവാകുന്നത്?

2015 ലെ നേപ്പാള്‍ ഭൂകമ്പകാലത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ കാട്ടിക്കൂടിയ കോപ്രായങ്ങള്‍ ഓര്‍ക്കുക. ഒടുവില്‍ തദ്ദേശീയ ജനത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എതിരെ തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

പൂന്തുറയിലും വിഴിഞ്ഞത്തും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കാം.

ഭൂകമ്പത്തിന് ശേഷം നേപ്പാള്‍ എങ്ങിനെ ജീവിക്കുന്നു എന്നറിയാന്‍ ഇവിടത്തെ എത്ര മാധ്യമങ്ങള്‍ അങ്ങോട്ട് പോയി എന്നതും അന്വേഷിക്കുക. ദുരന്തത്തിന്റെ അലയൊലികള്‍ അടങ്ങിക്കഴിഞ്ഞാല്‍ എത്ര മാധ്യമങ്ങള്‍ തീരദേശ മനുഷ്യരുടെ കഥ പറയാന്‍ അവിടെ തിരിച്ചുവരും എന്നതും കാത്തിരുന്നു കാണാം.

http://www.azhimukham.com/keralam-disasters-are-not-festivals-writes-mswaraj/

ഞായറാഴ്ച മുഖ്യമന്ത്രിക്കെതിരെ ചില ആളുകളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധം ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ. സൂസപാക്യം പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 'ആര്‍ച്ച് ബിഷപ്പ് തൃപ്തി അറിയിച്ചു; മുഖ്യമന്ത്രിയുടെ ഓഫീസ്' എന്നായിരുന്നു ഈ വാര്‍ത്തയുടെ മനോരമ തലക്കെട്ട്.

ദുരന്ത നിവാരണത്തില്‍ തമിഴ്നാടിനെ കണ്ടു പഠിക്കൂ എന്നായിരുന്നു ഒഖിയുടെ രണ്ടാം ദിവസം മലയാള മനോരമ കേരള സര്‍ക്കാരിനെ ഉപദേശിച്ചത്. ഇന്ന് വരുന്ന വാര്‍ത്ത തമിഴ്നാട്ടില്‍ ഇനിയും 100 പേരെ ഓളം കടലില്‍ കണ്ടെത്താനുണ്ട് എന്നാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്തുകൊണ്ട് കന്യാകുമാരിയില്‍ എത്തിയില്ല എന്നതായിരുന്നില്ല തമിഴ് മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം.

http://www.azhimukham.com/viral-trending-nurse-feeding-ockhi-survivor-hospital/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories