TopTop
Begin typing your search above and press return to search.

സെക്രട്ടറിയേറ്റ് എന്ന ദുരന്തം; ദുരന്ത നിവാരണ അതോറിയിലെ വിദഗ്ധരുടെ നിയമനം ഫയലില്‍ ഉറങ്ങിയത് രണ്ട് മാസം

സെക്രട്ടറിയേറ്റ് എന്ന ദുരന്തം; ദുരന്ത നിവാരണ അതോറിയിലെ വിദഗ്ധരുടെ നിയമനം ഫയലില്‍ ഉറങ്ങിയത് രണ്ട് മാസം

ഒഖി ചുഴലിക്കാറ്റ് കേരള തീരത്തെ കവര്‍ന്നിട്ടു ഒരു മാസം കഴിഞ്ഞു. തുടക്കത്തില്‍ മുന്നറിയിപ്പ് വേണ്ട രീതിയില്‍ പരിഗണിച്ചില്ല എന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും മുഖ്യമന്ത്രിക്ക് നേരെ അടക്കം പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്യുകയുണ്ടായി. ആദ്യം ഒന്നു പതറിയ സര്‍ക്കാര്‍ പക്ഷേ പുനരധിവാസ പ്രഖ്യാപനത്തിലും നഷ്ടപരിഹാരാം നല്‍കുന്നതിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് അടക്കം മാതൃകയായി. ദുരന്തം നടന്നു ഒരു മാസം കൊണ്ട് നഷ്ടപരിഹാരതുക വിതരണം ആരംഭിക്കാന്‍ സര്‍ക്കാരിനായി എന്നതും നേട്ടമാണ്.

ഒഖിയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന വാര്‍ത്ത മലയാള മനോരമ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തിന്റെ ആദ്യ ദിനത്തില്‍ വിമര്‍ശനത്തിന്റെ ശരശയ്യയില്‍ ആയിരുന്ന ദുരന്തനിവാരണ അതോറിറ്റിയില്‍ സര്‍ക്കാര്‍ വിദഗ്ധരെ നിയമിച്ചു എന്നാണ് വാര്‍ത്ത. “10 വിദഗ്ധരാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതോടെ അതോറിറ്റിയിലെ വിദഗ്ധരുടെ എണ്ണം 19 ആയി. ഇതില്‍ അഞ്ചുപേര്‍ വിവിധ ജില്ലകളിലാകും പ്രവര്‍ത്തിക്കുക.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“അന്തരീക്ഷ, ദുരന്തനിവാരണ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ 10 വിദഗ്ധരെ നിയമിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയായത് കഴിഞ്ഞ സെപ്തംബറില്‍. ഒക്ടോബര്‍ 12നു നിയമനത്തിനുള്ള ഫയല്‍ റവന്യൂ മന്ത്രിയുടെ അനുമതിയോടെ സെക്രട്ടേറിയേറ്റില്‍ എത്തിയെങ്കിലും ഉത്തരവ് ഇറങ്ങിയത് ഡിസംബര്‍ 11നു മാത്രം.”

അതായത് ഒഖി ദുരന്തത്തില്‍ തീരദേശം ഉറ്റവരെ കാത്ത് അലമുറയിടുന്ന ദിവസങ്ങളില്‍ ഫയല്‍ ഉറങ്ങുകയായിരുന്നു എന്നു സാരം. യഥാര്‍ത്ഥത്തില്‍ ഈ തീരുമാനം നേരത്തെ വന്നിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയുമായിരുന്നില്ലേ എന്നു ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പിലെ സൂചനകള്‍ മനസിലാക്കാന്‍ സാധിക്കാത്തതാണ് സംസ്ഥാനം ജാഗ്രതാ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയത് എന്നതായിരുന്നു പ്രധാന വിമര്‍ശനം. അതോറിറ്റിയില്‍ ഇരിക്കുന്നവര്‍ക്കും ദുരന്ത നിവാരണ സമിതി അംഗങ്ങള്‍ക്കും വേണ്ടത്ര വൈദഗ്ദ്യം ഇല്ല എന്നായിരുന്നു മാധ്യമങ്ങളും പൊതുസമൂഹവും ചൂണ്ടിക്കാട്ടിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് ആ ദിവസങ്ങളില്‍ ബാങ്കൊക്കില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വാര്‍ത്ത. സ്വാഭാവികമായും വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ അതിന്റെ തലപ്പത്ത് ഇരിക്കുന്നയാള്‍ക്ക് ആ മേഖലയില്‍ ഉണ്ടാകുന്ന ഓരോ പുതിയ മാറ്റങ്ങളും മനസിലാക്കാനാനും പഠിക്കാനും ഇത്തരം സെമിനാറുകളിലിഉം മറ്റും പങ്കെടുക്കേണ്ടി വരും. അതേസമയം അദ്ദേഹം ഇല്ലെങ്കിലും ആ ഓഫീസ് കൃത്യമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിവുള്ള ആളുകള്‍ ഉണ്ടായിരിക്കണം. ദുരന്ത നിവാരണ അതോറിറ്റിയില്‍ അത്തരം വൈദഗ്ദ്ധ്യമുള്ളവര്‍ ഉണ്ടായിരുന്നില്ല എന്നാണ് അന്നുയര്‍ന്ന പ്രധാന വിമര്‍ശനം.

