Top

ലോകത്തെ സ്വാധീന ശക്തിയുള്ള മലയാളി സ്ത്രീയായി ബിബിസി തെരഞ്ഞെടുത്ത വിജി പെണ്‍കൂട്ടിനെ നമ്മുടെ നിയമസഭ അപമാനിച്ചത് ഇങ്ങനെയാണ്

ലോകത്തെ സ്വാധീന ശക്തിയുള്ള മലയാളി സ്ത്രീയായി ബിബിസി തെരഞ്ഞെടുത്ത വിജി പെണ്‍കൂട്ടിനെ നമ്മുടെ നിയമസഭ അപമാനിച്ചത് ഇങ്ങനെയാണ്
കേരള നിയമസഭയുടെ വെബ്സൈറ്റിന്റെ ഹോം പേജില്‍ ഇന്നത്തെ വാക്കായി കൊടുത്തിരിക്കുന്നത് malaise ആണ്. ആകുലത, വൈക്ലബ്യം എന്നൊക്കെയാണ് അര്‍ത്ഥം നല്കിയിരിക്കുന്നത്.

എന്തായാലും വളരെ കിറുകൃത്യമായ തെരഞ്ഞെടുപ്പാണ് ഈ വാക്ക് എന്നു പറയാതെ വയ്യ. ഇന്നലത്തെയും ഇന്നത്തേയും നിയമ സഭാ നടപടികളിലൂടെ കടന്നു പോകുന്ന ഒരു ജനാധിപത്യ വിശ്വാസി എത്രത്തോളം ആകുലനായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ഭാഷാ അദ്ധ്യാപകന്‍ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മനസറിഞ്ഞ തിരഞ്ഞെടുപ്പ്.

പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നിയമ നിര്‍മ്മാണങ്ങളുടെ കാര്യത്തിനായിരിക്കും ഉപയോഗിക്കുക എന്നു നിയമ സഭ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള പതിമൂന്നു ബില്ലുകളാണ് നമ്മുടെ നിയമ നിര്‍മ്മാതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടത്. കൂടാതെ പ്രസിദ്ധീകരിച്ചതും അവതരിപ്പിക്കാത്തതുമായ 31 ബില്ലുകളും പ്രസിദ്ധീകരിക്കാനുള്ള 10 ബില്ലുകളും ഈ സമ്മേളനത്തിന്റെ പരിഗണനയില്‍ വരും എന്നു ബുള്ളറ്റിന്‍ പറയുന്നു. എന്നാല്‍ രണ്ടാം ദിവസമായ ഇന്നലെ സംഭവിച്ചത് എന്താണ്?

അത് ഇന്നലെ ചാനലുകളിലൂടെയും നിയമസഭയുടെ വെബ് കാസ്റ്റിംഗിലൂടെയും ജനങ്ങള്‍ കണ്ടതാണ്. അതിനെ കുറിച്ചാണ് ഗവര്‍ണ്ണര്‍ ഇന്നലെ താക്കീതിന്‍റെ സ്വരത്തില്‍ പറഞ്ഞത്. “നിയമസഭ നടപടികള്‍ ജനങ്ങള്‍ കാണുന്നുണ്ട് എന്ന ഓര്‍മ്മ വേണം. സഭയില്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഇത് സഭാ നടപടികളെ ബാധിക്കുന്ന തരത്തില്‍ ആകരുത്”. മമ്പാട് എം ഇ എസ് കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് നിയമജ്ഞന്‍ കൂടിയായ ഗവര്‍ണ്ണര്‍ പി സദാശിവം ഇങ്ങനെ പറഞ്ഞത്.

ഇന്നലത്തെ നിയമ സഭാ നടപടികള്‍ ജനാധിപത്യത്തിലും ഗവേര്‍ണന്‍സിലും വിശ്വസിക്കുന്നവരെ ആകുലരാക്കും എന്നു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 സ്ത്രീകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഒരു പോരാളിയെ അപമാനിക്കുക കൂടിയാണ് ഇന്നലെ നമ്മുടെ ജനപ്രതിനിധികള്‍ ചെയ്തത്.

ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള 100 സ്ത്രീകളില്‍ ഒരു മലയാളിയും എന്ന വാര്‍ത്ത വന്നത് ഈ മാസം 19നാണ്. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശത്തിന് വേണ്ടി പോരാടിയ വിജി പെണ്‍കൂട്ട് ആണ് പട്ടികയില്‍ ഇടം പിടിച്ചത്. 15 മുതല്‍ 94 വയസ് വരെയുള്ള സ്ത്രീകളെയാണ് ബിബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 100ല്‍ 73ാമതായാണ് വിജിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിജി എന്തിന് വേണ്ടിയാണോ പോരാടിയത് അത് നിയമമാകുന്ന ബില്‍ പ്രസ്തുത വകുപ്പ് മന്ത്രി നിയമ സഭയില്‍ അവതരിപ്പിച്ചതിന് ശേഷം നമ്മുടെ നിയമ നിര്‍മ്മാതാക്കള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല എന്നതാണ് അലോസരപ്പെടുത്തുന്ന കാര്യം. കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പിക്കുന്ന ബില്ലാണ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. “ശബരിമല പ്രശ്നങ്ങളെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം കാരണം ബില്ലിനെ കുറിച്ച് ചര്‍ച്ച നടന്നില്ല. ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.” എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങളോടെ ബില്‍ സഭയില്‍ എത്തുമെങ്കിലും ബില്ലില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാനുള്ള സുപ്രധാനമായ അവസരമാണ് നിയമസഭാ കളഞ്ഞുകുളിച്ചത്. പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി നിയമ ഭേദഗതികളും ഇന്നലെ ചര്‍ച്ച നടക്കാതെ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയുണ്ടായി.

ഇന്നലെ നടന്നതിന് സമാനമായ രംഗങ്ങളാണ് ഇന്നും നിയമസഭയില്‍ അരങ്ങേറിയത്. ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഇന്നും പ്രതിപക്ഷ എം എല്‍ എമാര്‍ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ശക്തമായ വാക് പോര് നടന്നു. ശബരിമലയില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊടുത്ത അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം ശക്തമാക്കിയത്. തുടര്‍ന്ന് നടപടികള്‍ വേഗം പൂര്‍ത്തിയാക്കി നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ പ്രകടനമായി പുറത്തേക്കും.

തൃശൂര്‍ കല്യാണ്‍ സില്‍ക്സിന് മുന്പില്‍ ഇരുന്നു സമരം ചെയ്ത മായ അഴിമുഖത്തോട് മുന്‍പൊരിക്കല്‍ ഇങ്ങനെ പറഞ്ഞു, “സമരം ചെയ്തത് കൊണ്ടും കേസിനു പോയത് കൊണ്ടും എന്താണ് നേട്ടം എന്നു ചോദിക്കുന്നവരുണ്ട്. നേട്ടമൊന്നും ഉണ്ടായിട്ടല്ല. സ്വന്തം തൊഴിലിടങ്ങളിൽ അർഹിക്കുന്ന അവകാശങ്ങൾ ഇനി വരുന്ന തലമുറയ്ക്കെങ്കിലും കിട്ടണം.”

ഈ വാക്കുകളില്‍ തിളയ്ക്കുന്ന ജീവിതവും പ്രതിഷേധവും പ്രതീക്ഷയും ഒന്നും നിങ്ങളുടെ പ്ലാസ്റ്റിക് പ്രസ്താവനകള്‍ക്ക് ഇല്ല എം എല്‍ എമാരെ. ശബരിമലയില്‍ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇരിക്കാനും മൂത്രമൊഴിക്കാനും സമരം ചെയ്യുന്നവരുടെ ജീവിത പ്രതിസന്ധികള്‍ക്ക് എന്തു പ്രസക്തി അല്ലേ?

ഇനി നമ്മുടെ ജനപ്രതിനിധികളോട് ഒരു ചോദ്യം. ഒന്നും നടക്കാത്ത നിയമസഭയില്‍ പോയി ഇരുന്നതിനുള്ള സിറ്റിംഗ് ഫീ നിങ്ങള്‍ വേണ്ടെന്ന് വെക്കുമോ?

ചോദിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം അത് ഞങ്ങളുടെ പണം ആണല്ലോ? മിഠായി തെരുവിലും കല്യാണ്‍ സില്‍ക്ക്സിലും നിരവധി വ്യാപാര സമുച്ചയങ്ങളിലും ഒക്കെ മണിക്കൂറുകളോളം നിന്നു പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെ തുച്ഛമായ കൂലിക്കാശാണല്ലോ?

https://www.azhimukham.com/keralam-fair-lmplementation-of-shops-and-establishment-act-is-needed-reports-anjali/

https://www.azhimukham.com/offbeat-shopsandestablisments-act-amendment-is-the-direct-result-of-irikkal-protest-writes-saju/

https://www.azhimukham.com/sales-girls-strike-kalyan-sarees-thrissur-irippu-samaram/

https://www.azhimukham.com/offbeat-if-women-are-ready-to-do-work-during-night-why-they-are-stopped-cppr/

https://www.azhimukham.com/thrissur-kalyan-sarees-sails-girls-strike-irippu-samaram-transfer-amtu-padmini/

Next Story

Related Stories