TopTop
Begin typing your search above and press return to search.

കള്ളം പറഞ്ഞ് കുമ്മനം; പ്രതീക്ഷ നശിച്ച് അമിത് ഷാ; കേരള ബിജെപി പെരുവഴിയില്‍

കള്ളം പറഞ്ഞ് കുമ്മനം; പ്രതീക്ഷ നശിച്ച് അമിത് ഷാ; കേരള ബിജെപി പെരുവഴിയില്‍

മെഡിക്കല്‍ കോഴ വിഷയത്തില്‍ ഇന്നലെ ചില കള്ളങ്ങള്‍ കൂടി കുമ്മനം പറഞ്ഞു. കോഴ വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ ബന്ധം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്നായിരുന്നു കുമ്മനം ലോകായുക്തയ്ക്ക് നല്കിയ മൊഴി.

അങ്ങനെയെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് കുമ്മനം ഉത്തരം പറയേണ്ടതുണ്ട്.

1. ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണോ?

2. ബിജെപി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ മെനഞ്ഞുണ്ടാക്കിയ റിപ്പോര്‍ട്ടാണോ?

3. അപ്പോള്‍ പിന്നെ വി.വി രാജേഷിനെ പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കിയത് എന്തിനാണ്? മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ത്തി കൊടുത്തു എന്നായിരുന്നല്ലോ ആരോപണം.

അതിനും കുമ്മനത്തിന് വിശദീകരണമുണ്ട്. ലോകായുക്തയ്ക്ക് നല്കിയ മൊഴിയില്‍ അതിങ്ങനെ വിശദീകരിക്കുന്നു, “ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കെ.പി ശ്രീശനെയും എ.കെ നസീറിനെയും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് പാര്‍ട്ടി നിയോഗിച്ചത്. മെഡിക്കല്‍ കോഴ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ പാര്‍ട്ടി വെച്ചിട്ടില്ല. പാര്‍ട്ടിയുമായി വിഷയത്തിന് യാതൊരു ബന്ധവുമില്ല എന്നാണ് രണ്ടംഗ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പണമിടപാടുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഞാന്‍ കെ.പി ശ്രീശനും എ.കെ നസീറും ഒപ്പിട്ട റിപ്പോര്‍ട്ട് കണ്ടിട്ടില്ല”.

വിഷയത്തിന് പാര്‍ട്ടിയുമായി ബന്ധം ഇല്ലാത്തതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം താന്‍ നടത്തിയിട്ടില്ല എന്നും കുമ്മനം പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനിയാണ് തമാശ. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കുമ്മനം നല്‍കിയ മറുപടിയാണ് ഏറ്റവും വലിയ തമാശ, 'ലോകായുക്ത നല്‍കിയ സമന്‍സിന്റെ കൂടെയാണ് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് താന്‍ കണ്ടത്' എന്ന്!

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍, താന്‍ നിയോഗിച്ച കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് കാണുന്നത് ലോകായുക്ത സമന്‍സിന്റെ കൂടെയാണെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ താങ്കള്‍ യോഗ്യനല്ല എന്നു വിളിച്ചു പറയാന്‍ ഒരു പ്രവര്‍ത്തകനും ആ പാര്‍ട്ടിയില്‍ ഇല്ല എന്നത് നാണക്കേടാണ്. റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ ചോര്‍ന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു കഴിഞ്ഞു. ചാനലുകള്‍ ഘോരഘോരം ചര്‍ച്ച ചെയ്തു. വിജിലന്‍സ് കേസെടുത്തു. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് പ്രമുഖ യുവനേതാവായ വി.വി രാജേഷ് പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കപ്പെട്ടു. ശ്രീശനും നസീറും ചാനലുകളില്‍ വന്നിരുന്നും പത്രങ്ങളോടും തങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ടിനെ കുറിച്ച് വിശദീകരിച്ചു.

എന്നിട്ടും കുമ്മനം മാത്രം അറിഞ്ഞില്ല.

Also Read: അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ് ആര്‍ എജുക്കേഷണല്‍ ആന്‍ഡ് ചാരീറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജി മെയ് 19-നാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കിയത്. ബിജെപി സഹകരണ സെല്‍ ചെയര്‍മാനായ ആര്‍ എസ് വിനോദാണ് കോഴപ്പണം കൈപ്പറ്റിയത്. ഈ പണം ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് കുഴല്‍പ്പണമായി അയച്ചുകൊടുക്കുകയായിരുന്നു എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്.

ജൂലൈ 19, 20 തീയതികളില്‍ വന്ന പത്രങ്ങളും ചാനലുകളും “മെഡിക്കല്‍ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ അഞ്ചു കോടി അറുപത് ലക്ഷം രൂപ കൈപ്പറ്റി”യതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Also Read: ദല്ലാള്‍ ‘സതീശ് നായര്‍ കുമ്മനത്തിന്റെ വലംകൈ’; കൊള്ളാം ‘ഭാവി മുഖ്യമന്ത്രീ’!

ഇത് ബിജെപിയില്‍ തന്നെ വലിയ ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങള്‍ക്കും ഗ്രൂപ്പ് പോരിനും കാരണമായി. റിപ്പോര്‍ട്ടിന്റെ ആധികാരികതയെ കുറിച്ചുള്ള വിവാദത്തില്‍ കേരള ബിജെപി ഘടകം ആടിയുലഞ്ഞു. വര്‍ക്കല കോളേജ് കോഴയുമായി നേരിട്ടു ബന്ധം തെളിയിക്കപ്പെട്ടിട്ടില്ലാത്ത എം.ടി രമേഷിന്റെ പേര്‍ ബോധപൂര്‍വ്വം എഴുതി ചേര്‍ത്തതാണ് എന്ന ആരോപണം ഉയര്‍ന്നു.

പാര്‍ട്ടിക്ക് മിസ് കോള്‍ അടിച്ച 21 ലക്ഷത്തില്‍ മേല്‍ വരുന്ന അജ്ഞാതരെ കണ്ടെത്താനുള്ള 'കാര്യ വിസ്താര്‍ യോജന' എന്ന അമിത് ഷായുടെ സ്വപ്ന പദ്ധതി അവതാളത്തിലായി.

Also Read: ആ പരിപാടിയും പൊളിഞ്ഞു, 21 ലക്ഷം മിസ് കോള്‍ തേടി അമിത് ഷാ വരില്ല

ഇപ്പോഴിതാ സെപ്തംബര്‍ 13 മുതല്‍ 26 വരെ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു ജനരക്ഷാ യാത്രയും വെള്ളത്തിലായിരിക്കുന്നു. പിണറായി വിജയന്റെ നാട്ടില്‍ അടക്കം 100 കിലോമീറ്റര്‍ അമിത് ഷാ യാത്ര നടത്തുമെന്നും ബിജെപിയുടെ വിവിധ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും എന്നും പ്രാഖ്യാപിക്കപ്പെട്ട യാത്രയാണ് ഇപ്പോള്‍ വഴിയാധാരമായിരിക്കുന്നത്. അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ മാത്രമേ ഒഴിവുള്ളൂ പോലും. എന്തായാലും യാത്രയുമായി മുന്‍പോട്ട് പോകാനാണ് തീരുമാനം എന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

അമിത് ഷായ്ക്ക് കേരള ബിജെപിയിലുള്ള പ്രതീക്ഷ നശിച്ചോ?

Also Read: കോഴ, ഹവാല, കള്ളനോട്ട്; കേരള ബിജെപിയില്‍ തല്ല് മുറുകുന്നു


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories