UPDATES

ഹാറ്റ്സ് ഓഫ് ഹനാന്‍…! ഇനി മാതൃഭൂമിയോട് ചില ചോദ്യങ്ങള്‍

ഹനാനൊപ്പം നില്‍ക്കുന്ന ആര്‍ജ്ജവം എന്തേ മാതൃഭൂമി ഹരീഷിനൊപ്പം കാണിച്ചില്ല?

കഥാകാരി എസ് സിതാരയുടെ പോസ്റ്റ് വായിച്ചുകൊണ്ടാണ് ഫേസ്ബുക്ക് തുറന്നത്. Fill ur fb vth positivity. Love the world, love life. #fillYourFbWithPositivity എന്നായിരുന്നു ആ പോസ്റ്റ്. എസ് ഹരീഷിനെതിരെ സൈബര്‍ ഹിന്ദുത്വ വാളെടുത്തപ്പോള്‍ സിതാര ഇങ്ങനെ എഴുതി, ‘സത്യമായും ശ്വാസം മുട്ടുന്നു.’

അതുകഴിഞ്ഞ് താഴോട്ടേക്ക് നോക്കുമ്പോള്‍ ഫേസ്ബുക്ക് സ്ട്രീമില്‍ നിറയെ ഹനാന്‍ എന്ന പെണ്‍കുട്ടിയാണ്. അവളുടെ വിശദീകരണങ്ങള്‍, പിന്തുണ പോസ്റ്റുകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, അവളെ കുറിച്ചുള്ള സാക്ഷ്യങ്ങള്‍, അവളുടെ ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, അവള്‍ പാടിയ മാപ്പിളപ്പാട്ട് ഇങ്ങനെ മലവെള്ളപ്പാച്ചിലാണ്… ഈ മലവെള്ളപ്പാച്ചില്‍ സുക്കര്‍ബര്‍ഗിന്റെ അല്‍ഗോരിതത്തിന്റെ മിടുക്കാണെന് ആര്‍ക്കാണറിയാത്തത്. അതങ്ങനെ പെരുകിക്കൊണ്ടിരിക്കും. മറ്റൊരു വിഷയം കിട്ടുന്നതുവരെ. സൈബര്‍ ലോകം ഇതിനെ വൈറല്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു.

പരമ്പരാഗത മാധ്യമങ്ങള്‍ പോലും ഈ അല്‍ഗോരിതത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു എന്ന് ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജും എഡിറ്റ് പേജും തെളിയിക്കുന്നു. ‘ഹനാന്‍, കേരളം നിന്നോടൊപ്പം’ എന്ന ഒന്നാം പേജ് ടോപ് സ്റ്റോറി അവസാനിക്കുന്നത് ‘ഫേസ്ബുക്ക്, വാട്സാപ്പ് വേട്ടക്കാര്‍ വായിച്ചറിയാന്‍’ എന്ന ഹനാന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത എഡിറ്റ് പേജിലേക്കാണ്.

ഒന്നാം പേജ് വാര്‍ത്ത ഇങ്ങനെ തുടങ്ങുന്നു, “ആള്‍ക്കൂട്ടത്തിന് ഒരു വേട്ടക്കാരന്റെ മനസാണ് എന്നെഴുതിയത് എംടി വാസുദേവന്‍ നായരാണ്. അതിനു എപ്പോഴും ഒരു ഇരയെ വേണം; കടിച്ചു കീറാന്‍, കൊന്നു തിന്നാന്‍.”

ഗംഭീരമായ തുടക്കം. തങ്ങള്‍ കൊണ്ടുവന്ന ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ നവ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന മാതൃഭൂമിയുടെ നിശ്ചയദാര്‍ഡ്യത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. മാധ്യമ ധര്‍മ്മം എന്നു പറയുന്നത് ഇതല്ലാതെ മറ്റെന്താണ്. തങ്ങള്‍ കൊണ്ടുവന്ന വാര്‍ത്ത തങ്ങളുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്ന പ്രൊഫഷണലിസവും.

ആ റിപ്പോര്‍ട്ട് ഇങ്ങനെ അവസാനിക്കുന്നു: “ഹനാന്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇരുന്നു നിന്നെ വേട്ടയാടുന്നവര്‍ മാത്രമല്ല കേരളം. അതിനപ്പുറം നിന്നെ അറിയുന്ന ഒരുപാട് മനുഷ്യര്‍ ഇവിടെയുണ്ട്. അവര്‍ നിന്റെ പോരാട്ടത്തിന് മുന്നില്‍ നമിക്കുന്നു. ഇത്ര ചെറുപ്പത്തിലേ നിന്നില്‍ പ്രകാശിക്കുന്ന ലക്ഷ്യബോധത്തെയും അധ്വാനശീലത്തെയും ആദരിക്കുന്നു. യാത്ര തുടരുക..”

ഇനി എഡിറ്റ് പേജിലേക്ക് നോക്കാം. എന്തൊക്കെയുണ്ട് അവിടെ..?

1. ഹനാനുമായുള്ള അഭിമുഖം 2. കൂടെ താമസിക്കൂന്ന തയ്യല്‍ക്കടക്കാരി മണിയും സഹായി അശ്വതിയും ഹനാനെ കുറിച്ചു പറയുന്നു. 3. ഹനാനെ കുറിച്ച് കളമശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ 4. മീനെടുക്കാന്‍ ഹനാനെയും കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവര്‍ ഷിജു 5. ഹനാന് വീട് വാടകയ്ക്കെടുത്തു കൊടുത്ത ബ്രോക്കര്‍ അഷറഫ് 6. ഹനാനെ തന്റെ അടുത്ത സിനിമയില്‍ അഭിനയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അരുണ്‍ ഗോപി 7. ഹനാന്‍ പഠിക്കുന്ന കോളേജിലെ കെമിസ്ട്രി വിഭാഗം തലവന്‍ 8. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ് 9. പിന്തുണയുമായി വനിതാ കമ്മീഷന്‍ 10. വ്യാഴാഴ്ച വൈകുന്നേരം മീന്‍ വില്‍ക്കാന്‍ തമ്മനത്ത് എത്തിയപ്പോള്‍ പോലീസ് തടഞ്ഞു എന്ന വാര്‍ത്ത.

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല

ഇത്രയും റിപ്പോര്‍ട്ടുകളിലൂടെ സംഭവത്തിന്റെ സമഗ്രമായ ചിത്രം നല്‍കാന്‍ മാതൃഭൂമിക്ക് സാധിച്ചിരിക്കുന്നു. ഒരു പത്രവായനക്കാരനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ കാര്യം. എല്ലാം ഒരു പേജില്‍. ഹനാന്‍ വിഷയത്തില്‍ സംഭവിച്ചതിലെ സത്യാവസ്ഥ അറിയാന്‍ ഈ പേജ് വായിച്ചാല്‍ മാത്രം മതി. പത്രം കൈകൊണ്ട് തൊടാത്ത ‘ന്യൂ ജനറേഷ’ന് വേണ്ടി ഈ വാര്‍ത്തകള്‍ എല്ലാം മാതൃഭൂമിയുടെ ഓണ്‍ലൈനിലും ലഭ്യമാണ്.

ഇനിയാണ് പ്രസക്തമായ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച തന്റെ നോവലിന്റെ പേരില്‍ എസ് ഹരീഷ് എന്ന എഴുത്തുകാരന്‍ സൈബര്‍ അധിക്ഷേപങ്ങള്‍ക്കും കൊലവിളികള്‍ക്കും വിധേയനായി നോവല്‍ പിന്‍വലിച്ച് ഓടേണ്ടിവന്നത് കഴിഞ്ഞ ആഴ്ചയാണ്. ഹനാനൊപ്പം നില്‍ക്കുന്ന മാതൃഭൂമിയുടെ ഇന്നത്തെ ആര്‍ജ്ജവം എന്തേ അന്ന് കണ്ടില്ല? ഇതുപോലൊരു എഡിറ്റ് പേജ്, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിന് നേരെയും നടന്ന ആക്രമണത്തിനെതിരെ, ഹരീഷിന്റെ ഭാര്യയ്ക്ക് നേരെ നടന്ന അധിക്ഷേപത്തിന് എതിരെ, കുട്ടികള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് എതിരെ ഒരു എഡിറ്റോറിയല്‍ അല്ലെങ്കില്‍ ഒരു അന്തിച്ചര്‍ച്ച അന്നുണ്ടായില്ലല്ലോ? അതെന്താണ് മാതൃഭൂമി?

ഹനാന്‍ എന്ന അറബിക് പദത്തിന്റെ അര്‍ത്ഥം ‘അനുതാപം’ എന്നാണ്. ഹീബ്രുവില്‍ അത് ആണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരാണ്. ഹാറ്റ്സ് ഓഫ് ഹനാന്‍..!

ഇതും കൂടി വായിക്കുക; മോഹന്‍ ലാലിനെതിരെ ഗൂഡാലോചന നടത്തി എന്നാരോപിച്ച് പ്രശസ്ത സംവിധായകന്‍ ഡോ. ബിജുവിനും കുടുംബത്തിനും എതിരെ സൈബര്‍ വംശീയ അധിക്ഷേപങ്ങളും കൊലവിളികളും നടത്തുന്നതിനെതിരെ പ്രതിഷേധിക്കുന്നു. ഈ വാര്‍ത്ത മാതൃഭൂമിയില്‍ കണ്ടില്ല കേട്ടോ..

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

ഡോ. ബിജുവിനെയും കുടുംബത്തെയും തീര്‍ത്തുകളയുമെന്നു ഫോണ്‍ കോളുകള്‍; സര്‍ക്കാരിന്റെ മൌനത്തില്‍ ജാതീയത

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