http://www.azhimukham.com/newswrap-ockhi-reveals-failure-of-disaster-management-authority/

“രണ്ടു മാസം സെക്രട്ടറിയേറ്റിലെ ദുരന്ത നിവാരണ സെക്ഷനില്‍ നിയമന ഫയല്‍ വെറുതെ കിടന്നു” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ ഈ വിഷയത്തിലെ മുഖ്യ കുറ്റവാളി ആരാണ്? അടിയന്തിരമായി നടത്തേണ്ട നിയമനം വൈകിപ്പിച്ച സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ മേലാളന്‍മാര്‍ തന്നെയല്ലേ?

എന്തായാലും സെക്രട്ടറിയേറ്റിലെ ജീവനക്കാരെ നേര്‍വഴിക്ക് നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ 15 കൊല്ലമായി തുടരുന്ന പഞ്ചിംഗ് സമ്പ്രദായത്തെ ശമ്പള വിതരണം നടത്തുന്ന സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചതാണ് അതിലൊന്ന്. ജനുവരി ഒന്നു മുതല്‍ അത് നടപ്പിലായി തുടങ്ങി. അതോടെ കൃത്യ സമയത്ത് എത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്തു.

http://www.azhimukham.com/newswrap-ockhi-government-failure/

തിങ്കളാഴ്ച രാവിലെ 10.15നകം 3050 പേര്‍ ജോലിക്ക് ഹാജരായി. ആകെ 4497 ജീവനക്കാരാണ് സെക്രട്ടട്ടറിയേറ്റില്‍ ഉള്ളത്. ഒന്നാം തീയതി 946 പേരാണ് വൈകിയെത്തിയത്. 501 പേര്‍ ജോലിക്ക് ഹാജരായില്ല. ഡിസംബര്‍ 28നു കൃത്യസമയത്ത് ജോലിക്ക് ഹാജരായത് 1047 പേരായിരുന്നു. വൈകിയെത്തിയത് 2150 പേരും.

ശമ്പളവും ഹാജരും തമ്മില്‍ ബന്ധിപ്പിച്ചതാണ് കൃത്യസമയത്ത് എത്തുന്നവരുടെ എണ്ണം കൂട്ടിയത്. മൂന്നു ദിവസം തുടര്‍ച്ചയായി വൈകിയാല്‍ ഒരു ദിവസത്തെ അവധിയായി കണക്കാക്കി ശമ്പളം കുറയ്ക്കുന്നതാണ് പുതിയ പരിഷ്ക്കാരം.

http://www.azhimukham.com/news-wrap-each-file-represents-a-life-suicide-of-farmer-at-village-office-is-a-reminder-to-pinarayi-by-saju-komban/

മറ്റൊന്നു കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന് രൂപം കൊടുത്തതാണ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ വകവെക്കാതെ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു ഈ കാര്യത്തില്‍. കെ എ എസിനെ കുറിച്ചു മുന്‍ ചീഫ് സെക്രട്ടറി എം വിജയനുണ്ണി അഴിമുഖത്തില്‍ ഇങ്ങനെ എഴുതുന്നു;

“മറ്റ് സംസ്ഥാന സെക്രട്ടറിയേറ്റുകളിലോ കേന്ദ്ര സെക്രട്ടറിയേറ്റിലോ ഇല്ലാത്ത ഒരു പ്രവണത സംസ്ഥാനത്തുണ്ട്. സെക്രട്ടറിയേറ്റില്‍ ഒരു അസിസ്റ്റ്ന്റ് ആയി വന്ന് അവിടത്തെ ഏറ്റവും മുകളിലെ ഉദ്യോഗം വരെയെത്തുന്ന സാഹചര്യമാണിവിടെയുളളത്. എല്ലാ പ്രമോഷനുകളും സെക്രട്ടറിയേറ്റിലെ തസ്തികകള്‍ക്ക് മാത്രം ലഭിക്കുന്ന ഒരവസ്ഥയാണത്. ആ സ്ഥിതി ഇന്ത്യയിലെവിടെയും ഇല്ല. സെക്രട്ടറിയേറ്റില്‍ ഇരിക്കുന്നവരുടെ പല തരത്തിലുളള നീക്കങ്ങള്‍ കാരണം രാഷ്ട്രീയം നേതൃത്വം അതിന് ഇടം നല്‍കുകയായിരുന്നു. അതിന്റെ ഫലങ്ങള്‍ ഭരണത്തില്‍ കാണാനാകുന്നുമുണ്ട്. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ തന്നെ എല്ലാ പ്രമോഷനും ധനകാര്യം പോലുളള മറ്റ് വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസുകളും കൈയാളുന്ന സ്ഥിതി വിശേഷമായിരുന്നു. അത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമാണ്. ആ സ്ഥിതിയില്‍ കെ എ എസ് വരുന്നതോടെ മാറ്റം പ്രതീക്ഷിക്കാം. മത്സരപരീക്ഷ എഴുതി നല്ല മിടുക്കുളള ഉദ്യോഗസ്ഥരെ ഗസറ്റഡ് പദവിക്കു മുകളില്‍ ലഭിക്കുമെന്നതാണ് കെ എ എസ് കൊണ്ടുളള മറ്റൊരു ഗുണം. മെറിറ്റില്‍ നല്ല മിടുക്കികളേയും മിടുക്കരേയും ലഭിക്കും. ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ ശേഷി അങ്ങനെ നേടിയെടുക്കാനാകും.”

http://www.azhimukham.com/opinion-m-vijayanunni-ias-on-kerala-state-administrative-service/

അധികാരമേറ്റയുടനെ സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ പ്രശസ്തമായ വാചകമാണ് “ഫയലിലെ ജീവിതം” എന്നത്. ദുരന്ത നിവാരണ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് ഫയലില്‍ ഉറങ്ങിയത് കാരണം ഒരു പറ്റം മനുഷ്യര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ ഉറ്റവരെയും ജീവനോപാധികളെയുമാണ്. സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടവും.

http://www.azhimukham.com/newswrap-ockhi-tamil-fisermen-demands-replicate-kerala-compensation-package-in-tamilnadu/

ഒഖി ദുരന്തബാധിതര്‍ക്കുള്ള ധനസഹായം ഫയലില്‍ ഉറങ്ങാന്‍ എന്തായാലും മുഖ്യമന്ത്രി സമ്മതിച്ചില്ല. ദുരന്തം നടന്നു ഒരു മാസത്തിനുള്ളില്‍ തന്നെ ധനസഹായ വിതരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒന്നാം തീയതി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള 20 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായവും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ മറ്റൊരു വാര്‍ത്ത മത്സ്യതൊഴിലാളികള്‍ക്ക് സ്ഥിരം ഭവനം നല്‍കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയില്‍ രണ്ടരക്കൊടി അധികം ചിലവഴിക്കാന്‍ തീരുമാനിച്ചതായുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവനയാണ്. ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കാന്‍ മുട്ടത്തറയില്‍ എത്തിയതായിരുന്നു മന്ത്രി. ഫെബ്രുവരി അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിച്ച് നല്‍കും എന്നു മന്ത്രി അറിയിച്ചു.

http://www.azhimukham.com/newswrap-disaster-reporting-shouldbe-changed/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories