Top

ആനവണ്ടി കട്ടപ്പുറത്ത്, യാത്രക്കാര്‍ പെരുവഴിയില്‍; നില്‍പ്പ് യാത്ര നിരോധിച്ച കോടതിവിധിയും കീഴാറ്റൂരും തമ്മിലെന്ത്?

ആനവണ്ടി കട്ടപ്പുറത്ത്,  യാത്രക്കാര്‍ പെരുവഴിയില്‍; നില്‍പ്പ് യാത്ര നിരോധിച്ച കോടതിവിധിയും കീഴാറ്റൂരും തമ്മിലെന്ത്?
സൂപ്പര്‍ ക്ലാസ് ബസുകളിലെ നില്‍പ്പ് യാത്രാ വിലക്കും കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ പരിസ്ഥിതി സമരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ബൈപ്പാസ് വന്നാല്‍ കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ ഫാസ്റ്റുകള്‍ പ്രകൃതിമനോഹരമായ കീഴാറ്റൂരിലൂടെ ചീറിപ്പായും എന്നല്ലാതെ? രാഷ്ട്രീയ വാചക കസര്‍ത്തുകള്‍ ഒഴിവാക്കി അടിസ്ഥാന വിഷയങ്ങളിലേക്ക് അന്വേഷണം നീണ്ടാല്‍ അതിനുമപ്പുറമുള്ള ചില ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയും.

എന്തായിരുന്നു ഇന്നലത്തെ ഹൈക്കോടതി വിധി?

കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി തുടങ്ങിയ സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് സര്‍വ്വീസ് നടത്തുന്നത് ഹൈക്കോടതി വിലക്കി എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള മോട്ടോര്‍ വാഹന ചട്ടത്തിലെ വ്യവസ്ഥ പ്രകാരം ആളെ നിര്‍ത്തിക്കൊണ്ട് യാത്ര പോകില്ലെന്ന ഉറപ്പിലാണ് സൂപ്പര്‍ ക്ലാസിന് അധിക നിരക്ക് അനുവദിച്ചതെന്നു ചൂണ്ടിക്കാണിച്ച് പാലായിലെ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നിരക്ക് വര്‍ദ്ധനവ് ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അതേ സമയം വ്യവസ്ഥയില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. സൂപ്പര്‍ ക്ലാസുകള്‍ കെ എസ് ആര്‍ ടി സിക്ക് മാത്രമായി പരിമിതപ്പെടുത്തിയതുകൊണ്ട് പുതിയ ഉത്തരവ് സ്വകാര്യ ബസുകളെ ബാധിക്കില്ല.

വാര്‍ത്ത പുറത്തുവന്ന ഉടനെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന കാര്യം ആനവണ്ടിക്കേറ്റ മറ്റൊരു ഇരുട്ടടി എന്ന മട്ടിലാണ്. കാരണം സ്വതവേ ദുര്‍ബലമായ കെ എസ് ആര്‍ ടി സിക്ക് എന്തെങ്കിലും കുറച്ചു വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത് രാത്രികാല സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളാണ്. നിര്‍ത്തി യാത്ര ചെയ്യുന്നത് നിയമ ലംഘനം ആവുന്നതോടെ ആ വഴി കിട്ടുന്ന വരുമാനത്തിന്റെ പ്രധാന സ്രോതസ് അടയും.

അപ്പോള്‍ എന്താണ് വഴി? ഒരു വണ്ടിക്ക് 5 കോടി നഷ്ടം പേറുന്ന കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും എന്നു കരുതുന്നത് ഒരു ദിവാസ്വപ്നമായിരിക്കും.

http://www.azhimukham.com/ksrtc-save-policies-public-sector-political-will-power/

കെ എസ് ആര്‍ ടി സിയുടെ നഷ്ടത്തെക്കാള്‍ ബാധിക്കുന്ന മറ്റൊരു ഗുരുതര പ്രശ്നം വേറെയുണ്ട്. അത് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ കയ്യില്‍ കാശില്ലാത്ത സാധാരണക്കാരുടെ രാത്രികാല യാത്രകള്‍ കൂടുതല്‍ ദുഷ്ക്കരമാവും എന്ന യാഥാര്‍ഥ്യമാണ്. കെ എസ് ആര്‍ ടിസി ബസുകള്‍ ഒഴിച്ചാല്‍ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേക്കും പാലക്കാട്ടേക്കും പോകാന്‍ രാത്രിയില്‍ ആകെയുള്ള നാലു ട്രെയിനുകളാണ് പൊതുഗതാഗത സംവിധാനം എന്നു പറയുന്നത്. നിലവിലുള്ള യാത്രാ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഇത് ഒട്ടും പര്യാപ്തമല്ല തന്നെ.

വന്‍തുക ഈടാക്കുന്ന സ്വകാര്യ ലക്ഷ്വറി ബസുകളും സ്വകാര്യ വാഹനങ്ങളും കൂടുതലായി റോഡിലേക്കിറങ്ങും എന്ന ഭീഷണിയാണ് തൂങ്ങിനില്‍ക്കുന്നത്. നമ്മുടെ ദേശീയ പാതകള്‍ കൂടുതല്‍ തിരക്കേറിയ പാതകളായി മാറും. ആഡംബര ബസുകള്‍ക്ക് പണം ചിലവഴിക്കാനില്ലാത്ത വാഹനങ്ങള്‍ സ്വന്തമായില്ലാത്ത സാധാരണക്കാര്‍ ട്രെയിനുകളെ മറ്റൊരു വാഗണ്‍ ട്രാജഡി ആക്കി മാറ്റും. ബൈപ്പാസിന് വേണ്ടി വാദിക്കുന്ന വികസന 'ഭ്രാന്തന്‍'മാര്‍ വിലപിക്കുന്നതുപോലെ റോഡുകള്‍ മരണക്കളങ്ങളാകും. കൂടുതല്‍ ഇന്ധനം കത്തിച്ചു വായു കൂടുതല്‍ മലിനമാകും. അങ്ങനെയങ്ങനെ...

അപ്പോള്‍ എന്താണ് വഴി? കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുകയല്ലാതെ?

http://www.azhimukham.com/azhimukham-942/

കീഴാറ്റൂര്‍ ബൈപ്പാസിന് ബദലുകള്‍ എന്തു എന്നു അന്വേഷിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ചില നിരീക്ഷണങ്ങളും നിരത്തുന്ന ചില പ്രധാന കണക്കുകളും ഈ അവസരത്തില്‍ പരമര്‍ശിക്കപ്പെടേണ്ടതാണ്. പരിഷത്ത് പഠനത്തിന്റെ ചില ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു;

“വാഹനപ്പെരുപ്പത്തിന്റെ തോത് ക്രമാതീതമായതോടെ നിലവിലുള്ള റോഡുകള്‍ സുഗമമായ ഗതാഗതത്തിന് മതിയാകാതെ വന്നിരിക്കുന്നു. റോഡുകളുടെ വീതികൂട്ടുന്നതും പുതിയ റോഡുകള്‍ നിര്‍മിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഒരുവിധത്തിലും കുന്നുകള്‍ ഇടിക്കാതെയും വയലുകള്‍ നികത്താതെയും റോഡ് വികസനം സാധ്യമല്ല എന്ന് വ്യക്തം. അപ്പോള്‍ ഈ സങ്കീര്‍ണാവസ്ഥയെ എങ്ങനെ മറികടക്കാനാവും?”

നാല് കാര്യങ്ങളാണ് ജനപക്ഷവും സ്ഥായിയുമായ വികസനകാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കെ എസ് എസ് പി നിര്‍ദ്ദേശിക്കുന്നത്. അതില്‍ ആദ്യത്തെ രണ്ടെണ്ണം പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രാധ്യാന്യം അര്‍ഹിക്കുന്നു.

1. പൊതുഗതാഗതം ശക്തിപ്പെടുത്തിയും ശാസ്ത്രീയമാക്കിയും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം പരമാവധി കുറയ്ക്കുക.
2. സ്വകാര്യവാഹനപ്പെരുപ്പത്തെ വിവിധരീതിയില്‍ നിയന്ത്രിക്കുക. നികുതികള്‍, ഫീസുകള്‍, സമയനിയന്ത്രണം, പ്രവേശനം, വഴി തിരിച്ചുവിടല്‍. ഇവയൊക്കെ ഉപയോഗപ്പെടുത്താം.

പരിഷത്ത് പഠനത്തില്‍ വാഹന പെരുപ്പത്തിന്റെ ചില കണക്കുകളുടെ പട്ടികയും കൊടുത്തിട്ടുണ്ട്.എന്തായാലും പുതിയ കോടതി വിധി ഉപഭോക്തൃ അവകാശത്തെ കുറിച്ചു മാത്രമല്ല പൊതുഗതാഗത സംവിധാനത്തെയും സംസ്ഥാനത്തെ ഹൈവേകളുടെ വികസനത്തെയും കീഴാറ്റൂരിലടക്കം ഉന്നയിക്കപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും ഒക്കെ സമഗ്രമായ കാഴ്ചപ്പാടോടെ വിലയിരുത്താനും പ്രായോഗിക നടപടികള്‍ എന്തു എന്ന അന്വേഷണത്തിന് തുടക്കം കുറിക്കാനും കാരണമാകും എന്നു പ്രതീക്ഷിക്കാം.

അതുവരേക്കും ആനവണ്ടി കട്ടപ്പുറത്ത് തന്നെ. രാത്രി യാത്രക്കാര്‍ പെരുവഴിയിലും.

https://www.azhimukham.com/keralam-keezhattor-bypass-there-are-alternatives-study-by-keralasasthrasahithyaparishad/
Next Story

Related Stories