TopTop
Begin typing your search above and press return to search.

മീണ അടിപൊളിയാ.. പക്ഷേ അങ്ങ് കേന്ദ്രത്തില്‍ വാഴുന്ന ക്ലീന്‍ ചിറ്റ് കമ്മീഷനോ?

മീണ അടിപൊളിയാ.. പക്ഷേ അങ്ങ് കേന്ദ്രത്തില്‍ വാഴുന്ന ക്ലീന്‍ ചിറ്റ് കമ്മീഷനോ?

‘നീ വെറും മീണയല്ല, പൊന്‍വീണയാണ്’-മാതൃഭൂമി പത്രത്തിന്റെ പോക്കറ്റ് കാര്‍ട്ടൂണ്‍ എക്സികുട്ടനില്‍ ജൂബായിട്ട ജനാധിപത്യവാദിയാണ് മീണയെ ആലിംഗനം ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നത്. “കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ല; വേണ്ടിവന്നാല്‍ സുപ്രീംകോടതി വരെ പോകും” എന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ വാക്കുകളാണ് കാര്‍ട്ടൂണിസ്റ്റിന് പ്രചോദനമായത്.

സുപ്രീം കോടതി വരെ പോകാനുള്ള ‘റിപ്പോര്‍ട്ടുകളും തെളിവുകളും’ തന്റെ പക്കലുണ്ട് എന്ന് മാതൃഭൂമി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടീക്കാറാം മീണ പറഞ്ഞു. “സഹായി വോട്ടാണ് ചെയ്തതെന്ന കണ്ണൂരിലെ പിലാത്തറയിലെ കളവോട്ട് ആരോപണം നേരിടുന്ന പഞ്ചായത്ത് അംഗമടക്കം മൂന്നു സ്ത്രീകളുടെ അവകാശവാദം പച്ചക്കള്ളമാണെന്നും” മീണ പറഞ്ഞു.

“കള്ളവോട്ട് ചെയ്തത് ഭരിക്കുന്ന പാര്‍ട്ടിയാണോ പ്രതിപക്ഷമാണോ എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. നിയമവിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്ന് നൂറുശതമാനം ഉറപ്പാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കണ്ണടയ്ക്കാന്‍ കഴിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്.” മീണയെ ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീണ അടിപൊളിയാ.. പക്ഷേ അങ്ങ് കേന്ദ്രത്തില്‍ വാഴുന്ന ക്ലീന്‍ ചിറ്റ് കമ്മീഷനോ?

ഇന്നലെ ആറാമത്തെ ക്ലീന്‍ ചിറ്റ് നരേന്ദ്ര മോദിക്ക് നല്‍കിക്കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള കുതിപ്പിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍.

ഗുജറാത്തിലെ പഠാനിൽ ഏപ്രിൽ 21 ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ബലാക്കോട്ട് ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷ സംഭവങ്ങളെ തുടർന്ന് പാകിസ്താനിൽ പിടിയിലായ എയർ ഫോഴ്സ് വിങ് കമാണ്ടർ അഭിനന്ദന്‍ വർത്തമാനെ കുറിച്ചുള്ള പരാമർശമായിരുന്നു പരാതിക്ക് അധാരം.

പാകിസ്താന്‍ പിടിയിൽ അകപ്പെട്ട അഭിനന്ദൻ വർത്തമാന്റെ സുരക്ഷ പാകിസ്താൻ ഉറപ്പ് വരുത്തിയില്ലായിരുന്നെങ്കിൽ തന്റെ സർക്കാർ‌ കടുത്ത നടപടികളിലേക്ക് തിരിഞ്ഞേനെ എന്നായിരുന്നു മോദിയുടെ പ്രസംഗം.

ആണവായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച് രാജസ്ഥാനിൽ നടത്തിയ പ്രസംഗം ചട്ടലംഘനത്തിന്റെ പരിധിയിൽ പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മോദിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സൈന്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ നിർദേശം നിലനില്‍ക്കെയായിരുന്നു ആണവായുധങ്ങളെ കുറച്ച് മോദി പ്രസംഗത്തിൽ വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ആണവായുധങ്ങൾ ദീപാവലിക്ക് വേണ്ടി ഉള്ളതല്ലെന്നായിരുന്നും പ്രസംഗം.

ഇതിന് മുന്‍പ് ബാലക്കോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ പുതിയ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതിലും ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി ന്യൂനപക്ഷങ്ങള്‍ അധികമുള്ള വയനാട്ടിലേക്ക് മത്സരിക്കാന്‍ പോയതെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കും ക്ലീന്‍ ചിറ്റ് നല്കിയിരുന്നു.

ഇനിയും നിരവധി പരാതികള്‍ കമ്മീഷന് മുന്‍പാകെയുണ്ട്. അതിനൊക്കെ കൂടി ഇനിയും താമ്ര പത്രങ്ങള്‍ മോദിക്ക് കിട്ടിക്കൊണ്ടിരിക്കും. ക്ലീന്‍ ചിറ്റുകള്‍ നല്‍കാനുള്ള അവസാന ദിവസം അടുത്ത തിങ്കളാഴ്ചയായാണ് സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ളത്.

എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലും ഒരു മീണയുണ്ട് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്ത. തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസ അഞ്ച് പരാതികളില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിനെ എതിര്‍ത്തു എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്റെ നടപടി അംഗീകരിക്കപ്പെടുകയായിരുന്നു.

അശോക് ലവാസ ക്ലീന്‍ ചിറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അഞ്ച് പരാതികളില്‍ നാലെണ്ണം മോദിക്കും ഒരെണ്ണം അമിത് ഷായ്ക്കും എതിരെയുള്ളതായിരുന്നു. ഏപ്രില്‍ ഒന്നിനും ആറിനും മഹാരാഷ്ട്രയിലെ വാര്‍ധയിലും ലാത്തൂരിലും മോദി നടത്തിയ പ്രസംഗമായിരുന്നു ഇതിലൊന്ന്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ സുശീല്‍ ചന്ദ്രയും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അശോക് ലവാസ ഇതിനെ എതിര്‍ക്കുകയായിരുന്നു.

കൂടുതല്‍ വായിക്കാം: മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ്; എതിപ്പുയര്‍ത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ

മീണയുടെ പ്രതികരണം സംബന്ധിച്ച മാതൃഭൂമി റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങനെ, “താന്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നത്.”

ചിന്തിക്കുന്നവര്‍ക്ക് മേല്‍ പ്രസ്താവന ദൃഷ്ടാന്തമായെടുക്കാവുന്നതാണ്.

Read More: മോദിക്കെന്ത് രാഷ്ട്രീയ അശ്ലീലവും പറയാം; അതിനാണ് ക്ലീന്‍ ചിറ്റ്


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories